Jhund teaser : വിജയ് ബര്‍സെ ആയി അമിതാഭ് ബച്ചന്‍; 'ഝുണ്ഡ്' ടീസര്‍
നാഗ്‍രാജ് മഞ്ജുളെയുടെ ബോളിവുഡ് അരങ്ങേറ്റം
പ്രമുഖ മറാത്തി സംവിധായകന്‍ നാഗ്‍രാജ് മഞ്ജുളെ (Nagraj Manjule) അമിതാഭ് ബച്ചനെ (Amitabh Bachchan) കേന്ദ്ര കഥാപാത്രമാക്കി സംവിധാനം ചെയ്യുന്ന ചിത്രമാണ് ഝുണ്ഡ് (Jhund). ബയോഗ്രഫിക്കല്‍ സ്പോര്‍ട് വിഭാഗത്തില്‍ പെടുന്ന ചിത്രാണിത്. ചേരിനിവാസികളായ കുട്ടികളെ ഫുട്ബോളിലൂടെ കൈപിടിച്ച് ഉയര്‍ത്തുക എന്ന ലക്ഷ്യവുമായി സ്ലം സോക്കര്‍ എന്ന എന്‍ജിഒ ആരംഭിച്ച വിജയ് ബര്‍സെയുടെ ജീവിതമാണ് ചിത്രം. വിജയ് ബര്‍സെയുടെ റോളില്‍ ബച്ചനാണ് എത്തുന്നത്. ചിത്രത്തിന്‍റെ ടീസര്‍ അണിയറക്കാര്‍ പുറത്തുവിട്ടു.
ഫാന്‍ഡ്രി, സായ്‍റാത്ത് തുടങ്ങിയ മറാത്തി ചിത്രങ്ങളിലൂടെ വലിയ പ്രേക്ഷകപ്രീതി നേടിയ സംവിധായകനാണ് നാഗ്‍രാജ് മഞ്ജുളെ. അദ്ദേഹത്തിന്‍റെ ബോളിവുഡ് അരങ്ങേറ്റമാണ് ഝുണ്ഡ്. ഏറെക്കാലം വൈകിയതിനു ശേഷമാണ് ചിത്രം മാര്‍ച്ച് 2ന് തിയറ്ററുകളില്‍ എത്തുന്നത്. ചിത്രത്തിന്‍റെ പ്രഖ്യാപനസമയത്ത് 2019 സെപ്റ്റംബറില്‍ റിലീസ് ചെയ്യാനാണ് നിര്‍മ്മാതാക്കള്‍ ഉദ്ദേശിച്ചത്. എന്നാല്‍ കൊവിഡ് പശ്ചാത്തലത്തില്‍ റിലീസ് അനിശ്ചിതമായി നാളുകയായിരുന്നു. അമിതാഭ് ബച്ചനൊപ്പം ആകാശ് തോസര്‍, റിങ്കു രാജ്‍ഗുരു എന്നിവര്‍ പ്രധാന കഥാപാത്രങ്ങളെ അവതരിപ്പിക്കുന്നുണ്ട്. ഇരുവരും സായ്‍റാത്തിലെ പ്രകടനം കൊണ്ട് ശ്രദ്ധ നേടിയവരാണ്. ടി സിരീസ്, താണ്ഡവ് ഫിലിംസ്, ആട്‍പട് എന്നീ ബാനറുകള്‍ ചേര്‍ന്നാണ് നിര്‍മ്മാണം.