Kaathuvaakula Rendu Kaadhal : ത്രികോണ പ്രണയകഥയിലെ നായകനായി വിജയ് സേതുപതി; കാതുവാക്കിലെ രണ്ടു കാതല്‍ ടീസര്‍
റൊമാന്‍റിക് കോമഡി ചിത്രം
വിജയ് സേതുപതി (Vijay Sethupathi), നയന്‍താര, സാമന്ത റൂത്ത് പ്രഭു എന്നിവരെ പ്രധാന കഥാപാത്രങ്ങളാക്കി വിഘ്നേഷ് ശിവന്‍ രചനയും സംവിധാനവും നിര്‍വ്വഹിച്ച കാതുവാക്കിലെ രണ്ടു കാതല്‍ (Kaathuvaakula Rendu Kaadhal) എന്ന ചിത്രത്തിന്‍റെ ടീസര്‍ പുറത്തെത്തി. ത്രികോണ പ്രണയകഥ പറയുന്ന ചിത്രത്തിലെ കമിതാക്കളാണ് മൂവരുടെയും കഥാപാത്രങ്ങള്‍. റൊമാന്‍റിക് കോമഡി വിഭാഗത്തില്‍ പെടുന്ന ചിത്രത്തിന്‍റെ പുറത്തെത്തിയ ഒന്നേമുക്കാല്‍ മിനിറ്റ് ദൈര്‍ഘ്യമുള്ള ടീസര്‍ ഏറെ രസകരമാണ്.
സെവന്‍ സ്ക്രീന്‍ സ്റ്റുഡിയോസുമായി ചേര്‍ന്ന് റൗഡി പിക്ചേഴ്സിന്‍റെ ബാനറില്‍ നയന്‍താരയും വിഘ്‍നേഷ് ശിവനും തന്നെയാണ് ചിത്രം നിര്‍മ്മിച്ചിരിക്കുന്നത്. റാംബോയായി സേതുപതി എത്തുമ്പോള്‍ കണ്‍മണിയായി നയന്‍താരയും ഖദീജയായി സാമന്തയും എത്തുന്നു. കല മാസ്റ്റര്‍, റെഡിന്‍ കിംഗ്സ്ലി, ലൊല്ലു സഭാ മാരന്‍, ഭാര്‍ഗവ്, ശ്രീശാന്ത് തുടങ്ങിയവര്‍ മറ്റു കഥാപാത്രങ്ങളെ അവതരിപ്പിച്ചിരിക്കുന്നു. എസ് ആര്‍ കതിരും വിജയ് കാര്‍ത്തിക് കണ്ണനുമാണ് ചിത്രത്തിന്‍റെ ഛായാഗ്രാഹകര്‍. എഡിറ്റിംഗ് ശ്രീകര്‍ പ്രസാദ്, ആക്ഷന്‍ ഡയറക്ടര്‍ ദിലീപ് സുബ്ബരായന്‍, സംഗീതം അനിരുദ്ധ് രവിചന്ദര്‍. അനിരുദ്ധ് സംഗീതം പകരുന്ന 25-ാം ചിത്രമാണിത്. ഏപ്രില്‍ 28ന് തിയറ്ററുകളിലെത്തും.