ജാന്‍വി കപൂറിന്‍റെ 'ഹെലന്‍'; ബോളിവുഡ് ചിത്രം 'മിലി'യുടെ ട്രെയ്‍ലര്‍
മലയാളത്തില്‍ ചിത്രം സംവിധാനം ചെയ്‍ത മാത്തുക്കുട്ടി സേവ്യര്‍ തന്നെയാണ് ഹിന്ദി റീമേക്കും ഒരുക്കുന്നത്
മലയാളത്തില്‍ പ്രേക്ഷകാംഗീകാരം നേടിയ ചിത്രമായിരുന്നു അന്ന ബെന്‍ ടൈറ്റില്‍ കഥാപാത്രത്തെ അവതരിപ്പിച്ച് 2019ല്‍ പുറത്തെത്തിയ ഹെലന്‍. ചിത്രത്തിന്‍റെ ഒഫിഷ്യല്‍ ഹിന്ദി റീമേക്ക് 2020 ല്‍ പ്രഖ്യാപിച്ചതാണ്. ഇപ്പോഴിതാ ഈ ചിത്രം തിയറ്റര്‍ റിലീസിന് ഒരുങ്ങുകയാണ്. മിലി എന്ന് പേരിട്ടിരിക്കുന്ന ചിത്രം നിര്‍മ്മിക്കുന്നത് പ്രമുഖ നിര്‍മ്മാതാവ് ബോണി കപൂര്‍ ആണ്. ബോണി കപൂറിന്‍റെയും ശ്രീദേവിയുടെയും മകള്‍ ജാന്‍വി കപൂര്‍ ആണ് ചിത്രത്തിലെ ടൈറ്റില്‍ കഥാപാത്രത്തെ അവതരിപ്പിക്കുന്നത്. ചിത്രത്തിന്‍റെ രണ്ടാമത്തെ ട്രെയ്‍ലര്‍ അണിയറക്കാര്‍ പുറത്തുവിട്ടു.
മലയാളത്തില്‍ ചിത്രം സംവിധാനം ചെയ്‍ത മാത്തുക്കുട്ടി സേവ്യര്‍ തന്നെയാണ് ഹിന്ദി റീമേക്കും ഒരുക്കുന്നത്. ഒരു ഷോപ്പിംഗ് മാളിലെ ഭക്ഷണവിപണന ശാലയിലെ ജീവനക്കാരിയായ പെണ്‍കുട്ടി യാദൃശ്ചികമായി ഷോപ്പിലെ വമ്പന്‍ ഫ്രീസറില്‍ പെട്ടുപോകുന്നതായിരുന്നു ഹെലന്‍റെ പ്ലോട്ട്. അവളുടെ ഒരു രാത്രിയിലെ അതിജീവനവും. ദേശീയ, സംസ്ഥാന പുരസ്കാരങ്ങളടക്കം ഒട്ടേറെ അംഗീകാരങ്ങളും നേടിയിരുന്നു ഹെലന്‍. മികച്ച നവാഗത സംവിധായകനുള്ള ദേശീയ പുരസ്കാരം മാത്തുക്കുട്ടി സേവ്യറിന് ലഭിച്ചിരുന്നു. ഹാബിറ്റ് ഓഫ് ലൈഫിന്‍റെ ബാനറില്‍ വിനീത് ശ്രീനിവാസന്‍ ആയിരുന്നു ചിത്രത്തിന്‍റെ നിര്‍മ്മാണം.
2018ല്‍ പുറത്തെത്തിയ ധഡക് എന്ന ചിത്രത്തിലൂടെയാണ് ജാന്‍വി കപൂര്‍ ബോളിവുഡില്‍ അരങ്ങേറിയത്. ബോണി കപൂര്‍ നിര്‍മ്മിക്കുന്ന ഒരു ചിത്രത്തിലൂടെയാവും ജാന്‍വിയുടെ അരങ്ങേറ്റമെന്ന് ബോളിവുഡ് വൃത്തങ്ങളില്‍ സംസാരമുണ്ടായിരുന്നുവെങ്കിലും ധഡകിന്‍റെ നിര്‍മ്മാണം കരണ്‍ ജോഹര്‍ ആയിരുന്നു. അതേ സമയം സീ സ്റ്റുഡിയോസും മിലിയുടെ സഹനിര്‍മ്മാതാക്കള്‍ ആണ്. എ ആര്‍ റഹ്‍മാന്‍ ആണ് ചിത്രത്തിന് സംഗീതം പകരുന്നത്. ജാവേദ് അഖ്തറുടേതാണ് വരികള്‍. നെറ്റ്ഫ്ലിക്സ് ആണ് ചിത്രത്തിന്‍റെ സ്ട്രീമിംഗ് പാര്‍ട്നര്‍.