ജയറാമിനൊപ്പം ഉറപ്പിക്കാമോ മമ്മൂട്ടിയെ? കാത്തിരുന്നവര്‍ക്ക് സര്‍പ്രൈസുമായി 'ഓസ്‍ലര്‍' ട്രെയ്‍ലര്‍

അഞ്ചാം പാതിരായ്‍ക്ക് ശേഷമുള്ള മിഥുന്‍ മാനുവല്‍ ചിത്രം

Abraham Ozler malayalam movie Official Trailer jayaram mammootty midhun manuel thomas anaswara rajan nsn

സമീപകാലത്ത് മലയാളത്തില്‍ ജയറാമിന് ലഭിച്ച ഏറ്റവും ശ്രദ്ധേയ ചിത്രമാണ് മിഥുന്‍ മാനുവല്‍ തോമസ് സംവിധാനം ചെയ്യുന്ന ഓസ്‍ലര്‍. മെഡിക്കല്‍ ത്രില്ലര്‍ വിഭാഗത്തിലുള്ള ചിത്രം ജനുവരി 11 ന് തിയറ്ററുകളിലെത്താന്‍ ഒരുങ്ങുകയാണ്. ജയറാമിന്‍റെ തിരിച്ചുവരവ് ചിത്രമായി മാറുമെന്ന് പ്രതീക്ഷിക്കപ്പെടുന്ന ഓസ്‍ലറില്‍ പ്രേക്ഷകര്‍ക്ക് കൗതുകം കൂട്ടുന്ന മറ്റൊരു ഘടകം കൂടിയുണ്ട്. മമ്മൂട്ടിയുടെ സാന്നിധ്യമാണ് അത്. മമ്മൂട്ടി അതിഥിതാരമാണെന്ന് റിപ്പോര്‍ട്ടുകള്‍ എത്തിയിരുന്നുവെങ്കിലും ഇത് സംബന്ധിച്ച് ഔദ്യോഗിക പ്രതികരണങ്ങളൊന്നും എത്തിയിരുന്നില്ല. എന്നാല്‍ ട്രെയ്‍ലറിലൂടെ അക്കാര്യം ഉറപ്പിക്കുകയാണ് അണിയറക്കാര്‍.

ത്രില്ലറുകള്‍ ഒരുക്കുന്നതിലുള്ള തന്‍റെ പ്രാവീണ്യം മിഥുന്‍ മാനുവല്‍ തോമസ് വീണ്ടും അടിവരയിടുന്ന ചിത്രമായിരിക്കും ഓസ്‍ലര്‍ എന്നാണ് ട്രെയ്‍ലര്‍ പറയുന്നത്. മമ്മൂട്ടിയുടെ ദൃശ്യം ഇല്ലെങ്കിലും ട്രെയ്‍ലര്‍ അവസാനിക്കുന്നത് അദ്ദേഹത്തിന്‍റെ ശബ്ദത്തിലുള്ള ഡയലോഗിലൂടെയാണ്. ഒരു ഡെവിള്‍സ് ഓള്‍ട്ടര്‍നേറ്റീവ് എന്നാണ് ആ ഡയലോഗ്. ട്രെയ്‍ലര്‍ എത്തിയതോടെ ജയറാം- മമ്മൂട്ടി കോമ്പിനേഷന്‍ സ്ക്രീനില്‍ കാണാനുള്ള കാത്തിരിപ്പും പ്രേക്ഷകര്‍ക്കിടയില്‍ വര്‍ധിക്കുമെന്ന് ഉറപ്പാണ്.

വൻ പ്രദർശന വിജയവും മികച്ച അഭിപ്രായവും നേടിയ അഞ്ചാം പാതിരാ എന്ന ക്രൈം ത്രില്ലർചിത്രത്തിനു ശേഷം മിഥുൻ മാനുവൽ തോമസ് സംവിധാനം ചെയ്യുന്ന ചിത്രമെന്ന നിലയിൽ ഇതിനകം ഹൈപ്പ് ലഭിച്ച ചിത്രമാണ് ഓസ്‍ലര്‍. കുടുംബ സദസ്സുകളുടെ പ്രിയപ്പെട്ട നടനായിരുന്ന ജയറാം രൂപത്തിലും ഭാവത്തിലുമെല്ലാം വലിയ മാറ്റങ്ങളോടെയാണ് ഈ കഥാപാത്രമായി എത്തുന്നത്. ഇത്തരമൊരു ക്രൈം ത്രില്ലർ ചിത്രത്തിൽ അദ്ദേഹം അഭിനയിക്കുന്നതും ഇതാദ്യമാണ്. ഏറെ ദുരൂഹതകൾ നിറഞ്ഞ ഒരു മരണത്തിൻ്റെ അന്വേഷണമാണ് ഡിസിപി അബ്രഹാം ഓസ്‍ലര്‍ നിർവ്വഹിക്കുന്നത്. ഏറെ നിർണ്ണായകമായ ചില വഴിത്തിരിവുകളും അപ്രതീക്ഷിതമായ ചില കഥാപാത്രങ്ങളുടെ കടന്നുവരവും പ്രേക്ഷകർക്ക് വലിയ കൗതുകം നൽകുന്നവയായിരിക്കും.

അർജുൻ അശോകൻ, ജഗദീഷ്, ദിലീഷ് പോത്തൻ, അനശ്വര രാജൻ, ദർശന നായർ, സെന്തിൽ കൃഷ്ണ, അർജുൻ നന്ദകുമാർ, അസിം ജമാൽ, ആര്യ സലിം എന്നിവരും പ്രധാന താരങ്ങളാണ്. ഡോ. രൺധീർ കൃഷ്ണൻ്റേതാണ് തിരക്കഥ. സംഗീതം മിഥുൻ മുകുന്ദന്‍, ഛായാഗ്രഹണം തേനി ഈശ്വർ, എഡിറ്റിംഗ് ഷമീർ മുഹമ്മദ്, പി ആർ മാർക്കറ്റിംഗ് വൈശാഖ് വടക്കേവീട്, ജിനു അനിൽകുമാർ.

ALSO READ : പ്രതീക്ഷിച്ചതിനേക്കാള്‍ വേഗത്തില്‍ സലാര്‍ 2 എത്തും? പ്രഭാസ് വെളിപ്പെടുത്തുന്നു

Latest Videos
Follow Us:
Download App:
  • android
  • ios