Nanpakal Nerathu Mayakkam : സിംഗിള്‍ ഷോട്ടിലെ മമ്മൂട്ടി നടനം; 'നന്‍പകല്‍ നേരത്ത് മയക്കം' ടീസര്‍
മമ്മൂട്ടി കമ്പനി എന്ന പേരില്‍ മമ്മൂട്ടി ആരംഭിച്ച പുതിയ നിര്‍മ്മാണ കമ്പനിയുടെ ആദ്യ ചിത്രം
യുവതലമുറയിലെ ശ്രദ്ധേയ സംവിധായകനായ ലിജോ ജോസ് പെല്ലിശ്ശേരി (Lijo Jose Pellissery) ആദ്യമായി മമ്മൂട്ടിക്കൊപ്പം (Mammootty) ഒന്നിക്കുന്ന ചിത്രം എന്ന നിലയില്‍ പ്രഖ്യാപന സമയം മുതലേ പ്രേക്ഷകശ്രദ്ധയിലുള്ള ചിത്രമാണ് നന്‍പകല്‍ നേരത്ത് മയക്കം (Nanpakal Nerathu Mayakkam). ചിത്രത്തിന്‍റെ ആദ്യ ടീസര്‍ മാര്‍ച്ചില്‍ പുറത്തുവിട്ടിരുന്നു അണിയറക്കാര്‍. ഇപ്പോഴിതാ ചിത്രത്തിന്‍റെ ഒരു പുതിയ ടീസറും പുറത്തെത്തിയിരിക്കുകയാണ്. ആദ്യത്തേതില്‍ നിന്നും ഏറെ വ്യത്യസ്‍തമാണ് രണ്ടാം ടീസര്‍. ഒരു നാടന്‍ ചാരായ ഷാപ്പിന്‍റെ പശ്ചാത്തലത്തിലുള്ള സീന്‍ ആണ് ടീസറില്‍. സമീപത്തെ സിനിമാ തിയറ്ററില്‍ നിന്നോ ടെലിവിഷനില്‍ നിന്നോ മുഴങ്ങുന്ന ഒരു തമിഴ് സിനിമയിലെ നായക കഥാപാത്രത്തിന്‍റെ ഡയലോഗിനൊപ്പം അഭിനയിച്ച് തകര്‍ക്കുകയാണ് മമ്മൂട്ടിയുടെ കഥാപാത്രം. ഒരു മിനിറ്റോളം നീളുന്ന ഒരു സിംഗിള്‍ സ്റ്റാറ്റിക് ഷോട്ട് ആണ് ടീസറില്‍ എന്നതും പ്രത്യേകതയാണ്.
മമ്മൂട്ടി കമ്പനി എന്ന പേരില്‍ മമ്മൂട്ടി ആരംഭിച്ച പുതിയ നിര്‍മ്മാണ കമ്പനിയുടെ ആദ്യ ചിത്രം കൂടിയാണ് ഇത്. ആമേന്‍ മൂവി മൊണാസ്ട്രിയുടെ ബാനറില്‍ ലിജോയ്ക്കും നിര്‍മ്മാണ പങ്കാളിത്തമുണ്ട്. ലിജോയുടെ തന്നെ കഥയ്ക്ക് എസ് ഹരീഷ് ആണ് തിരക്കഥ ഒരുക്കിയിരിക്കുന്നത്. ഛായാഗ്രഹണം തേനി ഈശ്വര്‍, എഡിറ്റിംഗ് ദീപു ജോസഫ്, ചീഫ് അസോസിയേറ്റ് ഡയറക്ടര്‍ ടിനു പാപ്പച്ചന്‍, ലൈന്‍ പ്രൊഡ്യൂസര്‍മാര്‍ ആന്‍സണ്‍ ആന്‍റണി, സുനില്‍ സിംഗ്, കലാസംവിധാനം ഗോകുല്‍ ദാസ്, മേക്കപ്പ് റോണക്സ് സേവ്യര്‍, സൗണ്ട് ഡിസൈന്‍ രംഗനാഥ് രവി, സൗണ്ട് മിക്സ് ഫസല്‍ എ ബക്കര്‍, പ്രൊഡക്ഷന്‍ കണ്‍ട്രോളര്‍ എല്‍ ബി ശ്യാംലാല്‍, വസ്ത്രാലങ്കാരം മെല്‍വി ജെ, സ്റ്റില്‍സ് അര്‍ജുന്‍ കല്ലിങ്കല്‍, ഡിസൈന്‍ ബല്‍റാം ജെ. ചിത്രത്തിനുവേണ്ടി കെ പി മുരളീധരന്‍ വരച്ച പോസ്റ്ററുകള്‍ സോഷ്യല്‍ മീഡിയയില്‍ ഏറെ ശ്രദ്ധ നേടിയിരുന്നു.
ALSO READ : 'ഏജന്‍റി'ന്‍റെ പുതിയ അപ്‍ഡേറ്റ്, വീഡിയോ പങ്കുവെച്ച് മമ്മൂട്ടി
പൂര്‍ണ്ണമായും തമിഴ്നാട് പശ്ചാത്തലമാക്കുന്ന സിനിമയുടെ ചിത്രീകരണം വേളാങ്കണ്ണിയിലാണ് ആരംഭിച്ചത്. പഴനി ആയിരുന്നു പ്രധാന ലൊക്കേഷന്‍. ആ സമയത്ത് തമിഴ്നാട്ടില്‍ ഉണ്ടായിരുന്ന പ്രതികൂല കാലാവസ്ഥയെ മറികടന്ന് 28 ദിവസത്തെ ഒറ്റ ഷെഡ്യൂളിലാണ് ലിജോ സിനിമയുടെ ചിത്രീകരണം പൂര്‍ത്തിയാക്കിയത് അശോകനാണ് മറ്റൊരു പ്രധാന കഥാപാത്രത്തെ അവതരിപ്പിക്കുന്നത്. 'അമരം' കഴിഞ്ഞ് 30 വര്‍ഷത്തിനു ശേഷം അശോകനും മമ്മൂട്ടിയും ഒരുമിച്ച് അഭിനയിക്കുന്ന ചിത്രം എന്നതും പ്രേക്ഷകരില്‍ കൗതുകമുണര്‍ത്തുന്ന ഘടകമാണ്. രമ്യ പാണ്ഡ്യനും ഒരു പ്രധാന കഥാപാത്രത്തെ അവതരിപ്പിക്കുന്നു. മമ്മൂട്ടിയും മലയാളത്തിലെ യുവ സംവിധായക നിരയിലെ ഏറ്റവും ശ്രദ്ധേയനായ ലിജോ ജോസ് പെല്ലിശ്ശേരിയും ഒന്നിക്കുന്ന ചിത്രം എന്ന നിലയില്‍ ഇതിനകം വലിയ പ്രേക്ഷകശ്രദ്ധ നേടിയിട്ടുള്ള ചിത്രമാണ് നന്‍പകല്‍ നേരത്ത് മയക്കം. ചിത്രത്തിലെ മമ്മൂട്ടിയുടെ കഥാപാത്രത്തെക്കുറിച്ചോ ചിത്രത്തിന്‍റെ സ്വഭാവത്തെക്കുറിച്ചോ വിവരങ്ങളൊന്നും ലിജോ പുറത്തുവിട്ടിട്ടില്ല.