ആക്ഷന്‍ ത്രില്ലറുമായി വിജയ് ആന്‍റണി; 'മഴൈ പിടിക്കാത്ത മനിതന്‍' ടീസര്‍
വിജയ് മില്‍ട്ടണ്‍ സംവിധാനം ചെയ്യുന്ന ആക്ഷന്‍ ത്രില്ലര്‍
വിജയ് ആന്‍റണി നായകനാവുന്ന പുതിയ ചിത്രമാണ് മഴൈ പിടിക്കാത്ത മനിതന്‍. വിജയ് മില്‍ട്ടണ്‍ സംവിധാനം ചെയ്യുന്ന ആക്ഷന്‍ ത്രില്ലര്‍ ചിത്രം തിയറ്ററുകളിലെത്താന്‍ ഒരുങ്ങുകയാണ്. ചിത്രത്തിന്‍റെ ടീസര്‍ അണിയറക്കാര്‍ പുറത്തുവിട്ടു. 1.23 മിനിറ്റ് ദൈര്‍ഘ്യമുള്ള ടീസര്‍ ആണ് പുറത്തെത്തിയിരിക്കുന്നത്. ശരത് കുമാര്‍, സത്യരാജ്, മേഘ ആകാശ് എന്നിവരാണ് ചിത്രത്തില്‍ മറ്റ് ശ്രദ്ധേയ കഥാപാത്രങ്ങളെ അവതരിപ്പിച്ചിരിക്കുന്നത്.
കന്നഡ സിനിമയിലെ രണ്ട് ശ്രദ്ധേയ താരങ്ങളുടെ കോളിവുഡ് അരങ്ങേറ്റം കൂടിയാണ് ഈ ചിത്രം. ധനഞ്ജയയും പൃഥ്വി അമ്പാറുമാണ് അത്. ശരണ്യ പൊന്‍വണ്ണന്‍, മുരളി ശര്‍മ്മ, തലൈവാസല്‍ വിജയ്, സുരേന്ദര്‍ താക്കൂര്‍, പ്രണിതി, രമണ തുടങ്ങിയവരും ചിത്രത്തില്‍ അഭിനയിച്ചിരിക്കുന്നു. ക്യാപ്റ്റന്‍ വിജയകാന്തിനുള്ള ആദരമാണ് ഈ ചിത്രമെന്ന് റിപ്പോര്‍ട്ടുകള്‍ ഉണ്ടായിരുന്നു.
2021 ല്‍ ഈ ചിത്രം ആരംഭിക്കുമ്പോള്‍ വിജയകാന്ത് സാറിനെ അഭിനയിപ്പിക്കണമെന്നായിരുന്നു ഞങ്ങള്‍ക്ക്. അതിനായി ശ്രമിക്കുകയും ചെയ്തു. പക്ഷേ അദ്ദേഹത്തിന്‍റെ അനാരോഗ്യം കാരണം അത് സാധിച്ചില്ല. അദ്ദേഹത്തിന്‍റെ മരണശേഷം എഐ ടെക്നോളജി വഴിയെങ്കിലും അദ്ദേഹത്തെ സ്ക്രീനില്‍ എത്തിക്കാന്‍ ഞങ്ങള്‍ ആഗ്രഹിച്ചു. അദ്ദേഹം ഈ സിനിമയില്‍ വേണമെന്ന് അത്രയ്ക്കുമുണ്ടായിരുന്നു ഞങ്ങള്‍ക്ക്. പക്ഷേ ചില പ്രശ്നങ്ങള്‍ കാരണം അത് നടന്നില്ല. അതിനാല്‍ സത്യരാജ് സാറിനെ ആ റോളിലേക്ക് കാസ്റ്റ് ചെയ്തു, നിര്‍മ്മാതാവ് ധനഞ്ജയന്‍ പറഞ്ഞിരുന്നു.
ദാമന്‍- ദിയുവിലാണ് സിനിമയുടെ പ്രധാന ഭാഗങ്ങള്‍ ചിത്രീകരിച്ചിരിക്കുന്നത്. ഒരു തമിഴ് സിനിമ ആദ്യമായാണ് ഇവിടെ ചിത്രീകരിച്ചത്. സംവിധായകന്‍ വിജയ് മില്‍ട്ടണ്‍ തന്നെയാണ് ചിത്രത്തിന്‍റെ ഛായാഗ്രഹണവും നിര്‍വ്വഹിച്ചിരിക്കുന്നത്. സംഗീതം അച്ചു രാജാമണി, വിജയ് ആന്‍റണി, എഡിറ്റിംഗ് കെ എല്‍ പ്രവീണ്‍.
ALSO READ : ഉണ്ണി മുകുന്ദന്‍ ചിത്രം 'മാർക്കോ'യുടെ സെറ്റിൽ ജന്മദിനാഘോഷങ്ങള്‍