Heaven Teaser : പൊലീസ് യൂണിഫോമില്‍ വീണ്ടും സുരാജ്; ഹെവന്‍ ടീസര്‍
അടുത്ത മാസം തിയറ്ററുകളില്‍
വ്യത്യസ്തങ്ങളായ കഥാപാത്രങ്ങളിലൂടെ പ്രേക്ഷകരുടെ കൈയടികള്‍ നേടിക്കൊണ്ടിരിക്കുന്ന നടനാണ് സുരാജ് വെഞ്ഞാറമൂട് (Suraj Venjaramoodu). പൃഥ്വിരാജ് നായകനായ ജന ഗണ മനയാണ് അദ്ദേഹത്തിന്‍റേതായി അവസാനം പ്രദര്‍ശനത്തിനെത്തിയത്. പൃഥ്വിരാജിന്‍റെ കഥാപാത്രത്തോളം തന്നെ പ്രാധാന്യമുള്ള ഒരു പൊലീസ് വേഷമായിരുന്നു അത്. പുറത്തിറങ്ങാനിരിക്കുന്ന ഹെവന്‍ (Heaven) എന്ന ചിത്രത്തിലും പൊലീസ് യൂണിഫോമിലാണ് സുരാജ്. നവാഗതനായ ഉണ്ണി ഗോവിന്ദ്‍രാജ് സംവിധാനം ചെയ്‍തിരിക്കുന്ന ചിത്രത്തിന്‍റെ ടീസര്‍ പുറത്തെത്തി.
അഭിജ, ജാഫര്‍ ഇടുക്കി, ജോയ് മാത്യു, അലന്‍സിയര്‍, സുധീഷ് തുടങ്ങിയവര്‍ ചിത്രത്തില്‍ പ്രധാന കഥാപാത്രങ്ങളെ അവതരിപ്പിക്കുന്നുണ്ട്. എ ഡി ശ്രീകുമാര്‍, രമ ശ്രീകുമാര്‍, കെ കൃഷ്ണന്‍, ടി ആര്‍ രഘുരാജ് എന്നിവരാണ് നിര്‍മ്മാണം. പി എസ് സുബ്രഹ്‍മണ്യന്‍, ഉണ്ണി ഗോവിന്ദ്‍രാജ് എന്നിവരുടേതാണ് രചന. ഛായാഗ്രഹണം വിനോദ് ഇല്ലംപള്ളി, സംഗീതം ഗോപി സുന്ദര്‍, വരികള്‍ അന്‍വര്‍ അലി, ഓഡിയോഗ്രഫി എം ആര്‍ രാജാകൃഷ്ണന്‍, എഡിറ്റിംഗ് ടോബി ജോണ്‍, മേക്കപ്പ് ജിത്തു പയ്യന്നൂര്‍, വസ്ത്രാലങ്കാരം സുജിത്ത് മട്ടന്നൂര്‍, സംഘട്ടനം മാഫിയ ശശി, സൌണ്ട് ഡിസൈന്‍ വിക്കി, കിഷന്‍, ചീഫ് അസോസിയേറ്റ് ഡയറക്ടര്‍ ബേബി പണിക്കര്‍, കളറിസ്റ്റ് ശ്രിക് വാര്യര്‍, പിആര്‍ഒ ശബരി. ചിത്രം ജൂണ്‍ മാസത്തില്‍ തിയറ്ററുകളില്‍ എത്തും.
