Aaraattu Promo : തിയറ്ററുകളില്‍ ഉത്സവം നടത്താന്‍ 'ഗോപന്‍'; 'ആറാട്ട്' ട്രെയ്‍ലര്‍ പ്രൊമോ
'വില്ലന്' ശേഷം മോഹന്‍ലാല്‍, ബി ഉണ്ണികൃഷ്‍ണന്‍
മോഹന്‍ലാലിനെ (Mohanlal) നായകനാക്കി ബി ഉണ്ണികൃഷ്‍ണന്‍ (B Unnikrishnan) സംവിധാനം ചെയ്യുന്ന 'ആറാട്ടി'ന്‍റെ (Aaraattu) ട്രെയ്‍ലറിനു മുന്‍പുള്ള പ്രൊമോ വീഡിയോ പുറത്തെത്തി. സിനിമയുടെ കഥാപശ്ചാത്തലം സ്കെച്ചുകളിലൂടെ അവതരിപ്പിച്ചിരിക്കുകയാണ് പ്രൊമോ വീഡിയോയില്‍. ആരാധകര്‍ക്കുള്ള പുതുവത്സര സമ്മാനമായി ജനുവരി 1 രാവിലെ 11നാണ് ട്രെയ്‍ലര്‍ പുറത്തെത്തുക. ഫെബ്രുവരി 10ന് റിലീസ് പ്രഖ്യാപിച്ചിരിക്കുന്ന ചിത്രത്തിന്‍റെ ഡബ്ബിംഗ് ഈ മാസം രണ്ടാം വാരം പൂര്‍ത്തിയായിരുന്നു.
'വില്ലന്‍' എന്ന ചിത്രത്തിനു ശേഷം ബി ഉണ്ണികൃഷ്‍ണന്‍ മോഹന്‍ലാലിനെ നായകനാക്കി ഒരുക്കുന്ന ചിത്രമാണിത്. 'നെയ്യാറ്റിന്‍കര ഗോപന്‍റെ ആറാട്ട്' എന്നാണ് ചിത്രത്തിന്‍റെ മുഴുവന്‍ ടൈറ്റില്‍. ഗോപനായി മോഹന്‍ലാല്‍ ആണ് എത്തുന്നത്. സ്വദേശമായ നെയ്യാറ്റിന്‍കരയില്‍ നിന്നും ഒരു പ്രത്യേക ലക്ഷ്യത്തോടെ ഗോപന്‍ പാലക്കാട്ടെ ഒരു ഗ്രാമത്തില്‍ എത്തുന്നതും തുടര്‍ സംഭവങ്ങളുമാണ് ചിത്രത്തിന്‍റെ പ്ലോട്ട്. മോഹന്‍ലാല്‍ നിറഞ്ഞാടി അഭിനയിക്കുന്ന മാസ് മസാല ചിത്രമെന്നാണ് തിരക്കഥാകൃത്ത് ഉദയകൃഷ്‍ണ ചിത്രത്തെക്കുറിച്ച് പറഞ്ഞിരിക്കുന്നത്. നെടുമുടി വേണു, സായ് കുമാര്‍, സിദ്ദിഖ്, വിജയരാഘവന്‍, ജോണി ആന്‍റണി, ഇന്ദ്രന്‍സ്, നന്ദു, ഷീല, സ്വാസിക, മാളവിക, രചന നാരായണന്‍കുട്ടി എന്നിങ്ങനെയാണ് ചിത്രത്തിലെ താരനിര.