Cadaver Trailer : ഫോറന്‍സിക് ക്രൈം ത്രില്ലറില്‍ അമല പോള്‍; 'കടാവര്‍' ട്രെയ്‍ലര്‍
കേന്ദ്ര കഥാപാത്രത്തെ അവതരിപ്പിച്ചിരിക്കുന്നതിനൊപ്പം ചിത്രത്തിന്‍റെ നിര്‍മ്മാണവും അമല പോള്‍ ആണ്
അമല പോളിനെ (Amala Paul) കേന്ദ്ര കഥാപാത്രമാക്കി അനൂപ് എസ് പണിക്കര്‍ സംവിധാനം ചെയ്‍ത കടാവറിന്‍റെ (Cadaver) ട്രെയ്‍ലര്‍ പുറത്തെത്തി. ഫോറന്‍സിക് ക്രൈം ത്രില്ലര്‍ വിഭാഗത്തില്‍ പെടുന്ന ചിത്രത്തില്‍ തമിഴ്നാട്ടിലെ ചീഫ് പൊലീസ് സര്‍ജന്‍റെ റോളിലാണ് അമല എത്തുന്നത്. ഡോ. ഭദ്ര എന്നാണ് കഥാപാത്രത്തിന്‍റെ പേര്. മലയാള ചിത്രങ്ങളായ പത്താം വളവ്, നൈറ്റ് ഡ്രൈവ് എന്നീ ചിത്രങ്ങള്‍ക്ക് തിരക്കഥയൊരുക്കിയ അഭിലാഷ് പിള്ളയാണ് കടാവറിന്‍റെയും തിരക്കഥ ഒരുക്കിയിരിക്കുന്നത്. ചിത്രത്തിന്‍റെ രചനാ ഘട്ടത്തില്‍ അന്തരിച്ച മുന്‍ പൊലീസ് സര്‍ജന്‍ ഡോ. ബി ഉമാദത്തനുമായി അണിയറക്കാര്‍ ചര്‍ച്ച നടത്തിയിരുന്നു. യഥാര്‍ഥ സംഭവങ്ങളില്‍ നിന്നും പ്രചോദനം ഉള്‍ക്കൊണ്ടുള്ളതാണ് ചിത്രം.
കേന്ദ്ര കഥാപാത്രത്തെ അവതരിപ്പിച്ചിരിക്കുന്നതിനൊപ്പം ചിത്രത്തിന്‍റെ നിര്‍മ്മാണവും അമല പോള്‍ ആണ്. അമല പോള്‍ പ്രൊഡക്ഷന്‍സ് ആണ് ബാനര്‍. കഴിഞ്ഞ വര്‍ഷാദ്യം ചിത്രീകരണം പൂര്‍ത്തിയായ ചിത്രം തിയറ്റര്‍ റിലീസിന് ഒരുങ്ങുകയാണെന്ന് ആദ്യം റിപ്പോര്‍ട്ടുകള്‍ ഉണ്ടായിരുന്നു. എന്നാല്‍ പിന്നീട് ഡയറക്ട് ഒടിടി റിലീസ് പ്രഖ്യാപിക്കപ്പെടുകയായിരുന്നു. ഡിസ്നി പ്ലസ് ഹോട്ട്സ്റ്റാറിലൂടെ ഓഗസ്റ്റ് 12 ന് ചിത്രം സ്ട്രീമിംഗ് ആരംഭിക്കും.
അന്നീസ് പോള്‍, തന്‍സീര്‍ സലാം എന്നിവരാണ് സഹനിര്‍മ്മാണം. എകിസ്ക്യൂട്ടീവ് പ്രൊഡ്യൂസര്‍ ദിനേശ് കണ്ണന്‍, ഛായാഗ്രഹണം അരവിന്ദ് സിംഗ്, കലാസംവിധാനം രാഹുല്‍, വരികള്‍ കബിലന്‍, ശക്തി മഹേന്ദ്ര, സംഗീതം രഞ്ജിന്‍ രാജ്, എഡിറ്റിംഗ് സാന്‍ ലോകേഷ്, സ്റ്റില്‍സ് റാം സുബ്ബു, വസ്ത്രാലങ്കാരം സോഫിയ ജെന്നിഫര്‍ എം, മേക്കപ്പ് വിനോദ് കുമാര്‍, സൌണ്ട് ഡിസൈന്‍ സിങ്ക് സിനിമ, സൌണ്ട് മിക്സിംഗ് അരവിന്ദ് മേനോന്‍. തമിഴിനു പുറമെ തെലുങ്ക്, ഹിന്ദി, കന്നഡ, മലയാളം ഭാഷകളിലും ചിത്രം പ്രദര്‍ശിപ്പിക്കും.