ബിഗ് സ്ക്രീനില്‍ വീണ്ടും ആ ക്ലാസിക് പ്രകടനം, കൂടുതല്‍ മിഴിവോടെ 'ദേവദൂതന്‍'; റീ റിലീസ് ട്രെയ്‍ലര്‍

രഘുനാഥ് പലേരിയുടേതാണ് തിരക്കഥ

devadoothan re release trailer mohanlal sibi malayil siyad koker Raghunath Paleri

സ്ഫടികത്തിന് ശേഷം മോഹന്‍ലാല്‍ നായകനായ മറ്റൊരു ചിത്രം കൂടി റീ റിലീസിന് എത്തുന്നു. സിബി മലയില്‍ സംവിധാനം ചെയ്ത് 2000 ല്‍ പ്രദര്‍ശനത്തിനെത്തിയ ദേവദൂതന്‍ ആണ് ആ ചിത്രം. 4കെ, ഡോള്‍ബി അറ്റ്മോസിലേക്ക് ശബ്ദവും ദൃശ്യവും പുതുക്കപ്പെട്ട ചിത്രത്തിന്‍റെ ട്രയ്‍ലര്‍ പുറത്തിറങ്ങി. മോഹന്‍ലാലും സിബി മലയിലുമടക്കം പങ്കെടുത്ത, കൊച്ചിയില്‍ നടന്ന ചടങ്ങിലാണ് ട്രെയ്‍ലര്‍ ലോഞ്ച് ചെയ്തത്. 

രഘുനാഥ് പലേരി തിരക്കഥയൊരുക്കിയ ചിത്രം മിസ്റ്ററി ഹൊറര്‍ വിഭാഗത്തില്‍ പെട്ട ഒന്നാണ്. പ്രശസ്ത സംഗീത സംവിധായകന്‍ വിശാല്‍ കൃഷ്ണമൂര്‍ത്തിയായി മോഹന്‍ലാല്‍ എത്തിയ ചിത്രം സംഗീതത്തിന് അതീവ പ്രാധാന്യമുള്ള ഒന്നുമായിരുന്നു. വിദ്യാസാഗര്‍ ആയിരുന്നു സംഗീത സംവിധായകന്‍. ചിത്രത്തിലെ പാട്ടുകളൊക്കെ ഹിറ്റുകളായിരുന്നു. സന്തോഷ് തുണ്ടിയില്‍ ആയിരുന്നു ഛായാഗ്രാഹകന്‍. സിബി മലയിലിന്‍റെ കരിയറിലെ ഏറ്റവും വലിയ കാന്‍വാസില്‍ ഒരുങ്ങിയ ചിത്രം കൂടിയായിരുന്നു ദേവദൂതന്‍. വലിയ പരിശ്രമമാണ് ഈ ചിത്രത്തിനുവേണ്ടി അദ്ദേഹം നടത്തിയത്. 2000 ഡിസംബര്‍ 22 ന് ക്രിസ്മസ് റിലീസ് ആയാണ് ചിത്രം തിയറ്ററുകളില്‍ എത്തിയത്.

എന്നാല്‍ വേറിട്ട കഥയും അവതരണവുമായി എത്തിയ ഈ ചിത്രത്തിന് പ്രേക്ഷകരില്‍ സ്വീകാര്യത സൃഷ്ടിക്കാന്‍ സാധിച്ചില്ല. ദേവദൂതന്‍റെ പരാജയം തനിക്ക് അക്കാലത്ത് വലിയ മാനസിക പ്രയാസം ഉണ്ടാക്കിയെന്ന് സിബി മലയില്‍ പിന്നീട് പറഞ്ഞിട്ടുണ്ട്. അതേസമയം പില്‍ക്കാലത്ത് ടെലിവിഷനില്‍ പലപ്പോഴും സംപ്രേഷണം ചെയ്യപ്പെടാറുള്ള ദേവദൂതന്‍ പുതുതലമുറ സിനിമാപ്രേമികളുടെ ചര്‍ച്ചകളില്‍ ഇടംപിടിക്കാറുണ്ട്. ശബ്ദ, ദൃശ്യ വിന്യാസത്തിനും കഥാപശ്ചാത്തലത്തിലും സംഗീതത്തിലുമൊക്കെ ഒരു കാലത്ത് പുതുമകളുമായെത്തിയ ചിത്രത്തെ അതിന്‍റെ രണ്ടാം വരവില്‍ പുതുതലമുറ സ്വീകരിക്കുമെന്ന പ്രതീക്ഷയിലാണ് അണിയറക്കാര്‍. ജൂലൈ 26 ന് ചിത്രം തിയറ്ററുകളില്‍ എത്തും.

ALSO READ : ഭയപ്പെടുത്താന്‍ 'ചിത്തിനി' വരുന്നു; റിലീസ് തീയതി പ്രഖ്യാപിച്ചു

Latest Videos
Follow Us:
Download App:
  • android
  • ios