'ഗുണ കേവി'ലേക്ക് ഇനി തെലുങ്ക് പ്രേക്ഷകര്‍; 'മഞ്ഞുമ്മല്‍ ബോയ്‍സ്' തെലുങ്ക് ട്രെയ്‍ലര്‍
തമിഴ്നാട്ടില്‍ വമ്പന്‍ വിജയം നേടിയ ചിത്രം
ആദ്യദിനം വന്‍ പോസിറ്റീവ് അഭിപ്രായം നേടി മഞ്ഞുമ്മല്‍ ബോയ്സ് ബോക്സ് ഓഫീസില്‍ കുതിപ്പ് തുടങ്ങിയപ്പോള്‍ ആരും പ്രതീക്ഷിച്ചില്ല ചിത്രം മലയാളത്തിലെ എക്കാലത്തെയും വലിയ വിജയമാവുമെന്ന്. എന്നാല്‍ അത് യാഥാര്‍ഥ്യമായി. 200 കോടി ക്ലബ്ബിലെത്തുന്ന ആദ്യ മലയാള ചിത്രമായി മഞ്ഞുമ്മല്‍ ബോയ്സ് മാറിയപ്പോള്‍ അത് സാധ്യമാക്കിയത് ചിത്രം തമിഴ്നാട്ടില്‍ നേടിയ വമ്പന്‍ വിജയമായിരുന്നു. തമിഴ്നാട്ടില്‍ നിന്ന് മാത്രം ചിത്രം 50 കോടി ക്ലബ്ബില്‍ പ്രവേശിച്ചിരുന്നു. ആഴ്ചകള്‍ക്ക് ശേഷവും ചിത്രം തമിഴ്നാട്ടില്‍ ഓടുന്നു. ഇപ്പോഴിതാ തെലുങ്ക് പ്രേക്ഷകരെ ലക്ഷ്യമാക്കി ചിത്രം എത്തുകയാണ്.
കൊടൈക്കനാല്‍ പ്രധാന കഥാപശ്ചാത്തലമാക്കുന്ന, കമല്‍ ഹാസന്‍ ചിത്രം ഗുണയുടെ റെഫറന്‍സുകളുള്ള, പകുതിയോളം സംഭാഷണങ്ങള്‍ തമിഴിലായ ചിത്രത്തെ ഒരു തമിഴ് ചിത്രം പോലെയാണ് തമിഴ്നാട്ടിലെ പ്രേക്ഷകര്‍ സ്വീകരിച്ചത്. എന്നാല്‍ ആന്ധ്രയിലും തെലങ്കാനയിലും ചിത്രത്തിന്‍റെ തെലുങ്ക് പതിപ്പാണ് റിലീസിന് ഒരുങ്ങുന്നത്. ഏപ്രില്‍ 6 നാണ് റിലീസ്. അതിന് മുന്നോടിയായി ചിത്രത്തിന്‍റെ തെലുങ്ക് ട്രെയ്‍ലര്‍ പുറത്തെത്തിയിട്ടുണ്ട്. മലയാളം ട്രെയ്‍ലറിന്‍റെ തെലുങ്ക് പരിഭാഷയാണ് 2.47 മിനിറ്റില്‍ എത്തിയിരിക്കുന്നത്. മലയാളത്തിലെ എക്കാലത്തെയും വലിയ വിജയം എന്ന വിശേഷണവും ട്രെയ്‍ലറില്‍ ഉള്‍പ്പെടുത്തിയിട്ടുണ്ട്.
മൈത്രി മൂവി മേക്കേഴ്സ്, പ്രൈം ഷോ എന്‍റര്‍ടെയ്ന്‍മെന്‍റ്, സുകുമാര്‍ റൈറ്റിംഗ്സ് എന്നിവര്‍ ചേര്‍ന്നാണ് തെലുങ്ക് സംസ്ഥാനങ്ങളില്‍ ചിത്രം വിതരണം ചെയ്യുന്നത്. സമീപകാലത്ത് മലയാളത്തില്‍ വന്‍ വിജയം നേടിയ മറ്റൊരു ചിത്രം പ്രേമലുവിന്‍റെ തെലുങ്ക് പതിപ്പ് തെലുങ്ക് സംസ്ഥാനങ്ങളില്‍ സാമ്പത്തിക വിജയം നേടിയിരുന്നു. സമാനമായ പ്രേക്ഷകപ്രീതി മഞ്ഞുമ്മല്‍ ബോയ്സും നേടുമോ എന്നറിയാനുള്ള കാത്തിരിപ്പിലാണ് ചലച്ചിത്രലോകം. ചിദംബരം സംവിധാനം ചെയ്തിരിക്കുന്ന ചിത്രത്തിന്‍റെ നിര്‍മ്മാണം സൗബിന്‍ ഷാഹിര്‍, ബാബു ഷാഹിര്‍, ഷോണ്‍ ആന്‍റണി എന്നിവര്‍ ചേര്‍ന്നാണ്.
ALSO READ : വിജയ് ദേവരകൊണ്ടയുടെ നായികയായി മൃണാള്‍ താക്കൂര്‍; 'ഫാമിലി സ്റ്റാര്‍' തിയറ്ററുകളിലേക്ക്