'മദനനാ'യി സുരാജ്, രാഷ്ട്രീയ നേതാവായി ബാബു ആന്‍റണി; 'മദനോത്സവം' ട്രെയ്‍ലര്‍

സുധീഷ് ഗോപിനാഥ് സംവിധാനം ചെയ്യുന്ന ചിത്രം

Madanolsavam official trailer Suraj Venjaramoodu babu antony Sudheesh Gopinath nsn

സുരാജ് വെഞ്ഞാറമൂട് നായകനായി എത്തുന്ന മദനോത്സവം എന്ന പുതിയ ചിത്രത്തിന്റെ രസകരമായ ട്രെയ്‌ലർ പുറത്തിറങ്ങി. മദനൻ എന്ന കഥാപാത്രമായാണ് സുരാജ് സിനിമയിൽ എത്തുന്നത്. കോഴിക്കുഞ്ഞുങ്ങൾക്ക് നിറം കൊടുക്കുന്ന ജോലി ചെയ്യുന്ന മദനൻ്റെ ജീവിതത്തിലെ ചില സംഭവവികാസങ്ങളിലൂടെയാണ് ചിത്രം പുരോഗമിക്കുന്നത്. സമീപകാലത്ത് സുരാജ് ചെയ്ത ഗൗരവ സ്വഭാവമുള്ള കഥാപാത്രങ്ങളില്‍ നിന്നൊക്കെ വ്യത്യസ്തമായിരിക്കും ഈ കഥാപാത്രം. ബാബു ആന്‍റണിയാണ് മറ്റൊരു പ്രധാന കഥാപാത്രത്തെ അവതരിപ്പിക്കുന്നത്. ഒരു രാഷ്ട്രീയ മോഹിയാണ് ബാബു ആന്‍റണിയുടെ കഥാപാത്രമെന്നാണ് ട്രെയ്‍ലറില്‍ നിന്ന് മനസിലാവുന്നത്. 

സുധീഷ് ഗോപിനാഥ് സംവിധാനം ചെയ്യുന്ന ചിത്രം വിനായക അജിത്താണ് നിർമിക്കുന്നത്. ചിത്രത്തിന്റെ തിരക്കഥ ഒരുക്കിയിരിക്കുന്നത് രതീഷ് ബാലകൃഷ്ണന്‍ പൊതുവാൾ ആണ്. ഇ സന്തോഷ് കുമാറിന്റെ നോവലിനെ ആസ്പദമാക്കിയാണ് ചിത്രത്തിന്റെ തിരക്കഥ ഒരുക്കിയിരിക്കുന്നത്.  ന്നാ താൻ കേസ് കൊട് എന്ന ചിത്രത്തിന് ശേഷം രതീഷ് തിരക്കഥ ഒരുക്കുന്ന ചിത്രം കൂടിയാണ് ഇത്. ഭാമ അരുണ്‍, രാജേഷ് മാധവന്‍, പി പി കുഞ്ഞികൃഷ്ണന്‍, രഞ്ജി കാങ്കോല്‍, രാജേഷ് അഴിക്കോടന്‍, ജോവല്‍ സിദ്ധിഖ്, സ്വാതിദാസ് പ്രഭു, സുമേഷ് ചന്ദ്രന്‍ എന്നിവരാണ് ചിത്രത്തിൽ മറ്റ് പ്രധാന കഥാപാത്രങ്ങളെ അവതരിപ്പിക്കുന്നത്.

ഛായാഗ്രഹണം - ഷെഹ്നാദ് ജലാല്‍, എഡിറ്റിങ്ങ് - വിവേക് ഹര്‍ഷന്‍, ക്രിയേറ്റീവ് പ്രൊഡ്യൂസര്‍ - ജെയ് കെ, പ്രൊഡക്ഷന്‍ ഡിസൈനര്‍ - ജ്യോതിഷ് ശങ്കര്‍, സൗണ്ട് ഡിസൈന്‍ - ശ്രീജിത്ത് ശ്രീനിവാസന്‍, പ്രൊഡക്ഷന്‍ കണ്‍ട്രോളര്‍ - രഞ്ജിത് കരുണാകരന്‍, ആര്‍ട്ട് ഡയറക്റ്റര്‍ - കൃപേഷ് അയ്യപ്പന്‍കുട്ടി, സംഗീത സംവിധാനം - ക്രിസ്റ്റോ സേവിയര്‍, വസ്ത്രാലങ്കാരം - മെല്‍വി ജെ, മേക്കപ്പ് - ആര്‍ ജി വയനാടന്‍, അസ്സോസിയേറ്റ് ഡയറക്ടര്‍ - അഭിലാഷ് എം യു, സ്റ്റില്‍സ് - നന്ദു ഗോപാലകൃഷ്ണന്‍, ഡിസൈന്‍ - അരപ്പിരി വരയന്‍. വിഷു റിലീസ് ആയി ഏപ്രിൽ 14ന് ചിത്രം തിയറ്ററുകളിലേക്ക് എത്തും.

ALSO READ : 8 കോടി ചെലവഴിച്ച ട്രെയിന്‍ അപകട രംഗം; 'വിടുതലൈ' മേക്കിംഗ് വീഡിയോ

Latest Videos
Follow Us:
Download App:
  • android
  • ios