'ജയിലറി'ന് ശേഷം ഡി ഏജിംഗിലൂടെ ചെറുപ്പമായ ശിവണ്ണ! ഒപ്പം ജയറാം: 'ഗോസ്റ്റ്' ട്രെയ്‍ലര്‍
'ബീര്‍ബല്‍' ട്രിലജിയിലെ രണ്ടാമത്തെ ചിത്രം
അതിഥിവേഷങ്ങള്‍ രജനികാന്ത് ചിത്രം ജയിലറിന് നല്‍കിയ പകിട്ട് ചെറുതായിരുന്നില്ല. മോഹന്‍ലാലിനൊപ്പം തിയറ്ററുകളില്‍ ഏറ്റവും കൈയടി നേടിയ അതിഥിവേഷങ്ങളില്‍ ഒന്നായിരുന്നു കന്നഡ താരം ശിവ രാജ്‍കുമാറിന്‍റേത്. ജയിലറിന്‍റെ വന്‍ വിജയത്തിന് ശേഷം ശിവ രാജ്കുമാര്‍ സ്ക്രീനിലെത്തുന്നത് താന്‍ നായകനാവുന്ന, കരിയറിലെ ആദ്യ പാന്‍ ഇന്ത്യന്‍ ചിത്രവുമായാണ്. എം ജി ശ്രീനിവാസ് സംവിധാനം ചെയ്യുന്ന ഹെയ്സ്റ്റ് ആക്ഷന്‍ ത്രില്ലര്‍ ചിത്രം ഗോസ്റ്റ് ആണ് അത്. ഇപ്പോഴിതാ ചിത്രത്തിന്‍റെ ട്രെയ്‍ലര്‍ പുറത്തുവിട്ടിരിക്കുകയാണ് അണിയറക്കാര്‍.
തന്‍റെ ബീര്‍ബല്‍ ട്രിലജിയിലെ രണ്ടാമത്തെ ചിത്രമായി എം ജി ശ്രീനിവാസ് വിഭാവനം ചെയ്തിരിക്കുന്ന ചിത്രമാണിത്. ചിത്രത്തിന്‍റെ ഹിന്ദി പതിപ്പ് വാങ്ങിയിരിക്കുന്നത് ജയന്തിലാല്‍ ഗാഡയുടെ പെന്‍ മൂവീസ് ആണ്. കന്നഡയില്‍ നിന്നുള്ള ഒരു ചിത്രത്തിന്‍റെ റൈറ്റ്സ് പെന്‍ മൂവീസ് ആദ്യമായാണ് വാങ്ങുന്നത്. ശിവ രാജ്‍കുമാറിന്‍റെ താരമൂല്യത്തില്‍ ഉണ്ടായിരിക്കുന്ന വലിയ വളര്‍ച്ചയുടെ തെളിവായി ട്രേഡ് അനലിസ്റ്റുകളില്‍ പലരും ഇതിനെ വിലയിരുത്തിയിരുന്നു.
ഒരു ഗ്യാങ്സ്റ്ററും സംഘവും ഒരു ആവശ്യത്തിന് വേണ്ടി ഒരു ജയില്‍ ഹൈജാക്ക് ചെയ്യുന്നതാണ് ചിത്രത്തിന്‍റെ പ്ലോട്ട്. ഡിജിറ്റല്‍ ഡീ ഏജിംഗിലൂടെ പ്രായം കുറഞ്ഞ ഗെറ്റപ്പിലും ചിത്രത്തില്‍ ശിവ രാജ്‍കുമാറിനെ കാണാം എന്നത് പ്രേക്ഷകര്‍ക്കുള്ള കൌതുകമാണ്. ജയറാമാണ് മറ്റൊരു പ്രധാന കഥാപാത്രത്തെ അവതരിപ്പിക്കുന്നത്. അനുപം ഖേര്‍, പ്രശാന്ത് നാരായണന്‍, അര്‍ച്ചന ജോയിസ്, സത്യ പ്രകാശ്, എം ജി ശ്രീനിവാസ് തുടങ്ങിയവരും അഭിനയിക്കുന്നു. ചിത്രത്തിന്‍റെ തമിഴ്, തെലുങ്ക് പതിപ്പുകള്‍ക്കായി ഡബ്ബ് ചെയ്തത് ശിവ രാജ്‍കുമാര്‍ തന്നെയാണ്. കന്നഡ, തമിഴ്, തെലുങ്ക്, മലയാളം, ഹിന്ദി ഭാഷകളിലായി ഒക്ടോബര്‍ 19 ന് തിയറ്ററുകളിലെത്തും.