'സ്ത്രീകൾക്കും പുരുഷന്മാർക്കും കാണാം'; ട്രെയ്‍ലറിൽ പഞ്ച് ലൈനുമായി 'ഖേല്‍ ഖേല്‍ മേം' അണിയറക്കാര്‍, കാരണമുണ്ട്
മുദാസ്സര്‍ അസീസ് രചനയും സംവിധാനവും
ബോളിവുഡില്‍ ഒരു കാലത്ത് ഏറ്റവുമധികം വിജയ ശതമാനം ഉണ്ടായിരുന്ന നടനാണ് അക്ഷയ് കുമാര്‍. ഏറ്റവുമധികം 200 കോടി ക്ലബ്ബ് ചിത്രങ്ങളുള്ള നടനായും അദ്ദേഹം വാഴ്ത്തപ്പെട്ടിരുന്നു. എന്നാല്‍ അത് പഴയ കഥ. കൊവിഡിന് ശേഷം തുടര്‍ പരാജയങ്ങളിലാണ് അക്ഷയ് കുമാര്‍. ഏറ്റവുമൊടുവിലെത്തിയ സര്‍ഫിറയും കാര്യമായി ശ്രദ്ധ നേടിയില്ല. ഇപ്പോഴിതാ അദ്ദേഹത്തിന്‍റെ വരാനിരിക്കുന്ന ചിത്രത്തിന്‍റെ ട്രെയ്‍ലര്‍ പുറത്തുവിട്ടിരിക്കുകയാണ് അണിയറക്കാര്‍. മുദാസ്സര്‍ അസീസ് രചനയും സംവിധാനവും നിര്‍വ്വഹിച്ച കോമഡി ഡ്രാമ ചിത്രം ഖേല്‍ ഖേല്‍ മേം ആണ് ആ ചിത്രം.
അക്ഷയ് കുമാറിന് ഏറ്റവും വഴങ്ങുന്ന ജോണറുകളിലൊന്നായ കോമഡി ഡ്രാമ വിഭാഗത്തില്‍ പെടുന്ന ചിത്രം അദ്ദേഹത്തെ വിജയത്തിലേക്ക് തിരിച്ചെത്തിക്കുമെന്നാണ് ആരാധകര്‍ കരുതുന്നത്. ഒരു റീമേക്ക് ആണ് ഈ ചിത്രം. പാവ്‍ലോ ജെനോവീസിന്‍റെ സംവിധാനത്തില്‍ 2016 ല്‍ റിലീസ് ചെയ്യപ്പെട്ട ഇറ്റാലിയന്‍ ചിത്രം പെര്‍ഫെക്റ്റ് സ്ട്രേഞ്ചേഴ്സിന്‍റെ ഒഫിഷ്യല്‍ റീമേക്ക് ആണ് ഖേല്‍ ഖേല്‍ മേം. ബോക്സ് ഓഫീസ് വിജയവും നിരൂപകപ്രശംസയും ഒരുപോലെ നേടിയ ചിത്രമായിരുന്നു പെര്‍ഫെക്റ്റ് സ്ട്രേഞ്ചേഴ്സ്. പല ലോകഭാഷകളിലും ചിത്രം റീമേക്ക് ചെയ്യപ്പെട്ടിട്ടുമുണ്ട്.
അമ്മി വിര്‍ക്, വാണി കപൂര്‍, തപ്സി പന്നു, ഫര്‍ദീന്‍ ഖാന്‍ എന്നിങ്ങനെ കൗതുകകരമായ താരനിരയാണ് ചിത്രത്തിലേത്. 3 മിനിറ്റിലേറെ ദൈര്‍ഘ്യമുള്ള ട്രെയ്‍ലറിന്‍റെ അവസാനമെത്തുന്ന ഒരു വാചകമാണ് സിനിമാപ്രേമികള്‍ക്കിടയിലെ ചര്‍ച്ച. ഇത് സ്ത്രീകള്‍ക്കും പുരുഷന്മാര്‍ക്കും കാണാമെന്നതാണ് അത്. ശ്രദ്ധ കപൂര്‍, രാജ്‍കുമാര്‍ റാവു, പങ്കജ് ത്രിപാഠി എന്നിവരെ പ്രധാന കഥാപാത്രങ്ങളാക്കി അമര്‍ കൗശിക് സംവിധാനം ചെയ്യുന്ന സ്ത്രീ 2 എന്ന ചിത്രം അക്ഷയ് കുമാര്‍ ചിത്രത്തിന്‍റെ അതേ ദിവസമാണ് തിയറ്ററുകളിലെത്തുന്നത്. ഓഗസ്റ്റ് 15 ന്. ഇത് സൂചിപ്പിച്ചുകൊണ്ടാണ് ഒരു പരസ്യവാചകം പോലെ നിര്‍മ്മാതാക്കള്‍ ട്രെയ്‍ലറില്‍ ഈ പരാമര്‍ശം നടത്തിയിട്ടുള്ളത്.
ALSO READ : വിജയ് ആന്‍റണി നായകന്‍; 'മഴൈ പിടിക്കാത മനിതൻ' ലോകമെമ്പാടും ഇന്ന് മുതല്‍