ഞെട്ടിക്കാന്‍ വിനയ് ഫോര്‍ട്ട്; 'ആട്ടം' ട്രെയ്‍ലര്‍
2023 ലെ ജിയോ മാമി മുംബൈ ഫിലിം ഫെസ്റ്റിവലിൽ മികച്ച അഭിപ്രായം നേടിയ ചിത്രം
നവാഗത സംവിധായകൻ ആനന്ദ് ഏകർഷി രചനയും സംവിധാനവും ചെയ്യുന്ന 'ആട്ട'ത്തിന്റെ ട്രെയിലർ പുറത്തിറങ്ങി. ജോയ് മൂവി പ്രൊഡക്ഷൻസിന് കീഴിൽ ഡോ. അജിത് ജോയ് നിർമ്മിച്ച ‘ആട്ടം’ ചേംബർ ഡ്രാമ വിഭാഗത്തിൽപ്പെടുന്ന ചിത്രമാണ്. നിരവധി സങ്കീർണതകളിലൂടെ മുന്നോട്ട് പോകുന്ന ചിത്രം സസ്പെൻസുകൾ ഒന്നൊന്നായി അനാവരണം ചെയ്യുന്നു. വിനയ് ഫോർട്ട്, സെറിൻ ശിഹാബ്, കലാഭവൻ ഷാജോൺ, നന്ദൻ ഉണ്ണി എന്നിവരും നാടകരംഗത്ത് സമ്പന്നമായ അഭിനയ പരിചയമുള്ള ഒമ്പത് മികച്ച അഭിനേതാക്കളും ഉൾപ്പെടുന്ന ഒരു മികച്ച താരനിരയാണ് ചിത്രത്തിലുള്ളത്. ചിത്രം ജനുവരി 5 ന് പുറത്തിറങ്ങും.
2023 ലെ ജിയോ മാമി മുംബൈ ഫിലിം ഫെസ്റ്റിവലിൽ മികച്ച അഭിപ്രായവും ഇന്ത്യൻ ഫിലിം ഫെസ്റ്റിവൽ ഓഫ് ലോസ് ഏഞ്ചൽസിൽ മികച്ച ചിത്രത്തിനുള്ള അവാർഡും ഗോവൻ അന്താരാഷ്ട്ര ചലച്ചിത്രമേളയിൽ ഇന്ത്യൻ പനോരമ വിഭാഗത്തിന്റെ ഉദ്‌ഘാടന ചിത്രവും ആയിരുന്നു 'ആട്ടം.' കേരള രാജ്യാന്തര മേളയിലും ( ഐഎഫ്എഫ്‌കെ) ചിത്രം പ്രദർശിപ്പിക്കും. രണ്ട് ജെ സി ഡാനിയൽ അവാർഡും 'ആട്ടം' നേടിയിട്ടുണ്ട്.
അനിരുദ്ധ് അനീഷ് ഛായാഗ്രഹണവും മഹേഷ് ഭുവനേന്ദ് എഡിറ്റിംഗും രംഗനാഥ് രവി ശബ്ദസംവിധാനവും നിർവ്വഹിച്ചിരിക്കുന്നു. ചിത്രത്തിന്റെ സംഗീതം ബേസിൽ സി ജെയും പ്രൊഡക്ഷൻ ശബ്ദമിശ്രണം ജിക്കു എം ജോഷിയും കളർ ഗ്രേഡിംഗ് ശ്രീക് വാരിയറും നിർവ്വഹിച്ചിരിക്കുന്നു.
അനൂപ് രാജ് എം, പ്രദീപ് മേനോൻ എന്നിവരാണ് ചിത്രത്തിന്റെ എക്സിക്യൂട്ടീവ് പ്രൊഡ്യൂസർമാർ. ശബ്ദമിശ്രണം നിർവഹിച്ചിരിക്കുന്നത് വിപിൻ നായരാണ്. ബിച്ചുവാണ് അസോസിയേറ്റ് ഡയറക്ടർ. നിശ്ചല ഛായാഗ്രഹണം രാഹുൽ എം സത്യൻ. ഷഹീൻ താഹയുടെ ചിത്രങ്ങളാണ് പോസ്റ്ററുകൾ. വസ്ത്രാലങ്കാരം നിസാർ റഹ്മത്തും കലാസംവിധാനം അനീസ് നാടോടിയും നിർവഹിച്ചിരിക്കുന്നു. യെല്ലോടൂത്ത്‌സിന്റേതാണ് പബ്ലിസിറ്റി ഡിസൈനുകൾ. സ്റ്റോറീസ് സോഷ്യലിന് വേണ്ടി സംഗീത ജനചന്ദ്രൻ മാർക്കറ്റിംഗും കമ്മ്യൂണിക്കേഷനും കൈകാര്യം ചെയ്യുന്നു.