വിശാല്‍ ഭരദ്വാജിന്‍റെ നെറ്റ്ഫ്ലിക്സ് ചിത്രം; 'ഖുഫിയ' ഫസ്റ്റ് ലുക്ക് ടീസര്‍
സ്പൈ ത്രില്ലര്‍ വിഭാഗത്തില്‍ പെടുന്ന ചിത്രം
പ്രമുഖ ബോളിവുഡ് സംവിധായകന്‍ വിശാല്‍ ഭരദ്വാജ് ആദ്യമായി നെറ്റ്ഫ്ലിക്സിനു വേണ്ടി സംവിധാനം ചെയ്യുന്ന ചിത്രമാണ് ഖുഫിയ. ഒരു ഒടിടി പ്ലാറ്റ്ഫോമിനു വേണ്ടി വിശാല്‍ ആദ്യമായാണ് ഒരു ഫീച്ചര്‍ ചിത്രം ഒരുക്കുന്നത്. നേരത്തെ ഈ വര്‍ഷം തന്നെ പുറത്തിറങ്ങിയ പ്രൈം വീഡിയോയുടെ ആന്തോളജി ചിത്രം മോഡേണ്‍ ലവ്: മുംബൈയിലെ ഒരു ഭാഗം അദ്ദേഹം സംവിധാനം ചെയ്‍തിരുന്നു. ഖുഫിയയുടെ ഫസ്റ്റ് ലുക്ക് ടീസര്‍ അണിയറക്കാര്‍ പുറത്തുവിട്ടു.
സ്പൈ ത്രില്ലര്‍ വിഭാഗത്തില്‍ പെടുന്ന ചിത്രത്തില്‍ തബുവാണ് പ്രധാന കഥാപാത്രത്തെ അവതരിപ്പിക്കുന്നത്. അലി ഫസല്‍, വമിഖ ഗബ്ബി, ആശിഷ് വിദ്യാര്‍ഥി എന്നിവരും മറ്റു വേഷങ്ങളില്‍ എത്തുന്നു. പടാഖയ്ക്കു ശേഷം വിശാല്‍ സംവിധാനം ചെയ്യുന്ന ഫീച്ചര്‍ ചിത്രമാണ് ഇത്. യഥാര്‍ഥ സംഭവങ്ങളെ അധികരിച്ചുള്ള ചിത്രം അമര്‍ ഭൂഷണ്‍ എഴുതിയ 'എസ്കേപ്പ് റ്റു നോവെയര്‍' എന്ന സ്പൈ നോവലിനെ അടിസ്ഥാനമാക്കിയാണ് തയ്യാറാവുന്നത്. ഇന്ത്യയുടെ പ്രതിരോധ രഹസ്യങ്ങള്‍ വില്‍ക്കാന്‍ ശ്രമിക്കുന്ന ഒരു ചാരനെ കണ്ടെത്താന്‍ നിയോഗിക്കപ്പെടുന്ന കൃഷ്‍ണ മെഹ്‍റ എന്ന 'റോ' (റിസര്‍ട്ട് ആന്‍ഡ് അനാലിസിസ് വിംഗ്) ഏജന്‍റിന്‍റെ കഥയാണ് ചിത്രം. രോഹന്‍ നെറുലയുമായി ചേര്‍ന്ന് വിശാല്‍ ഭരദ്വാദ് തന്നെയാണ് ചിത്രത്തിന്‍റെ രചന നിര്‍വ്വഹിച്ചിരിക്കുന്നത്. 2021 സെപ്റ്റംബറില്‍ പ്രഖ്യാപിച്ച പ്രോജക്റ്റ് ആണിത്. ടീസറിനൊപ്പം ഉടന്‍ വരും എന്ന അറിയിപ്പല്ലാതെ റിലീസ് തീയതി നെറ്റ്ഫ്ലിക്സ് പ്രഖ്യാപിച്ചിട്ടില്ല.
മുന്‍പ് തബു പ്രധാന കഥാപാത്രത്തെ അവതരിപ്പിച്ച, മീര നായരുടെ മിനി വെബ് സിരീസ് 'എ സ്യൂട്ടബിള്‍ ബോയ്' നെറ്റ്ഫ്ളിക്സിലൂടെ എത്തിയിരുന്നു. മഖ്ബൂല്‍, ഹൈദര്‍ തുടങ്ങിയ വിശാല്‍ ഭരദ്വാജ് ചിത്രങ്ങളിലെ തബുവിന്‍റെ പ്രകടനം ഏറെ പ്രശംസ നേടിയിരുന്നു. ഇരുവരും ചേര്‍ന്നുള്ള പുതിയ ചിത്രത്തെ ഏറെ ആവേശത്തോടെയാണ് സിനിമാപ്രേമികള്‍ നോക്കിക്കാണുന്നത്.