'ഇനി ഇവിടെ ഞാന്‍ മതി'; ആക്ഷന്‍ ടീസറുമായി 'മാര്‍ക്കോ' ടീം
സിനിമയിലെ സംഘട്ടനങ്ങൾ ഒരുക്കിയിരിക്കുന്നത് പ്രമുഖ ആക്ഷൻ ഡയറക്ടർ കലൈ കിംഗ്‍സണ്‍ ആണ്
മലയാള സിനിമയെ സംബന്ധിച്ച് ആഹ്ലാദിക്കാന്‍ വകയുള്ള വര്‍ഷമായിരുന്നു 2024. മലയാളത്തിലെ ഏറ്റവും വലിയ 10 ഹിറ്റുകളില്‍ ആറെണ്ണവും ഈ വര്‍ഷമാണ് പിറന്നത്. വര്‍ഷാവസാനമെത്തിയ മറ്റൊരു ചിത്രം തിയറ്ററുകളില്‍ ഇപ്പോള്‍ തരംഗമാവുകയാണ്. ഉണ്ണി മുകുന്ദനെ നായകനാക്കി ഹനീഫ് അദേനി സംവിധാനം ചെയ്ത ചിത്രമാണ് അത്. വെള്ളിയാഴ്ച തിയറ്ററുകളിലെത്തിയ ചിത്രം മികച്ച കളക്ഷനാണ് നേടുന്നത്. ഇപ്പോഴിതാ ചിത്രത്തിന്‍റെ ഒരു ആക്ഷന്‍ ടീസര്‍ പുറത്തിറക്കിയിരിക്കുകയാണ് അണിയറക്കാര്‍.
ചിത്രത്തിലെ ആക്ഷന്‍ രംഗങ്ങളുടെ തീവ്രത അനുഭവിപ്പിക്കുന്ന 40 സെക്കന്‍ഡ് ടീസറില്‍ ഉണ്ണി മുകുന്ദന്‍റെ ഒരു പഞ്ച് ഡയലോഗും ഉണ്ട്. ഞാന്‍ വന്നപ്പോള്‍ മുതല്‍ എല്ലാ ചെന്നായ്ക്കളും എന്നെ കൂട്ടം കൂടി അടിക്കാന്‍ നോക്കുകാ. ഇനിയിവിടെ ഞാന്‍ മതി, എന്നാണ് ആ ഡയലോഗ്. ആക്ഷന് വലിയ പ്രാധാന്യമുള്ള സിനിമയിലെ സംഘട്ടനങ്ങൾ ഒരുക്കിയിരിക്കുന്നത് പ്രമുഖ ആക്ഷൻ ഡയറക്ടർ കലൈ കിംഗ്‍സണ്‍ ആണ്. ചിത്രത്തിനായി ഏഴോളം ഫൈറ്റ് സീക്വൻസുകളാണ് കലൈ കിംഗ്‍സണ്‍ ഒരുക്കിയിരിക്കുന്നത്. നിരവധി ചിത്രങ്ങളുടെ ആക്ഷൻ കോറിയോഗ്രാഫി നിർവഹിച്ച കലൈ കിംഗ്‍സണ്‍ ഒരു കംപ്ലീറ്റ് ആക്ഷൻ ചിത്രത്തിൻറെ ഫൈറ്റ് മാസ്റ്ററായി പ്രവർത്തിക്കുന്നത് ഇതാദ്യമായാണ്.
ചിത്രത്തിന് സംഗീതമൊരുക്കിയിരിക്കുന്നത് കെജിഎഫ്, സലാർ എന്നീ ബ്രഹ്‌മാണ്ഡ ചിത്രങ്ങളുടെ സംഗീത സംവിധായകൻ രവി ബസ്രൂർ ആണ്. ചിത്രത്തിൻറെ മ്യൂസിക് റൈറ്റ്‌സ് സോണി മ്യൂസിക്ക് ആണ് സ്വന്തമാക്കിയിരിക്കുന്നത്. പരുക്കൻ ഗെറ്റപ്പിൽ തികഞ്ഞൊരു ഗ്യാങ്സ്റ്റർ ലുക്കിലാണ് ഉണ്ണി മുകുന്ദൻ ചിത്രത്തിലെത്തുന്നത്. മലയാളത്തിലെ മോസ്റ്റ് വയലന്‍റ് ചിത്രം എന്ന വിശേഷണത്തോടെ തിയറ്ററുകളില്‍ എത്തിയിരിക്കുന്ന ചിത്രമാണിത്. അണിയറക്കാര്‍ വാക്ക് പാലിച്ചു എന്നാണ് ആദ്യ ദിനങ്ങളിലെ പ്രേക്ഷകരുടെ പ്രതികരണങ്ങള്‍.
ALSO READ : മാല പാർവ്വതിക്കൊപ്പം മനോജ് കെ യു; 'ഉയിര്' ടീസര്‍ എത്തി