അക്ഷയ് കുമാര്‍ ചിത്രത്തില്‍ മലയാളം ഡയലോഗ്! വീണ്ടും ഞെട്ടിക്കാന്‍ ആ സൂപ്പര്‍താരം; ടീസര്‍
ആക്ഷന്‍ കോമഡി വിഭാഗത്തില്‍ പെടുന്ന ചിത്രം
മുന്നോട്ട് പോകുന്തോറും കരിയര്‍ ഗ്രാഫ് കൃത്യമായി ഉയര്‍ത്തുന്ന താരമാണ് പൃഥ്വിരാജ് സുകുമാരന്‍. ഒരു നടന്‍ എന്നതിനൊപ്പം സംവിധായകന്‍ എന്ന നിലയിലും ഇതിനകം പൃഥ്വി സ്വയം അടയാളപ്പെടുത്തിക്കഴിഞ്ഞു. ഒരിടവേളയ്ക്ക് ശേഷം മറുഭാഷകളിലും സജീവമാവുകയാണ് അദ്ദേഹം. പ്രശാന്ത് നീലിന്‍റെ പ്രഭാസ് ചിത്രം സലാറില്‍ നായകനോളം പ്രാധാന്യമുള്ള വേഷത്തിലാണ് പൃഥ്വി എത്തിയത്. ഇപ്പോഴിതാ അക്ഷയ് കുമാറും ടൈഗര്‍ ഷ്രോഫും പ്രധാന കഥാപാത്രങ്ങളെ അവതരിപ്പിക്കുന്ന ബോളിവുഡ് ചിത്രത്തിലും പൃഥ്വി പ്രാധാന്യമുള്ള വേഷത്തില്‍ എത്തുന്നുണ്ട്. ബഡേ മിയാന്‍, ഛോട്ടേ മിയാന്‍ എന്ന് പേരിട്ടിരിക്കുന്ന ചിത്രത്തില്‍ വില്ലന്‍ റോളിലാണ് പൃഥ്വി എത്തുന്നത്. ഇപ്പോഴിതാ ചിത്രത്തിന്‍റെ ടീസര്‍ പുറത്തുവിട്ടിരിക്കുകയാണ് അണിയറക്കാര്‍.
പൃഥ്വിരാജിന്‍റെ മലയാളം സംഭാഷണത്തോടെയാണ് ടീസര്‍ ആരംഭിക്കുന്നത് എന്നത് കൗതുകകരമാണ്. അലി അബ്ബാസ് സഫര്‍ സംവിധാനം ചെയ്ത ചിത്രത്തിന്‍റെ റിലീസ് 2024 ഈദിന് ആണ്. അതേസമയം ആക്ഷന്‍ കോമഡി വിഭാഗത്തില്‍ പെടുന്ന ചിത്രമാണിത്. കബീര്‍ എന്നാണ് ചിത്രത്തില്‍ പൃഥ്വിരാജ് അവതരിപ്പിക്കുന്ന കഥാപാത്രത്തിന്‍റെ പേര്. ഹിന്ദിയില്‍ പൃഥ്വിരാജിന്റെ നാലാമത്തെ ചിത്രമാണിത്. അയ്യാ, ഔറംഗസേബ്, നാം ഷബാന എന്നിവയാണ് ബോളിവുഡില്‍ പൃഥ്വിയുടെ മുന്‍ ചിത്രങ്ങള്‍. ജാക്കി ഭഗ്‍നാനിയും ദീപ്‍ശിഖ ദേശ്‍മുഖും ചേര്‍ന്ന് നിര്‍മ്മിക്കുന്ന ചിത്രത്തില്‍ സൊനാക്ഷി സിന്‍ഹയും മാനുഷി ഛില്ലാറും അലയ എഫും രണ്ട് പ്രധാന കഥാപാത്രങ്ങളെ അവതരിപ്പിക്കുന്നുണ്ട്.
അതേസമയം ബോക്സ് ഓഫീസില്‍ ഒരു വിജയം നേടുക അക്ഷയ് കുമാറിനെ സംബന്ധിച്ച് അടിയന്തര ആവശ്യമാണ് ഇപ്പോള്‍. ബോളിവുഡില്‍ ഏറ്റവുമധികം 200 കോടി ക്ലബ്ബ് വിജയങ്ങളുള്ള താരമാണ് അക്ഷയ് കുമാര്‍. എന്നാല്‍ കൊവിഡ് കാലത്ത് ബോളിവുഡ് നേരിട്ട തകര്‍ച്ചയില്‍ അക്ഷയ് ചിത്രങ്ങളും നിരനിരയായി തകര്‍ന്നിരുന്നു. സൂര്യവന്‍ശി മാത്രമാണ് അതിന് അപവാദമായി മാറിയത്. പഠാനിലൂടെ ഷാരൂഖ് ഖാന്‍ വന്‍ തിരിച്ചുവരവ് നടത്തിയത് പോലെ അക്ഷയ് കുമാറിനും ഒരു ചിത്രം വരണമെന്ന് ബോളിവുഡ് വ്യവസായം ആഗ്രഹിക്കുന്നുണ്ട്.