Kunjeldho Teaser : 'മംഗലശ്ശേരി നീലകണ്ഠന്‍ എന്ന് പറയുമ്പോഴുള്ള എടുപ്പ്'; ആസിഫ് അലിയുടെ 'കുഞ്ഞെല്‍ദോ' ടീസര്‍
ഡിസംബര്‍ 24ന് തിയറ്ററുകളില്‍
ആസിഫ് അലിയെ (Asif Ali) നായകനാക്കി മാത്തുക്കുട്ടി (RJ Mathukutty) സംവിധാനം ചെയ്യുന്ന 'കുഞ്ഞെല്‍ദോ'യുടെ (Kunjeldho) രണ്ടാം ടീസര്‍ പുറത്തെത്തി. 44 സെക്കന്‍ഡ് ദൈര്‍ഘ്യമുള്ള ടീസര്‍ ചിത്രത്തിന്‍റെ എന്‍റര്‍ടെയ്‍നര്‍ സ്വഭാവം വിളിച്ചറിയിക്കുന്നതാണ്. ലിറ്റില്‍ ബിഗ് ഫിലിംസിന്‍റെ ബാനറില്‍ സുവിന്‍ കെ വര്‍ക്കി, പ്രശോഭ് കൃഷ്‍ണ എന്നിവരാണ് ചിത്രം നിര്‍മ്മിച്ചിരിക്കുന്നത്. ടൊവീനോ നായകനായ കല്‍ക്കിക്കു ശേഷം ലിറ്റില്‍ ബിഗ് ഫിലിംസിന്‍റെ നിര്‍മ്മാണ സംരംഭമാണ് ഈ ചിത്രം.
പുതുമുഖം ഗോപിക ഉദയന്‍ ആണ് ചിത്രത്തില്‍ ആസിഫിന്‍റെ നായികയായി എത്തുന്നത്. സുധീഷ്, സിദ്ദിഖ്, അര്‍ജുന്‍ ഗോപാല്‍, നിസ്‍താര്‍ സേഠ്, രാജേഷ് ശര്‍മ്മ, കോട്ടയം പ്രദീപ്, മിഥുന്‍ എം ദാസ് എന്നിവര്‍ മറ്റു കഥാപാത്രങ്ങളെ അവതരിപ്പിക്കുന്നു. ഛായാഗ്രഹണം സ്വരൂപ് ഫിലിപ്പ്. എഡിറ്റിംഗ് രഞ്ജന്‍ എബ്രഹാം. ക്രിയേറ്റീവ് ഡയറക്ടറായി വിനീത് ശ്രീനിവാസനും ചിത്രത്തിനൊപ്പമുണ്ടായിരുന്നു. കലാസംവിധാനം നിമേഷ് എം താനൂര്‍, മേക്കപ്പ് റോണക്സ് സേവ്യര്‍, വസ്ത്രാലങ്കാരം ദിവ്യ സ്വരൂപ്, സ്റ്റില്‍സ് ബിജിത്ത് ധര്‍മ്മടം, ചീഫ് അസോസിയേറ്റ് ഡയറക്ടര്‍ രാജേഷ് അടൂര്‍, വാര്‍ത്താ പ്രചരണം എ എസ് ദിനേശ്. ഓണം റിലീസ് ആയി എത്തേണ്ടിയിരുന്ന ചിത്രം കൊവിഡ് രണ്ടാം തരംഗത്തെത്തുടര്‍ന്ന് നീട്ടുകയായിരുന്നു. നിലവില്‍ ക്രിസ്‍മസ് റിലീസ് ആണ് പ്ലാന്‍ ചെയ്‍തിരിക്കുന്നത്. ഡിസംബര്‍ 24ന് സെഞ്ചുറി ഫിലിംസ് തിയറ്ററുകളില്‍ എത്തിക്കും.