'മോണ്‍സ്റ്റര്‍' ഡേയില്‍ 'എലോണ്‍' ടീസര്‍; സര്‍പ്രൈസ് സാന്നിധ്യമായി പൃഥ്വിരാജ്: വീഡിയോ

12 വര്‍ഷത്തെ ഇടവേളയ്ക്കു ശേഷം ഷാജി കൈലാസിന്‍റെ സംവിധാനത്തില്‍ മോഹന്‍ലാല്‍ നായകനാവുന്ന ചിത്രം

alone teaser mohanlal prithviraj sukumaran shaji kailas aashirvad cinemas

തന്‍റെ ഏറ്റവും പുതിയ ചിത്രം മോണ്‍സ്റ്റര്‍ റിലീസ് ആവുന്ന ദിവസം വരാനിരിക്കുന്ന മറ്റൊരു ചിത്രത്തിന്‍റെ ടീസറുമായി മോഹന്‍ലാല്‍. ഷാജി കൈലാസിന്‍റെ സംവിധാനത്തില്‍ മോഹന്‍ലാല്‍ നായകനാവുന്ന എലോണ്‍ എന്ന ചിത്രത്തിന്‍റെ ടീസര്‍ ആണ് മുന്‍കൂട്ടിയുള്ള അറിയിപ്പുകള്‍ ഒന്നുമില്ലാതെ പുറത്തെത്തിയത്. ചിത്രത്തിന്‍റെ ഉള്ളടക്കത്തെക്കുറിച്ച് സൂചനകളൊന്നുമില്ലാതെ, അതേസമയം ഏറെ കൌതുകം പകരുന്ന രീതിയില്‍ തയ്യാറാക്കപ്പെട്ടിരിക്കുന്ന ടീസര്‍ ആണിത്. 1.25 മിനിറ്റ് ആണ് ദൈര്‍ഘ്യം.

പേര് സൂചിപ്പിക്കുംപോലെ കഥാപാത്രമായി മോഹന്‍ലാല്‍ മാത്രം സ്ക്രീനില്‍ പ്രത്യക്ഷപ്പെടുന്ന ടീസറില്‍ ശബ്ദ സാന്നിധ്യങ്ങളായി പൃഥ്വിരാജും സിദ്ദിഖുമൊക്കെ എത്തുന്നുണ്ട്. ആരാണെന്ന ചോദ്യത്തിന് യുണൈറ്റഡ് നേഷന്‍സില്‍ നിന്നുള്ള ഉദ്യോഗസ്ഥനാണെന്നാണ് മോഹന്‍ലാലിന്റെ കഥാപാത്രം മറുപടി പറയുന്നത്. 12 വര്‍ഷത്തെ ഇടവേളയ്ക്കു ശേഷം ഷാജി കൈലാസിന്‍റെ സംവിധാനത്തില്‍ മോഹന്‍ലാല്‍ നായകനാവുന്നു എന്നതാണ് എലോണിന്റെ ഏറ്റവും വലിയ ആകര്‍ഷണം. ആശിര്‍വാദ് സിനിമാസിന്‍റെ ബാനറില്‍ ആന്‍റണി പെരുമ്പാവൂര്‍ ആണ് നിര്‍മ്മാണം. ആശിര്‍വാദിന്‍റെ 30-ാം ചിത്രമാണിത്. ഷാജി കൈലാസ്-മോഹന്‍ലാല്‍ കൂട്ടുകെട്ടില്‍ 2000ല്‍ എത്തിയ സൂപ്പര്‍ഹിറ്റ് ചിത്രം 'നരസിംഹ'മായിരുന്നു ആശിര്‍വാദ് സിനിമാസിന്‍റെ ലോഞ്ചിംഗ് ചിത്രം. 2009ല്‍ പുറത്തെത്തിയ ക്രൈം ത്രില്ലര്‍ ചിത്രം 'റെഡ് ചില്ലീസി'നു ശേഷം മോഹന്‍ലാല്‍ നായകനാവുന്ന ഷാജി കൈലാസ് ചിത്രമാണ് ഇത്. മുന്‍പ് ഷാജി കൈലാസിന്‍റെ ടൈം, സൗണ്ട് ഓഫ് ബൂട്ട്, മദിരാശി, ജിഞ്ചര്‍ എന്നീ സിനിമകള്‍ക്ക് രചന നിര്‍വ്വഹിച്ച രാജേഷ് ജയരാമനാണ് തിരക്കഥ ഒരുക്കുന്നത്. 

ALSO READ : ഇലക്ട്രിക് ബൈക്ക് നിര്‍മ്മാണ രം​ഗത്തേക്ക് ദുല്‍ഖര്‍; ഒറ്റ ചാര്‍ജില്‍ 307 കിലോമീറ്റര്‍ ഓടുന്ന വാഹനമെന്ന് കമ്പനി

ഛായാഗ്രഹണം അഭിനന്ദന്‍ രാമാനുജം, എഡിറ്റിംഗ് ഡോണ്‍ മാക്സ്, പ്രൊഡക്ഷന്‍ ഡിസൈനര്‍ സന്തോഷ് രാമന്‍, സംഗീതം ജേക്സ് ബിജോയ്, ചീഫ് പ്രൊഡക്ഷന്‍ കണ്‍ട്രോളര്‍ സിദ്ധു പനയ്ക്കല്‍, മേക്കപ്പ് ലിജു പനംകോഡ്, ബിജീഷ് ബാലകൃഷ്‍ണന്‍, വസ്ത്രാലങ്കാരം മുരളി, ചീഫ് അസോസിയേറ്റ് ഡയറക്ടര്‍ മനീഷ് ഭാര്‍ഗവന്‍, സ്റ്റില്‍സ് അനീഷ് ഉപാസന എന്നിങ്ങനെയാണ് ചിത്രത്തിന്‍റെ പ്രധാന അണിയറക്കാര്‍. ഹെയര്‍സ്റ്റൈലിലും വസ്ത്രധാരണത്തിലുമൊക്കെ സമീപകാല ചിത്രങ്ങളില്‍ നിന്ന് വേറിട്ട ഗെറ്റപ്പിലാണ് മോഹന്‍ലാല്‍ ചിത്രത്തില്‍ പ്രത്യക്ഷപ്പെടുക. 

Latest Videos
Follow Us:
Download App:
  • android
  • ios