'സി സ്പേസ്'; സംസ്ഥാന സര്ക്കാരിന്റെ ഒടിടി പ്ലാറ്റ്‍ഫോം കേരളപ്പിറവി ദിനത്തില്‍
കേരള സര്‍ക്കാരിന്‍റെ നേതൃത്വത്തില്‍ ഒരു ഓവര്‍ ദ് ടോപ്പ് പ്ലാറ്റ്‍ഫോം (ഒടിടി) വരുന്നു. സംസ്ഥാന സര്‍ക്കാരിനുവേണ്ടി സാംസ്കാരിക വകുപ്പ് ഒരുക്കുന്ന പ്ലാറ്റ്ഫോമിന് സി സ്പേസ് എന്നാണ് പേരിട്ടിരിക്കുന്നത്. കേരളപ്പിറവി ദിനമായ നവംബര്‍ ഒന്നിന് ഇതിന്‍റെ പ്രവര്‍ത്തനം ആരംഭിക്കുമെന്ന് സാംസ്കാരിക വകുപ്പ് മന്ത്രി സജി ചെറിയാന്‍ അറിയിച്ചു. ഡയറക്റ്റ് ഒടിടി റിലീസുകള്‍ അല്ല മറിച്ച് തിയറ്റര്‍ റിലീസിനു ശേഷമാണ് സിനിമകള്‍ ഈ പ്ലാറ്റ്ഫോമിലേക്ക് പ്രദര്‍ശനത്തിന് എത്തുക.
സി സ്പേസ് ഒടിടിയെക്കുറിച്ച് സജി ചെറിയാന്‍
സംസ്ഥാന സര്ക്കാരിന്റെ ഒടിടി പ്ലാറ്റ്ഫോം കേരളപ്പിറവിക്ക് യാഥാര്‍ത്ഥ്യമാകും. സംസ്ഥാന സര്‍ക്കാരിനു കീഴില്‍ സാംസ്‌കാരിക വകുപ്പ് ഒരുക്കുന്ന ഒടിടി (ഓവര്‍ ദ് ടോപ്പ്) പ്ളാറ്റ്ഫോം നവംബര്‍ ഒന്നിന് പ്രവര്‍ത്തനം ആരംഭിക്കും. “സി സ്പേസ് (C Space)” എന്ന പേരിലാകും ഒടിടി പ്ളാറ്റ്ഫോം അറിയപ്പെടുക. സർക്കാരിന്റെ കീഴിൽ സിനിമാസ്വാദനത്തിനായി ഇത്തരത്തിലൊരു സംവിധാനം ഒരുക്കുന്ന ഇന്ത്യയിലെ ആദ്യ സംസ്ഥാനമാണ് കേരളം.
READ MORE : ബോക്സ് ഓഫീസിൽ റോക്കി ഭായിയുടെ പടയോട്ടം; 1200 കോടി കടന്ന് 'കെജിഎഫ് 2'
തിയറ്റർ റിലീസിംഗിനു ശേഷമാണ് സിനിമകള്‍ ഒടിടിയിലേക്ക് എത്തുക. അതിനാല്‍ തന്നെ ഈ സംവിധാനം കാരണം സംസ്ഥാനത്തെ തിയറ്റർ വ്യവസായത്തിന് വരുമാന നഷ്ടം സംഭവിക്കുകയില്ല എന്നു മാത്രമല്ല ഓരോ നിർമ്മാതാവിനും എക്കാലവും ഇതിന്മേലുള്ള വരുമാനത്തിന്റെ ഒരു ഭാഗം ലഭിക്കുന്നതായിരിക്കും. ഹ്രസ്വചിത്രങ്ങൾ, ഡോക്യുമെന്ററികൾ തുടങ്ങിയവയും ഇതിലൂടെ കാണുവാനുള്ള സംവിധാനവും ഒരുക്കുന്നുണ്ട്. കലാമൂല്യമുള്ളതും സംസ്ഥാന, ദേശീയ, അന്തർദ്ദേശീയ പുരസ്ക്കാരം നേടിയതുമായ ചിത്രങ്ങൾക്ക് ഒടിടിയിൽ പ്രദർശിപ്പിക്കുന്നതിന് മുൻഗണന നല്‍കും. ഒടിടി പ്ലാറ്റ്ഫോമിലേക്ക് സിനിമകൾ രജിസ്റ്റർ ചെയ്യുവാനുള്ള സൗകര്യം 2022 ജൂൺ 1 മുതൽ കെഎസ്എഫ്ഡിസി ഹെഡ് ഓഫീസിലും ചിത്രാഞ്ജലി സ്റ്റുഡിയോയിലും ഉണ്ടായിരിക്കും.