Mahaan Trailer : അധ്യാപകനിൽ നിന്നും ഗ്യാങ്സ്റ്ററായ ‘ഗാന്ധി മഹാൻ'; വിക്രം-ധ്രുവ് ചിത്രത്തിന്റെ ട്രെയിലർ
ഗാന്ധി മഹാൻ എന്ന കഥാപാത്രത്തെയാണ് ചിത്രത്തിൽ വിക്രം അവതരിപ്പിക്കുന്നത്. ദാദ എന്ന കഥാപാത്രമായാണ് ധ്രുവ് എത്തുന്നത്.
പ്രഖ്യാപന സമയം മുതൽ പ്രേക്ഷക ശ്രദ്ധനേടിയ ചിത്രമാണ് വിക്രം(Vikram) കേന്ദ്ര കഥാപാത്രമായി എത്തുന്ന 'മഹാന്‍'(Mahaan). രണ്ട് ദിവസങ്ങൾക്ക് മുമ്പ് പുറത്തുവിട്ട ചിത്രത്തിന്റെ ടീസറിന് വൻ പ്രേക്ഷക സ്വീകാര്യതയാണ് ലഭിച്ചത്. ഇപ്പോഴിതാ റിലീസിനൊരുങ്ങുന്ന ചിത്രത്തിന്റെ ട്രെയിലർ പുറത്തുവിട്ടിരിക്കുകയാണ് അണിയറ പ്രവർത്തകർ. കാര്‍ത്തിക് സുബ്ബരാജ്(Karthik Subbaraj) സംവിധാനം നിർവഹിക്കുന്ന ചിത്രത്തിൽ വിക്രമിന്റെ മകന്‍ ധ്രുവും(Dhruv Vikram) കേന്ദ്ര കഥാപാത്രത്തെ അവതരിപ്പിക്കുന്നുണ്ട്.
ഗാന്ധി മഹാൻ എന്ന കഥാപാത്രത്തെയാണ് ചിത്രത്തിൽ വിക്രം അവതരിപ്പിക്കുന്നത്. ദാദ എന്ന കഥാപാത്രമായാണ് ധ്രുവ് എത്തുന്നത്. ഒരു അധ്യാപകനിൽ നിന്നും ഗ്യാങ്സ്റ്ററിലേക്കുള്ള വിക്രമിന്റെ മാറ്റമാണ് ട്രെയിലറിൽ ഉൾക്കൊള്ളിച്ചിരിക്കുന്നത്. ഒപ്പം സിമ്രാനും ട്രെയിലറിൽ ഉണ്ട്.
ഒടിടി റിലീസായി ഫെബ്രുവരി പത്തിന് മഹാൻ പ്രേക്ഷകർക്ക് മുന്നിലെത്തും. ആമസോൺ പ്രൈമിലൂടെയാണ് സ്ട്രീമിംഗ്. വിക്രമിന്റെ 60ാമത്തെ ചിത്രം കൂടിയാണ് മഹാൻ. ചെന്നൈ പശ്ചാത്തലമാക്കിയുളള ഗ്യാങ്സ്റ്റർ ത്രില്ലർ ചിത്രമാണിത്.
സന്തോഷ് നാരായണനാണ് ചിത്രത്തിനായി സംഗീതം ഒരുക്കുന്നത്.
സെവന്‍ സ്‌ക്രീന്‍ സ്റ്റുഡിയോയുടെ ബാനറില്‍ ലളിത് കുമാറാണ് ചിത്രം നിര്‍മ്മിച്ചിരിക്കുന്നത്. ചിത്രത്തില്‍ സിമ്രാന്‍, സിംഹ, വാണി ഭോജന്‍, സനാത് എന്നിവരും പ്രധാന വേഷത്തിലെത്തുന്നു. സേതുപതി, മാരി 2, ഭാസ്‌കര്‍ ഒരു റാസ്‌കല്‍ എന്നീ ചിത്രങ്ങളിലൂടെ ശ്രദ്ധേയനായ ബാലതാരം രാഘവനും ചിത്രത്തില്‍ പ്രധാന വേഷത്തിലെത്തുന്നുണ്ട്.