Jurassic World Dominion | ആറരക്കോടി വര്‍ഷങ്ങള്‍ക്കു മുന്‍പ്..; ബിഗ് സ്ക്രീനില്‍ ഞെട്ടിക്കാന്‍ വീണ്ടും ദിനോസര്‍
ജുറാസിക് പരമ്പരയിലെ ആറാം ചിത്രം
ലോകമെമ്പാടും പ്രായഭേദമന്യെ ആരാധകരെ സൃഷ്‍ടിച്ച ചിത്രമായിരുന്നു സ്റ്റീവന്‍ സ്‍പില്‍ബര്‍ഗിന്‍റെ ജുറാസിക് പാര്‍ക്ക് (1993). ഈ സിരീസില്‍ മൂന്ന് ചിത്രങ്ങളും പിന്നീടെത്തിയ ജുറാസിക് വേള്‍ഡ് സിരീസില്‍ രണ്ട് ചിത്രങ്ങളുമാണ് ഇതുവരെ ഇറങ്ങിയിട്ടുള്ളത്. ജുറാസിക് വേള്‍ഡ് സിരീസിലെ മൂന്നാം ചിത്രമായ 'ജുറാസിക് വേള്‍ഡ്: ഡൊമിനിയന്‍' (Jurassic World: Dominion) ആണ് ഇനി പ്രേക്ഷകരിലേക്ക് എത്താനുള്ളത്. അടുത്ത വര്‍ഷം തിയറ്ററുകളില്‍ എത്താനിരിക്കുന്ന ചിത്രത്തിന്‍റെ ഒരു പുതിയ ട്രെയ്‍ലര്‍ പുറത്തുവിട്ടിരിക്കുകയാണ് വിതരണക്കാരായ യൂണിവേഴ്സല്‍ പിക്ചേഴ്സ്. ചിത്രത്തിന്‍റെ പുറത്തെത്തിയിരിക്കുന്ന പ്രൊലോഗ് ട്രെയ്‍ലറിന് അഞ്ചര മിനിറ്റ് ദൈര്‍ഘ്യമുണ്ട്.
ആറരക്കോടി വര്‍ഷങ്ങള്‍ക്കു മുന്‍പുള്ള ദിനോസര്‍ ലോകത്തിലേക്ക് വാതില്‍ തുറക്കുന്ന ദൃശ്യങ്ങള്‍ ട്രെയ്‍ലറിലുണ്ട്. ചിത്രത്തിന്‍റെ പ്ലോട്ടിനെക്കുറിച്ച് ഔദ്യോഗിക വിവരങ്ങളൊന്നും പുറത്തുവന്നിട്ടില്ലെങ്കിലും ജുറാസിന് വേള്‍ഡ് സിരീസിലെ കഴിഞ്ഞ ചിത്രമായ 'ഫോളന്‍ കിംഗ്‍ഡ'ത്തിലെ കഥാപശ്ചാത്തലത്തിനു പിന്നാലെ നടക്കുന്ന സംഭവങ്ങളാണെന്ന് കരുതപ്പെടുന്നു. ക്ലോണിംഗിലൂടെ സൃഷ്‍ടിക്കപ്പെടുന്ന ദിനോസറുകള്‍ മനുഷ്യജീവിതത്തില്‍ സൃഷ്‍ടിക്കുന്ന ഭീതിയാണ് പുതിയ ചിത്രത്തിന്‍റെ പ്ലോട്ടെന്നാണ് ആരാധകരില്‍ പലരും കരുതുന്നതെന്ന് സോഷ്യല്‍ മീഡിയ പ്രതികരണങ്ങള്‍ തെളിയിക്കുന്നു.
കോളിന്‍ ട്രെവൊറോവ് സംവിധാനം ചെയ്‍തിരിക്കുന്ന ചിത്രത്തിന്‍റെ തിരക്കഥ സംവിധായകനൊപ്പം എമിലി കാര്‍മൈക്കളും ചേര്‍ന്നാണ് എഴുതിയിരിക്കുന്നത്. ആംബ്ലിന്‍ എന്‍റര്‍ടെയ്‍ന്‍മെന്‍റ് ആണ് നിര്‍മ്മാണം. ക്രിസ് പാറ്റ്, ബ്രൈസ് ഡല്ലാസ് ഹൊവാര്‍ഡ്, സാം നീല്‍, ലൗറ ഡേണ്‍ എന്നിവരാണ് പ്രധാന കഥാപാത്രങ്ങളെ അവതരിപ്പിക്കുന്നത്.