ശിഖര്‍ ധവാന്‍റെ സിനിമാ അരങ്ങേറ്റം; 'ഡബിള്‍ എക്സ്എല്‍' ട്രെയ്‍ലര്‍

കോമഡി ഡ്രാമ വിഭാഗത്തില്‍ പെടുന്ന ചിത്രം

double xl hindi movie trailer Sonakshi Sinha Huma Qureshi shikhar dhawan

ഹുമ ഖുറേഷി, സൊനാക്ഷി സിന്‍ഹ എന്നിവരെ കേന്ദ്ര കഥാപാത്രങ്ങളാക്കി സത്റാം രമണി സംവിധാനം ചെയ്യുന്ന ബോളിവുഡ് ചിത്രം ഡബിള്‍ എക്സ്എലിന്‍റെ ട്രെയ്‍ലര്‍ പുറത്തെത്തി. ഇന്ത്യന്‍ ക്രിക്കറ്റ് താരം ശിഖര്‍ ധവാന്‍റെ സിനിമാ അരങ്ങേറ്റം എന്ന പ്രത്യകേതയുമുണ്ട് ചിത്രത്തിന്. കോമഡി ഡ്രാമ വിഭാഗത്തില്‍ പെടുന്ന ചിത്രം ഉയര്‍ന്ന ശരീരഭാരമുള്ള രണ്ട് സ്ത്രീകളുടെ ജീവിതയാത്രയാണ് ആവിഷ്കരിക്കുന്നത്. ശരീരഭാരം കൂടിയതിന്‍റെ പേരില്‍ നിരന്തരം അവഹേളനങ്ങളിലൂടെ കടന്നുപോകേണ്ടിവരുന്ന ഇരുവരും പക്ഷേ അവയെയൊക്കെ വകഞ്ഞുമാറ്റി സ്വന്തം സ്വപ്നങ്ങള്‍ സാധ്യമാക്കാനുള്ള പരിശ്രമങ്ങളിലാണ്. 

രാജ്ശ്രീ ത്രിവേദി എന്ന ദില്ലിയില്‍ നിന്നുള്ള സ്പോര്‍ട്സ് അവതാരകയാണ് ഹുമ ഖുറേഷി അവതരിപ്പിക്കുന്ന കഥാപാത്രം. സൈറ ഖന്ന എന്ന ഫാഷന്‍ ഡിസൈനര്‍ ആണ് സൊനാക്ഷിയുടെ കഥാപാത്രം. ഉയര്‍ന്ന ശരീരഭാരം കാരണം തങ്ങള്‍ക്ക് താല്‍പര്യമുള്ള മേഖലകളില്‍ പ്രവര്‍ത്തിക്കുന്നതില്‍ നിന്നും പലരും നിരുത്സാഹപ്പെടുത്തിയിട്ടും അതില്‍ തന്നെ പ്രാവീണ്യം നേടുകയാണ് ഇരുവരും. 

ALSO READ : യുകെ, ഓസ്ട്രേലിയ, ന്യൂസിലന്‍സ്; 'റോഷാക്ക്' ഈ വാരം കൂടുതല്‍ രാജ്യങ്ങളിലേക്ക്

ചിത്രത്തിന്‍റെ കഥ തന്നെ ആഴത്തില്‍ സ്വാധീനിച്ചുവെന്ന് ശിഖര്‍ ധവാന്‍ പറയുന്നു. രാജ്യത്തിനുവേണ്ടി കളിക്കുന്ന ഒരു അത്‍ലറ്റ് എന്ന നിലയില്‍ ജീവിതം എപ്പോഴും തിരക്ക് നിറഞ്ഞതാണ്. രസിപ്പിക്കുന്ന സിനിമകള്‍ കാണുക എന്നതാണ് എന്‍റെ പ്രിയപ്പെട്ട ഹോബികളില്‍ ഒന്ന്. ഈ ചിത്രത്തിന്‍റെ കഥ സമൂഹത്തിന് ഒരു വലിയ സന്ദേശമാണ് നല്‍കുന്നതെന്നും അനേകം ആണ്‍കുട്ടികളെയും പെണ്‍കുട്ടികളെയും ചിത്രം സ്വാധീനിക്കുമെന്നാണ് താന്‍ കരുതുന്നതെന്നും അഭിനേതാവ് എന്ന നിലയില്‍ അരങ്ങേറാനുള്ള തീരുമാനത്തെക്കുറിച്ച് ശിഖര്‍ ധവാന്‍ പറഞ്ഞു.

സഹീര്‍ ഇഖ്ബാലും മഹാത് രാഘവേന്ദ്രയും ചിത്രത്തില്‍ അഭിനയിക്കുന്നുണ്ട്. ടി സിരീസ്, വകാവു ഫിലിംസ്, റിക്ലൈനിംഗ് സീറ്റ്സ് സിനിമയും ചേര്‍ന്നാണ് ചിത്രം അവതരിപ്പിക്കുന്നത്. ഡയറക്റ്റ് ഒടിടി റിലീസ് ആയ ചിത്രം നവംബര്‍ 4 ന് നെറ്റ്ഫ്ലിക്സിലൂടെയാണ് എത്തുക.

Latest Videos
Follow Us:
Download App:
  • android
  • ios