Better Call Saul Final Season : രണ്ട് വര്‍ഷത്തിനു ശേഷം 'സോള്‍ ഗുഡ്‍മാന്‍റെ' തിരിച്ചുവരവ്; ടീസര്‍
റിലീസ് തീയതി പ്രഖ്യാപിച്ചിട്ടില്ല
ലോകമെമ്പാടും ആരാധകരുള്ള അമേരിക്കന്‍ ടെലിവിഷന്‍ സിരീസ് ബെറ്റര്‍ കോള്‍ സോളിന്‍റെ (Better call saul) അവസാന സീസണ്‍ പ്രേക്ഷകരിലേക്ക് എത്താനൊരുങ്ങുന്നു. ആറാമത്തേതും അവസാനത്തേതുമായ സീസണിന്‍റെ ആദ്യ ടീസറാണ് നിര്‍മ്മാതാക്കള്‍ പുറത്തുവിട്ടിരിക്കുന്നത്. പ്രീമിയറിംഗ് തീയതി ഇനിയും പ്രഖ്യാപിച്ചിട്ടില്ലെങ്കിലും ഈ വര്‍ഷം പുറത്തെത്തുമെന്നാണ് പ്രതീക്ഷിക്കപ്പെടുന്നത്. 15 സെക്കന്‍ഡ് മാത്രം ദൈര്‍ഘ്യമുള്ള ടീസറില്‍ 'സലമാങ്ക സഹോദരങ്ങള്‍' ഒരു ക്രൈം സീനിലേക്ക് നടന്നുവരുന്നതിന്‍റെ ദൃശ്യങ്ങളാണ് ഉള്ളത്.
വെബ് സിരീസുകളുടെ ചരിത്രത്തില്‍ ഏറ്റവുമധികം റേറ്റിംഗ് ലഭിച്ചിട്ടുള്ള സിരീസുകളില്‍ ഒന്നായ ബ്രേക്കിംഗ് ബാഡിന്‍റെ പ്രീക്വല്‍ ആയി 2015ലാണ് ബെറ്റര്‍ കോള്‍ സോളിന്‍റെ ആദ്യ സീസണ്‍ പുറത്തെത്തിയത്. ബ്രേക്കിംഗ് ബാഡില്‍ ബോബ് ഓഡെന്‍കേര്‍ക്ക് അവതരിപ്പിച്ച ജിമ്മി മക്ഗില്‍ (സോള്‍ ഗുഡ്‍മാന്‍) എന്ന വക്കീല്‍ കഥാപാത്രത്തിന്‍റെ സ്‍പിന്‍- ഓഫ് ആണ് ബെറ്റര്‍ കോള്‍ സോള്‍. ബ്രേക്കിംഗ് ബാഡിന്‍റെ ഒറിജിനല്‍ നെറ്റ്‍വര്‍ക്ക് ആയ എഎംസിയില്‍ തന്നെയാണ് ബെറ്റര്‍ കോള്‍ സോളും ആദ്യം പ്രീമിയര്‍ ചെയ്യപ്പെട്ടത്. പിന്നീട് നെറ്റ്ഫ്ലിക്സിലൂടെ ലോകമെമ്പാടും ആരാധകരെയും നേടി. 2015ല്‍ തുടങ്ങി 2016, 2017, 2018, 2020 വര്‍ഷങ്ങളിലാണ് ആദ്യ അഞ്ച് സീസണുകള്‍ പുറത്തെത്തിയത്.