Aadhivaasi teaser : മധുവിന്‍റെ കഥ വെള്ളിത്തിരയിലേക്ക്; 'ആദിവാസി' ടീസര്‍
സംവിധാനം വിജീഷ് മണി
കേരളത്തിന്‍റെ മനസാക്ഷിയെ ഞെട്ടിച്ച സംഭവമായിരുന്നു അട്ടപ്പാടിയിലെ ആദിവാസി യുവാവ് മധുവിനെ (Madhu) ആള്‍ക്കൂട്ടം മര്‍ദ്ദിച്ചു കൊന്ന സംഭവം. ഇപ്പോഴിതാ ആ സംഭവം സിനിമാരൂപത്തില്‍ പ്രേക്ഷകരിലേക്ക് എത്തിയിരിക്കുകയാണ്. ശരത്ത് അപ്പാനി (Sarath Appani) കേന്ദ്ര കഥാപാത്രത്തെ അവതരിപ്പിക്കുന്ന ചിത്രത്തിന് ആദിവാസി (Aadhivaasi) എന്നാണ് പേരിട്ടിരിക്കുന്നത്. ചിത്രത്തിന്‍റെ ടീസര്‍ അണിയറക്കാര്‍ പുറത്തുവിട്ടു.
വിജീഷ് മണിയാണ് സംവിധായകന്‍. നിരവധി അന്താരാഷ്ട്ര പുരസ്‌കാരങ്ങള്‍ നേടിയ 'മ് മ് മ് (സൗണ്ട് ഓഫ് പെയിന്‍)' എന്ന സിനിമയ്ക്കു ശേഷം അതേ ടീം ഒരുമിക്കുന്ന ചിത്രമാണിത്. ഏരീസ് ഗ്രൂപ്പിന്‍റെ ബാനറില്‍ ഡോ: സോഹന്‍ റോയ് ആണ് നിര്‍മ്മാണം. ശരത് അപ്പാനിയോടൊപ്പം ആദിവാസി കലാകാരന്‍മാരും ചിത്രത്തില്‍ അണിനിരക്കുന്നുണ്ട്. വിശപ്പും വര്‍ണ്ണ വിവേചനവും പരിസ്ഥിതി പ്രശ്‌നങ്ങളും കാലാവസ്ഥ വ്യതിയാനവുമൊക്കെ പ്രതിപാദ്യ വിഷയങ്ങളാവുന്ന ചിത്രത്തിന്‍റെ പ്രൊഡക്ഷന്‍ ഹൗസ് അനശ്വര ചാരിറ്റബിള്‍ ട്രസ്റ്റ് ആണ്.
ഛായാഗ്രഹണം പി മുരുഗേശ്വരന്‍, എഡിറ്റിംഗ് ബി ലെനിന്‍, സംഭാഷണം എം തങ്കരാജ്, ഗാനരചന ചന്ദ്രന്‍ മാരി, ക്രിയേറ്റീവ് കോണ്‍ട്രിബ്യൂട്ടര്‍ രാജേഷ് ബി, പ്രോജക്റ്റ് കോഡിനേറ്റര്‍ ബാദുഷ, ലൈന്‍ പ്രൊഡ്യൂസര്‍ വിഹാന്‍, ചീഫ് അസോസിയേറ്റ് ഡയറക്ടര്‍ മാരുതി ക്രിഷ്, കലാസംവിധാനം കൈലാഷ്, മേക്കപ്പ് ശ്രീജിത്ത് ഗുരുവായൂര്‍, വസ്ത്രാലങ്കാരം ബുസി ബേബി ജോണ്‍, പിആർഒ എ എസ് ദിനേശ്.