ഇര്‍ഫാന്‍ ഖാനെ ഒരിക്കല്‍ക്കൂടി സ്ക്രീനില്‍ കാണാം, അവസാന ചിത്രം റിലീസിന്: ട്രെയ്‍ലര്‍

ആദം എന്ന ഒട്ടക വ്യാപാരിയാണ് ചിത്രത്തില്‍ ഇര്‍ഫാന്‍റെ കഥാപാത്രം

last movie of Irrfan Khan The Song Of Scorpions trailer nsn

ബോളിവുഡിലെ അല്ല, ഇന്ത്യന്‍ സിനിമയിലെ തന്നെ മികച്ച നടന്മാരില്‍ ഒരാളായിരുന്നു ഇര്‍ഫാന്‍ ഖാന്‍. കാന്‍സര്‍ ബാധയെത്തുടര്‍ന്ന് 2020 ഏപ്രിലില്‍ ആയിരുന്നു അദ്ദേഹത്തിന്‍റെ വിയോഗം. അസാന്നിധ്യം കൊണ്ട് ഇര്‍ഫാന്‍ ഹിന്ദി സിനിമയില്‍ സൃഷ്ടിച്ച വിടവ് ഇപ്പോഴും തുടരുകയാണ്. ഇപ്പോഴിതാ അദ്ദേഹത്തിന്‍റെ അഭിനയ പ്രതിഭയെ ആരാധിക്കുന്നവരെ സന്തോഷിപ്പിക്കുന്ന ഒരു വാര്‍ത്ത എത്തിയിരിക്കുകയാണ്. ഇര്‍ഫാന്‍ ഖാന്‍ അവസാനമായി അഭിനയിച്ച ചിത്രം റിലീസിന് തയ്യാറെടുക്കുന്നു എന്നതാണ് അത്.

അനൂപ് സിംഗ് രചനയും സംവിധാനവും നിര്‍വ്വഹിച്ച ദി സോംഗ് ഓഫ് സ്കോര്‍പിയണ്‍സ് എന്ന ചിത്രമാണ് തിയറ്റര്‍ റിലീസിന് ഒരുങ്ങുന്നത്. ഫ്രാന്‍സ്- സിംഗപ്പൂര്‍- സ്വിറ്റ്സര്‍ലന്‍ഡ് സഹനിര്‍മ്മാണ സംരംഭമായ ചിത്രമായ സോംഗ് ഓഫ് സ്കോര്‍പിയണ്‍സ് 2017 ല്‍ നിര്‍മ്മാണം പൂര്‍ത്തിയാക്കിയ ചിത്രമാണ്. 2017 ല്‍ തന്നെ ലോകപ്രശസ്തമായ ലൊക്കാര്‍ണോ ചലച്ചിത്രോത്സവ വേദിയിലായിരുന്നു ചിത്രത്തിന്‍റെ വേള്‍ഡ് പ്രീമിയര്‍. ഇര്‍ഫാന്‍റെ വിയോഗത്തിന് മൂന്നാണ്ട് പൂര്‍ത്തിയാവുന്ന ഏപ്രില്‍ 28 നാണ് ചിത്രം തിയറ്ററുകളില്‍ എത്തുക.

ആദം എന്ന ഒട്ടക വ്യാപാരിയാണ് ചിത്രത്തില്‍ ഇര്‍ഫാന്‍റെ കഥാപാത്രം. നാടന്‍ വിശ്വാസപ്രകാരം തേള്‍ കുത്തിയ ഒരാള്‍ക്ക് രക്ഷയാവുന്ന പ്രത്യേകതരം സംഗീതം അഭ്യസിക്കുന്ന നൂറാന്‍ എന്ന പെണ്‍കുട്ടിയുമായി ഇയാള്‍ പ്രണയത്തിലാവുകയാണ്. വഹീദ റഹ്‍മാന്‍, ശശാങ്ക് അറോറ, കൃതിക പാണ്ഡെ, സാറ അര്‍ജുന്‍, ഷെഫാലി ഭൂഷണ്‍, തിലോത്തമ ഷോമെ എന്നിവരാണ് ചിത്രത്തിലെ മറ്റ് കഥാപാത്രങ്ങളെ അവതരിപ്പിച്ചിരിക്കുന്നത്. ചിത്രത്തിന്‍റെ സാങ്കേതിക മേഖലകളില്‍ വിദേശികളാണ് കൂടുതല്‍. പിയെട്രോ സുര്‍ച്ചര്‍, കാര്‍ലോട്ട ഹോളി സ്റ്റെയിന്‍മന്‍ എന്നിവരാണ് ചിത്രത്തിന്‍റെ ഛായാഗ്രാഹകര്‍. എഢിറ്റിംഗ് മേരി പിയര്‍ ഫ്രാപ്പിയര്‍. 119 മിനിറ്റ് ആണ് ചിത്രത്തിന്‍റെ ദൈര്‍ഘ്യം.

ALSO READ : ബി​ഗ് ബോസിലേക്ക് രണ്ടാമത്തെ വൈല്‍ഡ് കാര്‍ഡ് ഇന്ന്; മോഹന്‍ലാല്‍ അവതരിപ്പിക്കുന്നത് ഒരു സംവിധായകനെ

Latest Videos
Follow Us:
Download App:
  • android
  • ios