Bro Daddy teaser : എന്‍റര്‍ടെയ്‍നര്‍ വാഗ്‍ദാനവുമായി മോഹന്‍ലാല്‍, പൃഥ്വിരാജ്; 'ബ്രോ ഡാഡി' ടീസര്‍
'ലൂസിഫറി'നു ശേഷം മോഹന്‍ലാലിനെ നായകനാക്കി പൃഥ്വിരാജ്
മോഹന്‍ലാലിനെ (Mohanlal) നായകനാക്കി പൃഥ്വിരാജ് (Prithviraj) സംവിധാനം ചെയ്യുന്ന 'ബ്രോ ഡാഡി'യുടെ (Bro Daddy) ടീസര്‍ പുറത്തെത്തി. വന്‍ വിജയം നേടിയ ലൂസിഫറിനു ശേഷം മോഹന്‍ലാലിനെ നായകനാക്കി പൃഥ്വിരാജ് സംവിധാനം ചെയ്യുന്ന ചിത്രമാണിത്. ശ്രീജിത്ത് എന്‍, ബിബിന്‍ മാളിയേക്കല്‍, സജീവ് പാഴൂര്‍ എന്നിവരുടേതാണ് രചന. ഫണ്‍ ഫാമിലി എന്‍റര്‍ടെയ്‍നര്‍ സ്വഭാവത്തിലുള്ള ചിത്രമായിരിക്കും ഇതെന്നാണ് ടീസര്‍ പറയുന്നത്. ഡിസ്‍നി പ്ലസ് ഹോട്ട്സ്റ്റാറിന്‍റെ ഡയറക്റ്റ് റിലീസ് ആണ് ചിത്രം. റിലീസ് തീയതി ഇനിയും പ്രഖ്യാപിച്ചിട്ടില്ല.
ജോണ്‍ കാറ്റാടി എന്നാണ് മോഹന്‍ലാല്‍ അവതരിപ്പിക്കുന്ന ടൈറ്റില്‍ കഥാപാത്രത്തിന്‍റെ പേര്. ഈശോ ജോണ്‍ കാറ്റാടി എന്ന മകന്‍ കഥാപാത്രമായി പൃഥ്വിരാജും എത്തുന്നു. മീന, കല്യാണി പ്രിയദര്‍ശന്‍, ലാലു അലക്സ്, കനിഹ, ജഗദീഷ്, സൗബിന്‍ ഷാഹിര്‍, ഉണ്ണി മുകുന്ദന്‍ എന്നിവരാണ് മറ്റു പ്രധാന വേഷങ്ങളില്‍ എത്തുന്നത്. ആശിര്‍വാദ് സിനിമാസിന്‍റെ ബാനറില്‍ ആന്‍റണി പെരുമ്പാവൂര്‍ ആണ് നിര്‍മ്മാണം. ഛായാഗ്രഹണം അഭിനന്ദന്‍ രാമാനുജം, സംഗീതം ദീപക് ദേവ്, എഡിറ്റിംഗ് അഖിലേഷ് മോഹന്‍. ലൂസിഫറിന്‍റെ തുടര്‍ച്ചയായ എമ്പുരാന്‍ എന്ന ചിത്രമാണ് പൃഥ്വി രണ്ടാമതായി സംവിധാനം ചെയ്യാനിരുന്നതെങ്കിലും കൊവിഡ് സാഹചര്യം പരിഗണിച്ച് താരതമ്യേന പരിമിതമായ സാഹചര്യങ്ങളില്‍ പൂര്‍ത്തിയാക്കാനാവുന്ന ഒരു ചിത്രം വന്നപ്പോള്‍ പൂര്‍ത്തിയാക്കുകയായിരുന്നു.