വരുന്നത് സണ്ണി ഡിയോളിന്‍റെ 'പുഷ്‍പ'? തെലുങ്ക് സംവിധായകന്‍, 100 കോടി ബജറ്റില്‍ 'ജാട്ട്', ടീസര്‍ എത്തി
തെലുങ്ക് സംവിധായകന്‍ ഗോപിചന്ദ് മലിനേനിയുടെ ബോളിവുഡ് അരങ്ങേറ്റം
തെലുങ്ക് സിനിമകള്‍ നേടുന്ന പാന്‍ ഇന്ത്യന്‍ ബോക്സ് ഓഫീസ് വിജയം ബോളിവുഡിനെ വലിയ രീതിയില്‍ സ്വാധീനിക്കുന്നുണ്ട്. അതിന്‍റെ ഏറ്റവും പുതിയ തെളിവാണ് സണ്ണി ഡിയോള്‍ നായകനാവുന്ന ജാട്ട്. തെലുങ്ക് മാസ് മസാല സിനിമകളുടെ പാറ്റേണില്‍ എത്തുന്ന ചിത്രം ഒരുക്കുന്നതും ഒരു തെലുങ്ക് സംവിധായകനാണ്. നന്ദമൂരി ബാലകൃഷ്ണയുടെ വീര സിംഹ റെഡ്ഡി അടക്കമുള്ള ചിത്രങ്ങളിലൂടെ ശ്രദ്ധ നേടിയ സംവിധായകന്‍ ഗോപിചന്ദ് മലിനേനിയാണ് ജാട്ട് ഒരുക്കുന്നത്. ഇപ്പോഴിതാ ചിത്രത്തിന്‍റെ ടീസര്‍ പുറത്തെത്തിയിരിക്കുകയാണ്.
അല്ലു അര്‍ജുന്‍ ചിത്രം പുഷ്പ 2 നൊപ്പം തിയറ്ററുകളില്‍ റിലീസ് ചെയ്യപ്പെട്ട ടീസര്‍ ഇന്നലെയാണ് അണിയറക്കാര്‍ യുട്യൂബിലൂടെ റിലീസ് ചെയ്തത്. പാന്‍ ഇന്ത്യന്‍ തെലുങ്ക് ചിത്രങ്ങള്‍ തിയറ്ററുകളില്‍ ആഘോഷിക്കുന്ന ഉത്തരേന്ത്യന്‍ പ്രേക്ഷകര്‍ക്കുവേണ്ടി ഡിസൈന്‍ ചെയ്യപ്പെട്ടതെന്ന് കൃത്യമായി ബോധ്യപ്പെടുത്തുന്ന ടീസറില്‍ മമ്പന്‍ ആക്ഷന്‍ രംഗങ്ങളുണ്ട്. 1.27 മിനിറ്റ് ആണ് ടീസറിന്‍റെ ദൈര്‍ഘ്യം.
സണ്ണി ഡിയോളിനൊപ്പം രണ്‍ദീപ് ഹൂഡ, വിനീത് കുമാര്‍ സിംഗ്, റെഗിന കസാന്‍ഡ്ര, സൈയാമി ഖേര്‍, സ്വരൂപ് ഘോഷ് തുടങ്ങിയവര്‍ മറ്റ് കഥാപാത്രങ്ങളെ അവതരിപ്പിക്കുന്നു. ചിത്രത്തിന്‍റെ കഥയും തിരക്കഥയും ഗോപിചന്ദിന്‍റേത് തന്നെയാണ്. റാം ലക്ഷ്മണ്‍, വി വെങ്കട്ട്, പീറ്റര്‍ ഹെയ്ന്‍, അനല്‍ അരസ് എന്നിങ്ങനെ നീളുന്നു ചിത്രത്തിലെ ഫൈറ്റ് മാസ്റ്റര്‍മാരുടെ പേരുകള്‍. മൈത്രി മൂവ് മേക്കേഴ്സും പീപ്പിള്‍ മീഡിയ ഫാക്റ്ററിയും ചേര്‍ന്നാണ് ചിത്രത്തിന്‍റെ നിര്‍മ്മാണം. ഗദര്‍ 2 ന് ശേഷം സണ്ണി ഡിയോളിന് വമ്പന്‍ ഹിറ്റ് സമ്മാനിക്കുമെന്ന് പ്രതീക്ഷിക്കപ്പെടുന്ന സിനിമയാണ് ഇത്. 2025 ഏപ്രിലില്‍ ചിത്രം തിയറ്ററുകളില്‍ എത്തും.