Ajagajantharam: തിയറ്ററുകളിൽ തീപാറും, കട്ട കലിപ്പിൽ പെപ്പെയും സംഘവും; 'അജഗജാന്തരം' ട്രെയിലർ
ആന്റണി വര്‍ഗീസ് ചിത്രം അജഗജാന്തരത്തിലെ ട്രെയിലര്‍ പുറത്തുവിട്ടു.
ടിനു പാപ്പച്ചനും(tinu pappachan) ആന്‍റണി വര്‍ഗീസും(antony varghese) ഒരുമിക്കുന്ന അജഗജാന്തരം(Ajagajantharam Movie) എന്ന ചിത്രത്തിന്റെ ട്രെയിലർ പുറത്തുവിട്ടു. ഉത്സവവും അതുമായി ബന്ധപ്പെട്ട് നടക്കുന്ന കോലാഹലങ്ങളും ഉൾക്കൊള്ളിച്ചു കൊണ്ടുള്ളതാണ് ട്രെയിലർ. 'സ്വാതന്ത്ര്യം അര്‍ധരാത്രിയില്‍' എന്ന ചിത്രത്തിന് ശേഷം ടിനു പാപ്പച്ചനും ആന്‍റണിയും വീണ്ടും ഒന്നിക്കുന്ന ചിത്രം കൂടിയാണിത്.
പൃഥ്വിരാജ്, ജയസൂര്യ, കുഞ്ചാക്കോ ബോബൻ, ആസിഫ് അലി, ടൊവിനോ തോമസ്, വിജയ് സേതുപതി, കാർത്തിക്ക് സുബ്ബരാജ് തുടങ്ങിയവർ ട്രെയ്‌ലർ സമൂഹ മാധ്യമങ്ങളിലൂടെ പങ്കുവെച്ചിട്ടുണ്ട്. ഡിസംബര്‍ 23നാകും ചിത്രം തിയറ്ററുകളില്‍ റിലീസ് ചെയ്യുക. രണ്ട് വര്‍ഷത്തോളമായി മലയാളികള്‍ക്ക് നഷ്ടമായ പൂരവും ഉത്സവമേളവും തിയറ്ററില്‍ ആസ്വദിക്കാന്‍ സാധിക്കുമെന്നാണ് അണിയറ പ്രവര്‍ത്തകരുടെ ഉറപ്പ്.
ആന്റണി വര്‍ഗീസിന്റെ കരിയറിലെ ഏറ്റവും മുതല്‍ മുടക്കുള്ള ചിത്രം കൂടിയാണിത്. ഉത്സവപ്പറമ്പിലേയ്ക്ക് ഒരു ആനയും പാപ്പാനും ഒപ്പം ഒരു കൂട്ടം യുവാക്കളും എത്തുന്നതും തുടര്‍ന്നവിടെ 24 മണിക്കൂറിനുള്ളില്‍ അരങ്ങേറുന്ന ആകാംഷ നിറഞ്ഞ സംഭവങ്ങളുമാണ് ചിത്രത്തിന്റെ പ്രമേയം.
അര്‍ജുന്‍ അശോകന്‍, ചെമ്പന്‍ വിനോദ് ജോസ്, ജാഫര്‍ ഇടുക്കി, രാജേഷ് ശര്‍മ, സുധി കോപ്പ, വിനീത് വിശ്വം, ലുക്മാന്‍, ശ്രീരഞ്ജിനി തുടങ്ങിയ വലിയൊരു താരനിര ചിത്രത്തില്‍ കഥാപാത്രങ്ങളായി എത്തുന്നുണ്ട്. മുന്‍പ് പുറത്തിറങ്ങിയ ‘ഒള്ളുള്ളെരു’ എന്ന സൈട്രാന്‍സ് മിക്‌സ് ഗാനം ഇപ്പോഴും ട്രെന്റിങ്ങിലാണ്. സില്‍വര്‍ ബേ പ്രൊഡക്ഷന്‍സിന്റെ ബാനറില്‍ എമ്മാനുവല്‍ ജോസഫും അജിത് തലാപ്പിള്ളിയും ചേര്‍ന്ന് നിര്‍മ്മിക്കുന്ന ചിത്രത്തിന്റെ തിരക്കഥയൊരുക്കിയിരിക്കുന്നത് കിച്ചു ടെല്ലസ്, വിനീത് വിശ്വം.