രാമനായി പ്രഭാസ്; ആദിപുരുഷ് ട്രെയിലര്‍
രാമായണത്തെ ആസ്പദമാക്കിയുള്ള എപിക് മിത്തോളജിക്കല്‍ ചിത്രത്തിന്റെ ബജറ്റ് 500 കോടിയാണെന്നാണ് പുറത്തെത്തിയ റിപ്പോര്‍ട്ടുകള്‍.
പ്രഖ്യാപനം മുതല്‍ ഏറെ ശ്രദ്ധനേടിയ ചിത്രമാണ് പ്രഭാസ് നായകനാവുന്ന ബഹുഭാഷാ ചിത്രം ആദിപുരുഷ്. ഓം റാവത്ത് രാമായണത്തെ ആസ്പദമാക്കിയൊരുക്കുന്ന ചിത്രത്തിന്റെ സ്‌പെഷ്യല്‍ ട്രെയിലര്‍ റിലീസ് ചെയ്തു.
രാമനായി പ്രഭാസ് എത്തുമ്പോള്‍ രാവണനായി സെയ്ഫ് അലിഖാനും ചിത്രത്തില്‍ എത്തുന്നു. ടി സിരീസ്, റെട്രോഫൈല്‍സ് എന്നീ ബാനറുകളില്‍ ഭൂഷണ്‍ കുമാര്‍, കൃഷന്‍ കുമാര്‍, ഓം റാവത്ത്, പ്രസാദ് സുതാര്‍, രാജേഷ് നായര്‍ എന്നിവര്‍ ചേര്‍ന്നാണ് നിര്‍മ്മാണം. സണ്ണി സിംഗ്, ദേവ്ദത്ത നാഗെ, വല്‍സല്‍ ഷേത്ത്, സോണല്‍ ചൌഹാന്‍, തൃപ്തി തൊറാഡ്മല്‍ തുടങ്ങിയവരാണ് മറ്റ് കഥാപാത്രങ്ങളെ കൈകാര്യം ചെയ്യുന്നത്. ചിത്രത്തിന്റെ ബജറ്റ് 500 കോടിയാണെന്നാണ് പുറത്തെത്തിയ റിപ്പോര്‍ട്ടുകള്‍. അതിന്റെ 85 ശതമാനത്തോളം റിലീസിന് മുന്‍പ് തന്നെ തിരിച്ചുപിടിച്ചതായാണ് റിപ്പോര്‍ട്ടുകള്‍. ബോളിവുഡ് ഹംഗാമയുടെ കണക്ക് പ്രകാരം സാറ്റലൈറ്റ്, ഡിജിറ്റല്‍, മ്യൂസിക്, മറ്റ് റൈറ്റ്‌സുകളുടെ വില്‍പ്പന വഴി 247 കോടി രൂപയാണ് ചിത്രം സമാഹരിച്ചത്. തെന്നിന്ത്യയില്‍ നിന്ന് തിയറ്റര്‍ വിതരണാവകാശം വഴി 185 കോടി രൂപയും ചിത്രം നേടിയെന്നും ബോളിവുഡ് ഹംഗാമയുടെ റിപ്പോര്‍ട്ടില്‍ ഉണ്ട്. അങ്ങനെ ആകെ 432 കോടി. ജൂണ്‍ 16നാണ് ചിത്രത്തിന്റെ റിലീസ്. മികച്ച ഓപണിംഗ് പ്രതീക്ഷിക്കപ്പെടുന്ന ചിത്രം പോസിറ്റീവ് അഭിപ്രായം നേടുന്ന പക്ഷം ഹിന്ദി പതിപ്പില്‍ നിന്ന് മാത്രം ആദ്യ മൂന്ന് ദിവസങ്ങളില്‍ 100 കോടി നേടുമെന്നാണ് ട്രേഡ് അനലിസ്റ്റുകളുടെ വിലയിരുത്തല്‍.
ഹിന്ദിയിലും തെലുങ്കിലുമായി ചിത്രീകരിച്ചിരിക്കുന്ന സിനിമ തമിഴ്, മലയാളം ഭാഷകളിലേക്കും മറ്റ് വിദേശഭാഷകളിലേക്കും ഡബ് ചെയ്തിട്ടുണ്ട്. ടി- സീരീസ്, റെട്രോഫൈല്‍സിന്റെ ബാനറില്‍ ഭൂഷണ്‍ കുമാറും കൃഷ്ണകുമാറും ഓം റാവത്തും ചേര്‍ന്നാണ് ചിത്രം നിര്‍മ്മിക്കുന്നത്. സാഹോയ്ക്കും രാധേശ്യാമിനും ശേഷം നിര്‍മ്മാതാവായ ഭൂഷണ്‍ കുമാറുമായുള്ള പ്രഭാസിന്റെ മൂന്നാമത്തെ പ്രോജക്ടാണ് ആദിപുരുഷ് എന്ന 3ഡി ചിത്രം. ഛായാഗ്രഹണം - ഭുവന്‍ ഗൗഡ, സംഗീത സംവിധാനം - രവി ബസ്രുര്‍, എഡിറ്റിംഗ് - അപൂര്‍വ്വ മോടിവാലെ, ആഷിഷ് എം ഹത്രെ, സംഗീതം - അജയ്- അതുല്‍. പശ്ചാത്തല സംഗീതം - സഞ്ചിത് ബല്‍ഹാറ, അങ്കിത് ബല്‍ഹാറ.