വന്‍ തിരിച്ചുവരവിന് സിബി മലയില്‍; 'കൊത്ത്' ട്രെയ്‍ലര്‍

ഏഴ് വര്‍ഷത്തെ ഇടവേളയ്ക്കു സിബി മലയില്‍ സംവിധാനം ചെയ്യുന്ന ചിത്രം

kotthu official trailer sibi malayil asif ali roshan mathew ranjith Gold Coin Motion Picture Company

മലയാളി സിനിമാപ്രേമികള്‍ എക്കാലവും ഓര്‍ത്തിരിക്കുന്ന നിരവധി ചിത്രങ്ങള്‍ ഒരുക്കിയ സംവിധായകനാണ് സിബി മലയില്‍. കഴിഞ്ഞ ഏഴ് വര്‍ഷങ്ങളായി അദ്ദേഹം സിനിമകളൊന്നും സംവിധാനം ചെയ്‍തിരുന്നില്ല. ഈ വലിയ ഇടവേളയ്ക്കു ശേഷം സിബി മലയിലിന്‍റേതായി പുറത്തത്തുന്ന ചിത്രമാണ് കൊത്ത്. കണ്ണൂരിന്‍റെ രാഷ്ട്രീയ പശ്ചാത്തലത്തില്‍ കഥ പറയുന്ന ഇമോഷണല്‍ ഡ്രാമയാണ് ചിത്രം. ചിത്രത്തിന്റെ ട്രെയ്ലര്‍ പുറത്തെത്തി.

ഏഴ് വര്‍ഷത്തെ ഇടവേളയ്ക്കു ശേഷം വരുമ്പോള്‍ സിബി മലയില്‍ പ്രേക്ഷകരെ നിരാശരാക്കിലെന്ന തോന്നലുളവാക്കുന്നുണ്ട് ട്രെയ്‍ലര്‍. ആസിഫ് അലി, റോഷന്‍ മാത്യു എന്നിവരുടെ പ്രകടന മികവിനെക്കുറിച്ചും ട്രെയ്‍ലര്‍ പ്രതീക്ഷയുണര്‍ത്തുന്നു. നിഖില വിമല്‍ ആണ് നായിക.  ഹേമന്ദ് കുമാര്‍ രചന നിര്‍വ്വഹിച്ചിരിക്കുന്ന ചിത്രത്തിന്‍റെ നിര്‍മ്മാണം ഗോള്‍ഡ് കോയിന്‍ മോഷന്‍ പിക്ചര്‍ കമ്പനിയുടെ ബാനറില്‍ രഞ്ജിത്തും പി എം ശശിധരനും ചേര്‍ന്നാണ്. അയ്യപ്പനും കോശിയും, നായാട്ട് എന്നീ ശ്രദ്ധേയ ചിത്രങ്ങള്‍ നിര്‍മ്മിച്ച ബാനറാണ് ഇത്. 

ALSO READ : ചേര്‍ത്തു പിടിക്കാം ഈ 'പാല്‍തു ജാന്‍വറി'നെ; മൂവി റിവ്യൂ

സമ്മര്‍ ഇന്‍ ബദ്ലഹേം എന്ന സൂപ്പര്‍ഹിറ്റ് ചിത്രത്തിനു ശേഷം സിബി മലയിലും രഞ്ജിത്തും ഒരു പ്രോജക്റ്റിനു വേണ്ടി ഒന്നിക്കുന്നു എന്ന പ്രത്യേകതയും കൊത്തിന് ഉണ്ട്. 1998 ല്‍ പുറത്തെത്തിയ സമ്മര്‍ ഇന്‍ ബദ്ലഹേമിന്‍റെ രചന രഞ്ജിത്തിന്‍റേത് ആയിരുന്നു. 2015ല്‍ പുറത്തെത്തിയ 'സൈഗാള്‍ പാടുകയാണി'നു ശേഷം സിബി മലയിലിന്‍റെ സംവിധാനത്തില്‍ പുറത്തെത്തുന്ന ചിത്രമാണിത്.

ചിത്രത്തിന്‍റെ നേരത്തെ പുറത്തെത്തിയ ഫസ്റ്റ് ലുക്ക് പങ്കുവച്ചുകൊണ്ട് രഞ്ജിത്ത് സോഷ്യല്‍ മീഡിയയില്‍ കുറിച്ചത് ഇങ്ങനെയായിരുന്നു- "ബന്ധങ്ങൾ ശിഥിലമാകുമ്പോൾ, മറുപക്ഷത്തിന്‍റെ കൊടി ഉയരെ പാറുന്നത് കാണുമ്പോൾ, ലോഹവും തീയും ആയുധമാകും. അവസാനത്തെ ശ്വാസം കൊത്തിയെടുക്കാനിറങ്ങുന്നവരുടെ കാലം. ഈ കാലത്തിന് സമർപ്പിക്കുന്നു ഈ ചിത്രം. ഒരു കൈയെങ്കിലും ആയുധത്തിൽ നിന്ന് പിൻവാങ്ങുമെങ്കിൽ നമുക്ക് ഈ ചിത്രം സമാനതകളില്ലാത്ത വിജയം".

ഛായാഗ്രഹണം പ്രശാന്ത് രവീന്ദ്രന്‍, എഡിറ്റിംഗ് റതിന്‍ രാധാകൃഷ്‍ണന്‍, ചീഫ് അസോസിയേറ്റ് ഡയറക്ടര്‍ ഗിരീഷ് മാരാര്‍, സംഗീതം കൈലാഷ് മേനോന്‍, പശ്ചാത്തല സംഗീതം ജേക്സ് ബിജോയ്, പ്രൊഡക്ഷന്‍ കണ്‍ട്രോളര്‍ ബാദുഷ, എക്സിക്യൂട്ടീവ് പ്രൊഡ്യൂസര്‍ അഗ്നിവേശ് രഞ്ജിത്ത്, പ്രൊഡക്ഷന്‍ ഡിസൈനര്‍ പ്രശാന്ത് മാധവ്, സൗണ്ട് ഡിസൈന്‍ ഗണേഷ് മാരാര്‍. സെപ്റ്റംബര്‍ 23 ന് ചിത്രം തിയറ്ററുകളില്‍ എത്തും. ഇതിനകം സെന്‍സറിം​ഗ് പൂര്‍ത്തിയാക്കിയ ചിത്രത്തിന് യു/ എ സര്‍ട്ടിഫിക്കറ്റ് ആണ്.

Latest Videos
Follow Us:
Download App:
  • android
  • ios