300 കോടി ബജറ്റില്‍ തെലുങ്കിനെയും വെല്ലുന്ന കാന്‍വാസ്! അമ്പരപ്പിക്കാന്‍ സൂര്യ; 'കങ്കുവ' ടീസര്‍
38 ഭാഷകളിലാണ് ചിത്രത്തിന്‍റെ ആഗോള റിലീസ്
സൂര്യയെ നായകനാക്കി സിരുത്തൈ ശിവ സംവിധാനം ചെയ്യുന്ന പിരീഡ് ആക്ഷന്‍ ഡ്രാമ ചിത്രം കങ്കുവയുടെ ടീസര്‍ പുറത്തെത്തി. സൂര്യയുടെ കരിയറിലെ ഏറ്റവും വലിയ ബജറ്റില്‍ ഒരുങ്ങുന്ന ചിത്രത്തിന്‍റെ നിര്‍മ്മാണം സ്റ്റുഡിയോ ഗ്രീന്‍, യു വി ക്രിയേഷന്‍സ് എന്നീ ബാനറുകളില്‍ കെ ഇ ജ്ഞാനവേല്‍ രാജ, വി വംശി കൃഷ്ണ റെഡ്ഡി, പ്രമോദ് ഉപ്പളപതി എന്നിവര്‍ ചേര്‍ന്നാണ്.
സിസില്‍ ടീസര്‍ എന്ന പേരില്‍ പുറത്തിറക്കിയിരിക്കുന്ന പുതിയ വീഡിയോയ്ക്ക് 51 സെക്കന്‍ഡ് ദൈര്‍ഘ്യം മാത്രമാണ് ഉള്ളത്. എന്നാല്‍ ഈ ചിത്രം സംബന്ധിച്ച് പ്രേക്ഷകര്‍ക്കിടയില്‍ ഇതിനകം ഉയര്‍ന്നിട്ടുള്ള ഹൈപ്പിനെ സാധൂകരിക്കുന്ന ചിത്രമായിരിക്കും ഇതെന്ന പ്രതീക്ഷ ഉണര്‍ത്തുന്നുണ്ട് പുറത്തെത്തിയ ടീസര്‍. വെട്രി പളനിസാമിയാണ് ചിത്രത്തിന്‍റെ ഛായാഗ്രാഹകന്‍. സംഗീതം ദേവി ശ്രീ പ്രസാദ്, എഡിറ്റിംഗ് നിഷാദ് യൂസഫ്, ആക്ഷന്‍ സുപ്രീം സുന്ദര്‍, സംഭാഷണം മദര്‍ കാര്‍ക്കി, രചന ആദി നാരായണ, വരികള്‍ വിവേക- മദന്‍ കാര്‍ക്കി.
38 ഭാഷകളിലാവും ചിത്രത്തിന്‍റെ ആഗോള റിലീസ് എന്ന് ചിത്രത്തിന്‍റെ നിര്‍മ്മാതാവ്, സ്റ്റുഡിയോ ഗ്രീന്‍ ഉടമ കെ ഇ ജ്ഞാനവേല്‍ രാജ നേരത്തെ അറിയിച്ചിരുന്നു. "ചിത്രത്തിന് 3ഡി, ഐമാക്സ് പതിപ്പുകള്‍ ഉണ്ടാവും. തമിഴ് സിനിമ ഇതുവരെ എത്തിച്ചേര്‍ന്നിട്ടുള്ള വിപണികളെയെല്ലാം അതിലംഘിച്ചുള്ള റീച്ച് ആണ് ഞങ്ങള്‍ ഉദ്ദേശിക്കുന്നത്. വിചാരിക്കുന്ന രീതിയില്‍ കാര്യങ്ങള്‍ നടത്താല്‍ ബോക്സ് ഓഫീസ് കണക്കുകളിലും തമിഴ് സിനിമയുടെ റീച്ചിലും ചിത്രം പുതിയ വാതിലുകള്‍ തുറക്കും", നേരത്തെ നല്‍കിയ ഒരു അഭിമുഖത്തില്‍ ജ്ഞാനവേല്‍ രാജ പറഞ്ഞിരുന്നു. ചിത്രം 38 ലോകഭാഷകളില്‍ എത്തുമെന്ന് ടീസറിലും അറിയിച്ചിട്ടുണ്ട്.
ALSO READ : തെലുങ്കില്‍ അടുത്ത ചിത്രവുമായി അനുപമ പരമേശ്വരന്‍; 'ടില്ലു സ്ക്വയറി'ലെ ഗാനമെത്തി