Kaun Pravin Tambe Trailer : 41-ാം വയസ്സില്‍ അരങ്ങേറിയ ക്രിക്കറ്റര്‍; 'കോന്‍ പ്രവീണ്‍ തംബെ' ട്രെയ്‍ലര്‍
ഡിസ്‍നി പ്ലസ് ഹോട്ട്സ്റ്റാറിന്‍റെ ഡയറക്ട് റിലീസ്. Kaun Pravin Tambe Trailer
സ്വന്തം സ്വപ്നങ്ങളെ മറ്റെല്ലാവരും പരിസഹിച്ചപ്പോഴും ആ വഴിയില്‍ വിശ്വാസമര്‍പ്പിച്ച് മുന്നോട്ടുപോയ കഥയാണ് ക്രിക്കറ്ററായ പ്രവീണ്‍ തംബെയുടേത് (Pravin Tambe). 41-ാം വയസ്സില്‍ ഐപിഎല്‍ ടീമായ രാജസ്ഥാന്‍ റോയല്‍സിലൂടെ അരങ്ങേറ്റം നടത്തിയ പ്ലെയര്‍. ഇപ്പോഴിതാ അദ്ദേഹത്തിന്‍റെ ജീവിതം സിനിമാരൂപത്തില്‍ പ്രേക്ഷകര്‍ക്കു മുന്നിലേക്ക് എത്തുകയാണ്. കോന്‍ പ്രവീണ്‍ തംബെ (Kaun Pravin Tambe) എന്ന് പേരിട്ടിരിക്കുന്ന ചിത്രത്തിന്‍റെ ട്രെയ്ലര്‍ പുറത്തെത്തി. ഡയറക്റ്റ് ഒടിടി റിലീസ് ആയി എത്തുന്ന ചിത്രം ഡിസ്നി പ്ലസ് ഹോട്ട്സ്റ്റാറിലൂടെയാണ് എത്തുക. ശ്രേയസ് തല്‍പാഡെയാണ് പ്രവീണ്‍ തംബെയായി സ്ക്രീനില്‍ എത്തുക. ഏപ്രില്‍ 1ന് ആണ് റിലീസ്. ഹിന്ദിക്കൊപ്പം തമിഴിലും തെലുങ്കിലും ചിത്രം എത്തും.
അന്തര്‍ദേശീയ മത്സരങ്ങളിലോ ഫസ്റ്റ് ക്ലാസ് ക്രിക്കറ്റിലോ പോലും പോലും കളിച്ചിട്ടില്ലാത്ത പ്രവീണ്‍ തംബെയുടെ 41-ാം വയസ്സിലെ ഐപിഎല്‍ അരങ്ങേറ്റം വാര്‍ത്തകളില്‍ ഇടംപിടിച്ചിരുന്നു. വലംകൈയ്യന്‍ ലെഗ് സ്പിന്നര്‍ ആണ് അദ്ദേഹം. ജയ്പ്രദ് ദേശായി സംവിധാനം ചെയ്തിരിക്കുന്ന ചിത്രത്തിന്‍റെ നിര്‍മ്മാണം ശീതള്‍ ഭാട്ടിയയും സുദീപ് തിവാരിയും ചേര്‍ന്നാണ്. ഫ്രൈഡേ ഫിലിം വര്‍ക്സ്, ബൂട്ട് റൂം സ്പോര്‍ട്സ് പ്രൊഡക്ഷന്‍ എന്നിവരുമായി ചേര്‍ന്ന് ഫോക്സ് സ്റ്റാര്‍ സ്റ്റുഡിയോസ് ആണ് ചിത്രം അവതരിപ്പിക്കുന്നത്. കിരണ്‍ യഡ്ന്യോപവിത് ആണ് ചിത്രത്തിന്‍റെ രചന നിര്‍വ്വഹിച്ചിരിക്കുന്നത്. സംഭാഷണങ്ങള്‍ കപില്‍ സാവന്ദ്, ഛായാഗ്രഹണം സുധീര്‍ പല്‍സാനെ, സൗണ്ട് ഡിസൈനര്‍ റസൂല്‍ പൂക്കുട്ടി, എഡിറ്റിംഗ് ഗോരക്ഷാനാഥ് ഖാണ്ഡെ, സംഗീതം അനുരാഗ് സൈകിയ.
ചിത്രം കാണാനായി ഏറെ ആവേശത്തോടെ കാത്തിരിക്കുകയാണ് താനെന്ന് പ്രവീണ്‍ തംബെ പറയുന്നു- "സ്വന്തം സ്വപ്നങ്ങള്‍ക്കനുസരിച്ച് ജീവിക്കാന്‍ ഒരുപാട് പേര്‍ക്ക് പ്രചോദനമാവണമെന്നാണ് ആഗ്രഹം. ചിത്രം കാണാനുള്ള വലിയ കാത്തിരിപ്പിലാണ് ഞാനും എന്‍റെ കുടുംബവും. റിലീസ് ദിനം എന്നെ സംബന്ധിച്ച് ഏറെ പ്രത്യേകതയുള്ള ഒരു ദിവസം ആയിരിക്കും", പ്രവീണ്‍ പറയുന്നു.
പ്രവീണ്‍ തംബെയെ സ്ക്രീനില്‍ അവതരിപ്പിക്കാന്‍ കഴിഞ്ഞതിലുള്ള സന്തോഷം ശ്രേയസ് തല്‍പാഡെ പങ്കുവെക്കുന്നു- "ഇതുപോലെ ഒരു കഥാപാത്രവും സിനിമയും ജീവിതത്തില്‍ ഒരിക്കല്‍ മാത്രം കിട്ടുന്നതാണ്. ചിത്രീകരണത്തിന്‍റെ ഓരോ നിമിഷവും ഞാന്‍ ഓര്‍മ്മയില്‍ സൂക്ഷിക്കുന്നുണ്ട്. ബൂട്ട്റൂം സ്പോര്‍ട്സ്, ഫോക്സ് സ്റ്റാര്‍ സ്റ്റുഡിയോസ്, ഞങ്ങളുടെ കഴിവുറ്റ സംവിധായകന്‍ ജയ്പ്രദ് എന്നിവര്‍ക്ക് നന്ദി പറയുന്നു, എന്നെ ഈ റോളിലേക്ക് തെരഞ്ഞെടുത്തതിന്. ഈ വേഷത്തിനു വേണ്ടിയുള്ള തയ്യാറെടുപ്പിന് വലിയ അര്‍പ്പണം വേണ്ടിയിരുന്നു. പ്രേക്ഷകര്‍ക്ക് ഈ ചിത്രം ആസ്വാദ്യകരമാകുമെന്ന് മാത്രമല്ല, അതില്‍നിന്ന് അവര്‍ പ്രചോദിപ്പിക്കപ്പെടുമെന്നും ഞാന്‍ പ്രതീക്ഷിക്കുന്നു", ശ്രേയസ് പറയുന്നു.