Tadap Trailer| ആക്ഷന്‍ ഹീറോയായി അഹാന്‍ ഷെട്ടി; സുനില്‍ ഷെട്ടിയുടെ മകന്‍റെ ആദ്യചിത്രത്തിന്‍റെ ട്രെയ്‍ലര്‍
വണ്‍സ് അപ്പോണ്‍ എ ടൈം ഇന്‍ മുംബൈ, ബാദ്‍ഷാഹോ ഉള്‍പ്പെടെയുള്ള ചിത്രങ്ങള്‍ ഒരുക്കിയ മിലന്‍ ലുത്രിയയാണ് സംവിധാനം
സുനില്‍ ഷെട്ടിയുടെ (Sunil Shetty) മകന്‍ അഹാന്‍ ഷെട്ടിയുടെ (Ahan Shetty) അരങ്ങേറ്റ ചിത്രം 'തഡപ്പി'ന്‍റെ ട്രെയ്‍ലര്‍ (Tadap Trailer) പുറത്തെത്തി. വണ്‍സ് അപ്പോണ്‍ എ ടൈം ഇന്‍ മുംബൈ, ബാദ്‍ഷാഹോ ഉള്‍പ്പെടെയുള്ള ചിത്രങ്ങള്‍ ഒരുക്കിയ മിലന്‍ ലുത്രിയയാണ് സംവിധാനം. രജത് അറോറ രചന നിര്‍വ്വഹിച്ചിരിക്കുന്ന ചിത്രത്തിന്‍റെ നിര്‍മ്മാണം നദിയാദ്‍വാല ഗ്രാന്‍ഡ്‍സണ്‍ എന്‍റര്‍ടെയ്‍മെന്‍റ് പ്രൊഡക്ഷന്‍റെ ബാനറില്‍ സാജിദ് നദിയാദ്‍വാലയാണ്. 2018ല്‍ പുറത്തിറങ്ങി വന്‍ വിജയം നേടിയ തെലുങ്ക് ചിത്രം ആര്‍എക്സ് 100ന്‍റെ റീമേക്ക് ആണ് ചിത്രം.
ചിത്രത്തില്‍ അഹാന്‍ അവതരിപ്പിക്കുന്ന കഥാപാത്രത്തിന്‍റെ പേര് ഇഷാന എന്നാണ്. വിദേശത്തുനിന്നെത്തുന്ന റമീസ (താര സുതരിയ) യുമായി അടുക്കുന്നതോടെ ഇരുവര്‍ക്കുമിടയിലെ മനോഹരമായ പ്രണയം ആരംഭിക്കുകയാണ്. പക്ഷേ അപ്രതീക്ഷിതത്വങ്ങളാണ് അവരെ കാത്തിരിക്കുന്നത്. ആദ്യ ചിത്രത്തില്‍ തന്നെ ആക്ഷന്‍, റൊമാന്‍റിക് ഘടകങ്ങളൊക്കെയുള്ള ഒരു കഥാപാത്രത്തെയാണ് അഹാന് അവതരിപ്പിക്കാന്‍ കിട്ടിയിരിക്കുന്നതെന്നാണ് ട്രെയ്‍ലര്‍ നല്‍കുന്ന സൂചന. ഇര്‍ഷാദ് കാമിലിന്‍റെ വരികള്‍ക്ക് സംഗീതം പകര്‍ന്നിരിക്കുന്നത് പ്രീതമാണ്. ഫോക്സ് സ്റ്റാര്‍ സ്റ്റുഡിയോസ് ആണ് സഹ നിര്‍മ്മാതാക്കള്‍. ഡിസംബര്‍ 3ന് തിയറ്ററ്‍ റിലീസ് ആണ് ചിത്രം.