വിജയം ആവര്‍ത്തിക്കാന്‍ കന്നഡ സിനിമ; ധ്രുവ സര്‍ജ നായകനാവുന്ന പാന്‍ ഇന്ത്യന്‍ ചിത്രം പ്രഖ്യാപിച്ചു
കന്നഡ സിനിമയിലെ പ്രമുഖ ബാനര്‍ ആയ കെവിഎന്‍ പ്രൊഡക്ഷന്‍സിന്‍റെ നാലാമത്തെ പ്രോജക്റ്റ്
കെജിഎഫ് ഫ്രാഞ്ചൈസി എത്തുന്നതു വരെ സാന്‍ഡല്‍വുഡ് എന്നത് കര്‍ണാടകത്തിന് പുറത്തുള്ള ഒരു ശരാശരി സിനിമാപ്രേമിക്ക് ഏറെക്കുറെ അന്യമായിരുന്നു. എന്നാല്‍ യഷിനെ നായകനാക്കി പ്രശാന്ത് നീല്‍ ഒരുക്കിയ പിരീഡ് ആക്ഷന്‍ ചിത്രം കന്നഡ സിനിമയെക്കുറിച്ചുള്ള ധാരണകളെ തിരുത്തിയെഴുതി. കെജിഎഫിനു പുറമെ ചാര്‍ലി 777, വിക്രാന്ത് റോണ, ഇപ്പോള്‍ തിയറ്ററുകളിലുള്ള കാന്താരാ എന്നിവയും ഇന്ത്യ മുഴുവന്‍ ശ്രദ്ധിച്ച സിനിമകളാണ്. ഇപ്പോഴിതാ ആ ഗണത്തിലേക്ക് മറ്റൊരു ചിത്രം കൂടി എത്തുകയാണ്. ധ്രുവ സര്‍ജയെ നായകനാക്കി പ്രേം സംവിധാനം ചെയ്യുന്ന പാന്‍ ഇന്ത്യന്‍ ചിത്രം കെഡി ദ് ഡെവിളിന്‍റെ ടൈറ്റില്‍ ടീസര്‍ അണിയറക്കാര്‍ പ്രഖ്യാപിച്ചു. ബംഗളൂരുവില്‍ നടന്ന ചടങ്ങില്‍ ചിത്രത്തിന്‍റെ അണിയറക്കാര്‍ക്കൊപ്പം ബോളിവുഡ് താരം സഞ്ജയ് ദത്തും സന്നിഹിതനായിരുന്നു.
കന്നഡ സിനിമയിലെ പ്രമുഖ ബാനര്‍ ആയ കെവിഎന്‍ പ്രൊഡക്ഷന്‍സിന്‍റെ നാലാമത്തെ പ്രോജക്റ്റ് ആണ് കെഡി. അഞ്ച് ഭാഷകളില്‍ പുറത്തിറക്കിയ ടൈറ്റില്‍ ടീസറിന് ശബ്ദ വിവരണം നല്‍കിയിരിക്കുന്നത് അതത് ഭാഷകളിലെ സൂപ്പര്‍താരങ്ങളാണ്. സഞ്ജയ് ദത്ത് ഹിന്ദിയിലും വിജയ് സേതുപതി തമിഴിലും ശബ്ദം പകര്‍ന്ന ടീസറിന്‍റെ മലയാളം പതിപ്പിന്‍റെ അവതരണം മോഹന്‍ലാലിന്‍റെ ശബ്ദത്തിലാണ്. ആശിര്‍വാദ് സിനിമാസ് ആവും ചിത്രത്തിന്‍റെ കേരളത്തിലെ വിതരണം. ലോകത്ത് നന്മ ഉള്ളതുപോലെ തിന്മയും ഉണ്ട് എന്ന ആശയത്തില്‍ ഊന്നിയാണ് ചിത്രത്തിന്‍റെ പ്ലോട്ട് എന്ന് സംവിധായകന്‍ പ്രേം ചടങ്ങില്‍ പറഞ്ഞു. അതേസമയം രക്തച്ചൊരിച്ചില്‍ എന്ന നിലയില്‍ ഒതുങ്ങുന്ന ഒരു ചിത്രമല്ല ഇതെന്നും പ്രണയത്തിന്‍റേതായ ഒരു ട്രാക്കിനൊപ്പം ഒരു സന്ദേശവും അടങ്ങുന്ന ചിത്രമാണിതെന്നും അദ്ദേഹം പറഞ്ഞു. കെജിഎഫ്, പുഷ്പ എന്നീ ചിത്രങ്ങളില്‍ നിന്നും തികച്ചും വിഭിന്നമായിരിക്കും കെഡി എന്നും പ്രേം കൂട്ടിച്ചേര്‍ത്തു.
ചിത്രം കുടുംബ പ്രേക്ഷകര്‍ക്കും രസിക്കുമെന്നാണ് താന്‍ കരുതുന്നതെന്ന് ധ്രുവ സര്‍ജ പറഞ്ഞു. കൂടുതല്‍ തെന്നിന്ത്യന്‍ ചിത്രങ്ങളില്‍ അഭിനയിക്കാനുള്ള താല്‍പര്യം വെളിപ്പെടുത്തിക്കൊണ്ടുള്ളതായിരുന്നു സഞ്ജയ് ദത്തിന്‍റെ വാക്കുകള്‍. കാളി എന്നാണ് ചിത്രത്തില്‍ ധ്രുവ സര്‍ജ അവതരിപ്പിക്കുന്ന നായക കഥാപാത്രത്തിന്‍റെ പേര്. സാധാരണ ഒരു ട്രെയ്‍ലര്‍ പുറത്തിറക്കുന്ന ദൈര്‍ഘ്യത്തിലാണ് കെഡി ദ് ഡെവിളിന്‍റെ ടൈറ്റില്‍ ടീസര്‍ അവതരിപ്പിക്കപ്പെട്ടിരിക്കുന്നത്. 2.47 മിനിറ്റ് ആണ് ടീസറിന്‍റെ ദൈര്‍ഘ്യം.