Khiladi trailer : രവി തേജയ്ക്കൊപ്പം അര്‍ജുന്‍, ഉണ്ണി മുകുന്ദന്‍; ഖിലാഡി ട്രെയ്‍ലര്‍
മീനാക്ഷി ചൗധരിയും ഡിംപിള്‍ ഹയതിയും നായികമാര്‍
രവി തേജയെ (Ravi Teja) നായകനാക്കി രമേശ് വര്‍മ്മ സംവിധാനം ചെയ്‍ത ആക്ഷന്‍ ക്രൈം ത്രില്ലര്‍ തെലുങ്ക് ചിത്രം ഖിലാഡിയുടെ (Khiladi) ട്രെയ്‍ലര്‍ പുറത്തെത്തി. ഒരു രവി തേജ ചിത്രത്തില്‍ നിന്ന് ആരാധകര്‍ പ്രതീക്ഷിക്കുന്ന ഘടകങ്ങളൊക്കെ ഒത്തുചേര്‍ന്നതാവും ചിത്രമെന്നാണ് ട്രെയ്‍ലര്‍ നല്‍കുന്ന പ്രതീക്ഷ. ആരാധകര്‍ ഏറെക്കാലമായി കാത്തിരിക്കുന്ന ചിത്രത്തിന്‍റെ റിലീസ് ഫെബ്രുവരി 11ന് ആണ്. തെലുങ്കിനു പുറമെ ഹിന്ദിയിലും ചിത്രം പ്രദര്‍ശനത്തിനെത്തും.
അര്‍ജുന്‍ സര്‍ജയും ഉണ്ണി മുകുന്ദനുമാണ് മറ്റു രണ്ട് പ്രധാന കഥാപാത്രങ്ങളെ അവതരിപ്പിക്കുന്നത്. രണ്ട് നായികമാരാണ് ചിത്രത്തില്‍. മീനാക്ഷി ചൗധരിയും ഡിംപിള്‍ ഹയതിയും. നികിതിന്‍ ധീര്‍, സച്ചിന്‍ ഖഡേക്കര്‍, മുകേഷ് റിഷി, താക്കൂര്‍ അനൂപ് സിംഗ്, റാവു രമേശ്, മുരളി ശര്‍മ്മ, വെണ്ണെല കിഷോര്‍, അൻസൂയ ഭരദ്വാജ്, ഭരത് റെഡ്ഡി, കേശവ് ദീപക് തുടങ്ങിയവര്‍ മറ്റു കഥാപാത്രങ്ങളെ അവതരിപ്പിക്കുന്നു. പെന്‍ സ്റ്റുഡിയോസ്, എ സ്റ്റുഡിയോസ് എന്നീ ബാനറുകളിലാണ് ചിത്രം നിര്‍മ്മിക്കപ്പെട്ടിരിക്കുന്നത്. പെന്‍ മരുധര്‍ ആണ് ഹിന്ദി പതിപ്പിന്‍റെ വിതരണം. മലയാളിയായ സുജിത്ത് വാസുദേവും ജി കെ വിഷ്‍ണുവുമാണ് ചിത്രത്തിന്‍റെ ഛായാഗ്രഹണം. എഡിറ്റിംഗ് അമര്‍ റെഡ്ഡി കുടുമുള, സംഗീതം ദേവിശ്രീ പ്രസാദ്.