Marakkar Teaser : 'മരക്കാറി'നൊപ്പം ഈ കഥാപാത്രങ്ങള്‍; മൂന്നാം ടീസര്‍
ട്രെയ്‍ലര്‍ 30-ാം തീയതി വൈകിട്ട്
മലയാളി സിനിമാപ്രേമികള്‍ ആകാംക്ഷാപൂര്‍വ്വം കാത്തിരിക്കുന്ന ചിത്രമാണ് മരക്കാര്‍: അറബിക്കടലിന്‍റെ സിംഹം (Marakkar). റിലീസിന് നാല് ദിനങ്ങള്‍ മാത്രം ശേഷിക്കെ ചിത്രത്തിന്‍റെ പുതിയ ടീസര്‍ പുറത്തുവിട്ടിരിക്കുകയാണ് അണിയറക്കാര്‍. മോഹന്‍ലാല്‍ (Mohanlal) അവതരിപ്പിക്കുന്ന ടൈറ്റില്‍ കഥാപാത്രത്തിനൊപ്പം നെടുമുടി വേണു, സിദ്ദിഖ്, മഞ്ജു വാര്യര്‍, ബാബുരാജ്, അര്‍ജുന്‍ എന്നിവര്‍ അവതരിപ്പിക്കുന്ന കഥാപാത്രങ്ങളുടെ ഷോര്‍ട്ട് ഗ്ലിംപ്‍സുകളും പുതിയ ടീസറിലുണ്ട്. മൂന്നാമത്തെ ടീസര്‍ ആണിത്. ടീസറുകളും പാട്ടുകളും അടക്കമുള്ള ചിത്രത്തിന്‍റെ എല്ലാ പ്രീ-റിലീസ് പബ്ലിസിറ്റി മെറ്റീരിയലുകള്‍ക്കും വന്‍ പ്രതികരണമാണ് ഇതുവരെ ലഭിച്ചത്.
പ്രിയദര്‍ശന്‍റെയും (Priyadarshan) മോഹന്‍ലാലിന്‍റെയും സ്വപ്‍ന പ്രോജക്റ്റ് ആയ ചിത്രം മലയാളത്തിലെ ആദ്യ 100 കോടി ബജറ്റ് ചിത്രം കൂടിയാണ്. ആശിര്‍വാദ് സിനിമാസിന്‍റെ ബാനറില്‍ ആന്‍റണി പെരുമ്പാവൂര്‍ ആണ് നിര്‍മ്മാണം. മരക്കാര്‍ നാലാമന്‍റെ കഥ പറയുന്ന ചിത്രത്തിന്‍റെ തിരക്കഥ ഒരുക്കിയിരിക്കുന്നത് പ്രിയദര്‍ശനും അനി ഐ വി ശശിയും ചേര്‍ന്നാണ്. കൊവിഡ് എത്തുന്നതിനു മുന്‍പ് തിയറ്റര്‍ റിലീസ് തീയതി പ്രഖ്യാപിച്ചിരുന്ന ചിത്രം പിന്നീട് അനിശ്ചിതമായി നീണ്ടുപോയി. അവസാനം കൊവിഡ് രണ്ടാം തരംഗത്തിനു ശേഷം ഡയറക്റ്റ് ഒടിടി റിലീസ് പ്രഖ്യാപിച്ചിരുന്നെങ്കിലും അവസാനം തിയറ്ററുകളിലേക്കു തന്നെ എത്തുകയായിരുന്നു.
അതേസമയം ഏറെക്കാലം കാത്തിരുന്ന ചിത്രത്തിന്‍റെ റിലീസ് ആഘോഷമാക്കാനുള്ള തയ്യാറെടുപ്പുകളിലാണ് മോഹന്‍ലാല്‍ ആരാധകര്‍. കേരളത്തില്‍ മാത്രം അറുനൂറിലധികം ഫാന്‍സ് ഷോകളാണ് റിലീസ് ദിനത്തില്‍ ചാര്‍ട്ട് ചെയ്‍തിട്ടുള്ളത്. മറ്റു സംസ്ഥാനങ്ങളിലും ഗള്‍ഫ് ഉള്‍പ്പെടെയുള്ള വിദേശ സെന്‍ററുകളിലും ഫാന്‍സ് ഷോകളുണ്ട്. അതേസമയം ഫാന്‍സ് ഷോകള്‍ അല്ലാതെയുള്ള റിലീസ് ദിന പ്രദര്‍ശനങ്ങളുടെയൊക്കെ ടിക്കറ്റുകള്‍ ഏകദേശം തീര്‍ന്ന സ്ഥിതിയാണ്. ചിത്രത്തിന്‍റെ ഓണ്‍ലൈന്‍ പ്രീ ബുക്കിംഗ് നേരത്തേ ആരംഭിച്ചിരുന്നു. ഡിസംബര്‍ 2 പുലര്‍ച്ചെ 12 മണിക്ക് ആദ്യ ഫാന്‍സ് ഷോകള്‍ ആരംഭിക്കും. പല തിയറ്ററുകളിലും മരക്കാരിന്‍റെ ആദ്യ ദിനം 24 മണിക്കൂര്‍ തുടര്‍ച്ചയായി പ്രദര്‍ശനമുണ്ട്.