'റോക്കട്രി'ക്കു ശേഷം സസ്പെന്‍സ് ഡ്രാമയുമായി മാധവന്‍; 'ധോക്ക' ടീസര്‍
നാഗരികരായ ദമ്പതികളുടെ ഒരു ദിവസത്തിലെ ചില അപ്രതീക്ഷിത സംഭവങ്ങളില്‍ നിന്നാണ് ചിത്രത്തിന്റെ പ്ലോട്ട്
സംവിധായകന്‍ എന്ന നിലയില്‍ താന്‍ അരങ്ങേറ്റം നടത്തിയ ചിത്രം തിയറ്ററുകളില്‍ മികച്ച പ്രതികരണം നേടിയതിന്‍റെ സന്തോഷത്തിലാണ് ആര്‍ മാധവന്‍ (R Madhavan). ബഹിരാകാശ ശാസ്ത്രജ്ഞന്‍ നമ്പി നാരായണന്‍റെ ജീവിതം പറഞ്ഞ ചിത്രത്തിന്‍റെ രചനയും ഒപ്പം കേന്ദ്ര കഥാപാത്രമായ നമ്പി നാരായണനെ അവതരിപ്പിച്ചതും മാധവന്‍ ആയിരുന്നു. ഇപ്പോഴിതാ മാധവന്‍ കേന്ദ്ര കഥാപാത്രത്തെ അവതരിപ്പിക്കുന്ന അടുത്ത ചിത്രത്തിന്‍റെ ടീസര്‍ പുറത്തെത്തിയിരിക്കുകയാണ്. ബോളിവുഡില്‍ നിന്ന് എത്തുന്ന സസ്പെന്‍സ് ഡ്രാമ ചിത്രത്തിന്‍റെ പേര് ധോക്ക: റൌണ്ട് ദ് കോര്‍ണര്‍ (Dhokha Rond D Corner) എന്നാണ്.
ഖുഷാലി കുമാര്‍, ദര്‍ശന്‍ കുമാര്‍, അപര്‍ശക്തി ഖുറാന എന്നിവരാണ് ചിത്രത്തില്‍ മറ്റു പ്രധാന കഥാപാത്രങ്ങളെ അവതരിപ്പിച്ചിരിക്കുന്നത്. കൂക്കി ഗുലാത്തി സംവിധാനം ചെയ്യുന്ന ചിത്രം ഖുഷാലി കുമാറിന്‍റെ സിനിമാ അരങ്ങേറ്റവുമാണ്. ടി സിരീസ് സ്ഥാപകന്‍, പരേതനായ ഗുല്‍ഷന്‍ കുമാറിന്‍റെ മകളാണ് ഖുഷാലി. അതേസമയം ആമിര്‍ ഖാന്‍ ചിത്രം ദംഗലിലൂടെ അരങ്ങേറിയ അപര്‍ശക്തി ഹം ദോ ഹമാരെ ദോ, ദ് കശ്‍മീര്‍ ഫയല്‍സ് തുടങ്ങിയ ചിത്രങ്ങളിലും അവര്‍ ശ്രദ്ധ നേടിയിരുന്നു. ദ് ബിഗ് ബുള്‍, പ്രിന്‍സ് എന്നീ ചിത്രങ്ങളിലൂടെ ശ്രദ്ധ നേടിയ സംവിധായകനാണ് കൂക്കി ഗുലാത്തി. വിസ്ഫോട്ട് എന്ന മറ്റൊരു ചിത്രം കൂടി അദ്ദേഹത്തിന്‍റേതായി പുറത്തെത്താനുണ്ട്. ഫര്‍ദ്ദീന്‍ ഖാനും റിതേഷ് ദേശ്മുഖുമാണ് ഈ ചിത്രത്തില്‍ പ്രധാന കഥാപാത്രങ്ങളെ അവതരിപ്പിക്കുന്നത്.
ALSO READ : ദേവദൂതര്‍ പാടി ഡീക്യു വേര്‍ഷൻ, സീതാരാമം പ്രൊമോഷനിൽ ചാക്കോച്ചനെ അനുകരിച്ച് ദുൽഖർ
നാഗരികരായ ദമ്പതികളുടെ ഒരു ദിവസത്തിലെ ചില അപ്രതീക്ഷിത സംഭവങ്ങളില്‍ നിന്നാണ് ചിത്രത്തിന്റെ പ്ലോട്ട് എന്ന് അറിയുന്നു. ടി സിരീസ് ഫിലിം പ്രൊഡക്ഷന്‍റെ ബാനറില്‍ ഭൂഷണ്‍ കുമാര്‍, കൃഷന്‍ കുമാര്‍, ധര്‍മേന്ദ്ര ശര്‍മ്മ, വിക്രാന്ത് ശര്‍മ്മ എന്നിവരാണ് നിര്‍മ്മാണം.