അക്ഷയ് കുമാറിന്‍റെ വില്ലനായി മഹേഷിന്‍റെ പ്രതികാരത്തിലെ 'ജിംസണ്‍'; 'കട്‍പുട്‍ലി' ട്രെയ്‍ലര്‍
ഹിമാചല്‍ പ്രദേശിലെ കസൗളി കഥാപശ്ചാത്തലമാക്കുന്ന ത്രില്ലര്‍
കൊവിഡിനു ശേഷം പരാജയകാലത്തിലൂടെ കടന്നുപോവുകയാണ് ബോളിവുഡ്. അവിടുത്തെ ഒന്നാം നമ്പര്‍ താരം അക്ഷയ് കുമാറിനു പോലും പഴയ തിളക്കത്തില്‍ വിജയങ്ങള്‍ ആവര്‍ത്തിക്കാന്‍ കഴിയുന്നില്ല. തിയറ്ററുകളിലും ഒടിടിയിലുമായി നിരവധി ചിത്രങ്ങളാണ് സമീപകാലത്ത് അദ്ദേഹത്തിന്‍റേതായി പ്രദര്‍ശനത്തിനെത്തിയത്. അതില്‍ തിയറ്റര്‍ റിലീസ് ആയ സൂര്യവന്‍ശി മാത്രമാണ് തെറ്റില്ലാത്ത വിജയം നേടിയത്. ഇപ്പോഴിതാ പുതിയ ചിത്രത്തിലൂടെ ആരാധകര്‍ തൃപ്തരാകുമെന്ന പ്രതീക്ഷയിലാണ് അക്ഷയ്. അദ്ദേഹം നായകനാവുന്ന പുതിയ ചിത്രം പക്ഷേ ഡയറക്ട് ഒടിടി റിലീസ് ആണ്.
അക്ഷയ് കുമാറിനെ നായകനാക്കി രഞ്ജിത്ത് എം തിവാരി സംവിധാനം ചെയ്യുന്ന ചിത്രത്തിന് കട്‍പുട്‍ലി എന്നാണ് പേരിട്ടിരിക്കുന്നത്. പൂജ എന്‍റര്‍ടെയ്ന്‍മെന്‍റിന്‍റെ ബാനറില്‍ വഷു ഭഗ്നാനി, ജാക്കി ഭഗ്നാനി, ദീപ്‍ശിഖ ദേശ്‍മുഖ് എന്നിവര്‍ നിര്‍മ്മിച്ചിരിക്കുന്ന ചിത്രം ഡിസ്നി പ്ലസ് ഹോട്ട്സ്റ്റാറിന്‍റെ ഡയറക്ട് റിലീസ് ആണ്. ഹിമാചല്‍ പ്രദേശിലെ കസൗളി കഥാ പശ്ചാത്തലമാക്കുന്ന ചിത്രം മൂന്ന് കൊലപാതകങ്ങള്‍ നടത്തിയ ഒരു സീരിയല്‍ കില്ലറിനെ തേടി ഒരു പൊലീസ് ഓഫീസര്‍ നടത്തുന്ന അന്വേഷണമാണ്. അക്ഷയ് കുമാര്‍ പൊലീസ് ഓഫീസറെ അവതരിപ്പിക്കുന്ന ചിത്രത്തില്‍ മലയാളികളെ സംബന്ധിച്ച് ഒരു സര്‍പ്രൈസ് കാസ്റ്റിംഗും ഉണ്ട്. ഞാന്‍ സ്റ്റീവ് ലോപ്പസിലെ ഹരിയെയും മഹേഷിന്‍റെ പ്രതികാരത്തിലെ ജിംസണെയുമൊക്കെ ഗംഭീരമാക്കിയ മലയാളി നടന്‍ സുജിത്ത് ശങ്കര്‍ ആണ് ചിത്രത്തില്‍ പരമ്പര കൊലപാതകിയെ അവതരിപ്പിക്കുന്നത്. ഇതിനകം തമിഴിലും അഭിനയിച്ചിട്ടുള്ള സുജിത്തിന്‍റെ ബോളിവുഡ് അരങ്ങേറ്റമാണ് കട്‍പുട്‍ലി.
ALSO READ : 100 കോടി ക്ലബ്ബിൽ ദുൽഖറും; 'കുറുപ്പ്' സാറ്റലൈറ്റ് അവകാശം വൻ തുകയ്ക്ക്
അസീം അറോറ രചന നിര്‍വ്വഹിച്ചിരിക്കുന്ന ചിത്രത്തിന്‍റെ ഛായാഗ്രഹണം രാജീവ് രവിയാണ്. സംഗീതം ഡോ. സിയൂസ് തനിഷ്ക് ബാഗ്ചി, സൗണ്ട് ഡിസൈനര്‍ ദിലീപ് സുബ്രഹ്‍മണ്യന്‍, ആക്ഷന്‍ ഡയറക്ടര്‍ പര്‍വേസ് ഷെയ്ഖ്. ചിത്രം സെപ്റ്റംബര്‍ 2 ന് ഡിസ്നി പ്ലസ് ഹോട്ട്സ്റ്റാറില്‍ സ്ട്രീമിംഗ് ആരംഭിക്കും.