Minnal Murali Trailer 2: മലയാളത്തിലെ ആദ്യ സൂപ്പര്‍ഹീറോ എത്താന്‍ മൂന്നാഴ്ച; 'മിന്നല്‍ മുരളി' ബോണസ് ട്രെയ്‍ലര്‍
നെറ്റ്ഫ്ളിക്സിന്‍റെ ക്രിസ്‍മസ് റിലീസ്
ടൊവീനോ തോമസിനെ (Tovino Thomas) നായകനാക്കി ബേസില്‍ ജോസഫ് (Basil Joseph) സംവിധാനം ചെയ്യുന്ന 'മിന്നല്‍ മുരളി'യുടെ (Minnal Murali) ബോണസ് ട്രെയ്‍ലര്‍ നെറ്റ്ഫ്ളിക്സ് (Netflix) പുറത്തിറക്കി. ഡയറക്റ്റ് ഒടിടി റിലീസ് ആയി നെറ്റ്ഫ്ളിക്സിലൂടെ എത്തുന്ന ചിത്രം ക്രിസ്‍മസ് റിലീസ് ആണ്. നേരത്തെ എത്തിയ ട്രെയ്‍ലര്‍, ടീസര്‍ അടക്കമുള്ള പബ്ലിസിറ്റി മെറ്റീരിയലുകള്‍ക്ക് വന്‍ സ്വീകാര്യതയാണ് ലഭിച്ചത്. മലയാളത്തിലെ ആദ്യ സൂപ്പര്‍ഹീറോ ചിത്രം എന്ന വിശേഷണത്തോടെ എത്തുന്ന ചിത്രം സിനിമാപ്രേമികള്‍ ഏറ്റവുമധികം കാത്തിരിക്കുന്ന സിനിമ കൂടിയാണ്.
കേരളത്തിലെ ഒരു ചെറുപട്ടണത്തില്‍ സാധാരണ ജീവിതം നയിച്ചുവരുന്ന മുരളി എന്ന ചെറുപ്പക്കാരന്‍റെ ജീവിതത്തില്‍ സംഭവിക്കുന്ന ചില അസ്വാഭാവികതകളിലൂന്നിയാണ് ചിത്രത്തിന്‍റെ മുന്നോട്ടുപോക്ക്. ഒരിക്കല്‍ ഇടിമിന്നല്‍ ഏശുന്ന മുരളിക്ക് ചില അതീന്ദ്രീയ ശക്തികള്‍ ലഭിച്ച് 'മിന്നല്‍ മുരളി'യായി മാറുകയാണ്. ടൊവീനോ തോമസ് ആണ് മുരളിയെ അവതരിപ്പിച്ചിരിക്കുന്നത്. ഗുരു സോമസുന്ദരം, അജു വർഗീസ്, ബൈജു, ഹരിശ്രീ അശോകൻ, ഫെമിന ജോർജ് എന്നിവരും പ്രധാന കഥാപാത്രങ്ങളെ അവതരിപ്പിക്കുന്നു. അരുൺ അനിരുദ്ധൻ, ജസ്റ്റിൻ മാത്യു എന്നിവരുടേതാണ് രചന. ഛായാഗ്രഹണം സമീര്‍ താഹിര്‍. സംഗീതം ഷാന്‍ റഹ്മാന്‍.
വീക്കെൻഡ് ബ്ലോക്ക്ബസ്റ്റേഴ്സിന്‍റെ ബാനറിൽ സോഫിയ പോൾ നിര്‍മ്മിച്ചിരിക്കുന്ന ചിത്രം മലയാളത്തിനു പുറമെ തമിഴ്, തെലുങ്ക്, കന്നഡ, ഹിന്ദി ഭാഷകളിലും ചിത്രം എത്തും. 'ഗോദ' എന്ന വിജയചിത്രത്തിനു ശേഷം ടൊവീനോയും ബേസിൽ ജോസഫും ഒരുമിക്കുന്ന ചിത്രവുമാണിത്. ചിത്രത്തിലെ രണ്ട് വമ്പൻ സംഘട്ടനങ്ങൾ സംവിധാനം ചെയ്‍തിരിക്കുന്നത് ബാറ്റ്മാൻ, ബാഹുബലി, സുൽത്താൻ തുടങ്ങിയ ചിത്രങ്ങൾക്ക് പിന്നിൽ പ്രവർത്തിച്ച വ്ളാഡ് റിംബർഗാണ്.