Beast Trailer : 'ഇനിയങ്ങോട്ട് ഒരുപാട് പേടിക്കേണ്ടിവരും'; ബീസ്റ്റ് മലയാളം ട്രെയ്‍ലര്‍ എത്തി

ഏപ്രില്‍ 13 റിലീസ്

beast malayalam trailer vijay nelson dilipkumar anirudh ravichander

വിജയിയെ (Vijay) നായകനാക്കി നെല്‍സണ്‍ ദിലീപ്‍കുമാര്‍ സംവിധാനം ചെയ്‍ത ബീസ്റ്റിന്‍റെ (Beast) മലയാളം ട്രെയ്‍ലര്‍ പുറത്തെത്തി. ദിവസങ്ങള്‍ക്കു മുന്‍പ് ചിത്രത്തിന്റെ തമിഴ് ട്രെയ്‍ലര്‍ പുറത്തെത്തിയിരുന്നു. തമിഴ് ട്രെയ്‍ലറിലൂടെ ഹിറ്റ് ആയ ചില പഞ്ച് ഡയലോഗുകളുടെ മലയാള തര്‍ജ്ജമയാണ് ട്രെയ്‍ലറിന്‍റെ പുതിയ വെര്‍ഷനിലെ കൗതുകം.

വീരരാഘവന്‍ എന്ന സ്പൈ ഏജന്‍റ് ആണ് ചിത്രത്തില്‍ വിജയിയുടെ കഥാപാത്രം. നഗരത്തിലെ ഒരു ഷോപ്പിംഗ് മാള്‍ പിടിച്ചെടുത്ത് സന്ദര്‍ശകരെ ബന്ദികളാക്കുകയാണ് തീവ്രവാദികള്‍. സന്ദര്‍ശകര്‍ക്കിടയില്‍ ഉള്‍പ്പെട്ടുപോകുന്ന വിജയ് കഥാപാത്രം അവരുടെ രക്ഷകനാവുന്നതാണ് ചിത്രത്തിന്‍റെ പ്രധാന പ്ലോട്ട് എന്നാണ് ട്രെയ്‍ലര്‍ നല്‍കുന്ന സൂചന. എക്സ്പ്ലോസീവുകള്‍ ഏറെ ഉപയോഗിച്ചിരിക്കുന്ന ആക്ഷന്‍ രംഗങ്ങള്‍ക്കൊപ്പം അനിരുദ്ധ് രവിചന്ദറിന്റെ ട്രാക്കുകളും ട്രെയ്‍ലര്‍ ഒരു ആവേശകരമായ അനുഭവമാക്കി മാറ്റുന്നുണ്ട്.

സണ്‍ പിക്ചേഴ്സ് നിര്‍മ്മിച്ചിരിക്കുന്ന ചിത്രത്തില്‍ പൂജ ഹെഗ്‍ഡെയാണ് നായിക. സെല്‍വരാഘവന്‍, യോഗി ബാബു, റെഡിന്‍ കിംഗ്സ്‍ലി, ജോണ്‍ സുറാവു, വിടിവി ഗണേഷ്, അപര്‍ണ ദാസ്, ഷൈന്‍ ടോം ചാക്കോ, ലില്ലിപ്പുട്ട് ഫറൂഖി, അങ്കൂര്‍ അജിത്ത് വികല്‍ തുടങ്ങിയവര്‍ വിവിധ കഥാപാത്രങ്ങളെ അവതരിപ്പിച്ചിരിക്കുന്നു. ഛായാഗ്രഹണം മനോജ് പരമഹംസ, എഡിറ്റിംഗ് ആര്‍ നിര്‍മ്മല്‍, കലാസംവിധാനം ഡി ആര്‍ കെ കിരണ്‍, വസ്ത്രാലങ്കാരം വി സായ്, പല്ലവി സിംഗ്, മേക്കപ്പ് പി നടരാജന്‍, വിഎഫ്എക്സ് ബിജോയ് അര്‍പ്പുതരാജ്, ഫാന്‍റം എഫ്എക്സ്, സ്റ്റണ്ട് അന്‍പറിവ്, നൃത്തസംവിധാനം ജാനി, ഗോപി പ്രസന്ന.

മാസ്റ്ററിന്‍റെ വന്‍ വിജയത്തിനു ശേഷം എത്തുന്ന വിജയ് ചിത്രമാണിത്. ഡോക്ടര്‍ എന്ന വിജയ ചിത്രത്തിനു ശേഷം നെല്‍സണ്‍ ദിലീപ്‍കുമാര്‍ സംവിധാനം ചെയ്യുന്ന ചിത്രം എന്നതും ബീസ്റ്റിന് ലഭിച്ച പ്രേക്ഷകശ്രദ്ധയ്ക്ക് ഒരു കാരണമാണ്. ചിത്രത്തിലെ നേരത്തെ പുറത്തെത്തിയ ഗാനങ്ങള്‍ വലിയ പ്രേക്ഷകശ്രദ്ധ നേടിയിരുന്നു. ഏപ്രില്‍ 13ന് ചിത്രം തിയറ്ററുകളിലെത്തും.

അതേസമയം ചിത്രത്തിന് കുവൈറ്റ് സര്‍ക്കാര്‍ വിലക്കേര്‍പ്പെടുത്തിയ വിവരം വാര്‍ത്താപ്രാധാന്യം നേടിയിരുന്നു. നേരത്തെ മലയാള ചിത്രം കുറുപ്പ്, തമിഴ് ചിത്രം എഫ്ഐആര്‍ എന്നിവയും കുവൈറ്റില്‍ വിലക്ക് നേരിട്ടിരുന്നു. എന്നാല്‍ നിരോധന കാരണം വ്യക്തമല്ല. അതേസമയം ചിത്രം നിരോധിക്കണമെന്ന് തമിഴ്നാട്ടിലെ മുസ്‍ലിം ലീഗും ആവശ്യം ഉയര്‍ത്തിയിട്ടുണ്ട്. തമിഴ്‌നാട്  മുസ്‌ലിം ലീഗ് അധ്യക്ഷൻ വി എം എസ് മുസ്തഫ ആണ് ഇക്കാര്യം അറിയിച്ചത്. റിലീസ് തടയുന്നതുമായി ബന്ധപ്പെട്ട് സംസ്ഥാന ആഭ്യന്തര സെക്രട്ടറി എസ് കെ പ്രഭാകറിന് ലീഗ് കത്തു നൽകിയതായി ടൈംസ് ഓഫ് ഇന്ത്യ റിപ്പോർട്ട് ചെയ്യുന്നു. ചിത്രത്തിൽ ഇസ്‌ലാം മതവിശ്വാസികളെ തീവ്രവാദികളായി ചിത്രീകരിച്ചിട്ടുണ്ടെന്ന് ആരോപിച്ചാണ് നിരോധനം ആവശ്യപ്പെട്ട് ഇവർ രം​ഗത്തെത്തിയിരിക്കുന്നത്. ബീസ്റ്റ് പ്രദർശനത്തിനെത്തിയാൽ അസാധാരണ സാഹചര്യത്തിലേക്കു അത് നയിക്കുമെന്നും കത്തിൽ പറയുന്നു.

Latest Videos
Follow Us:
Download App:
  • android
  • ios