'ഇനി ചാർലിയുടെ ദിനങ്ങൾ'; രക്ഷിത് ഷെട്ടി ചിത്രം കേരളത്തിൽ അവതരിപ്പിക്കുന്നത് പൃഥ്വി, ട്രെയിലർ
മലയാളം, കന്നട, തമിഴ്, തെലുങ്ക്, ഹിന്ദി എന്നീ അഞ്ച് ഭാഷകളിലായി റിലീസ് ചെയ്യുന്ന ചിത്രം ജൂണ്‍ 10 ന് തിയറ്ററുകളിലെത്തും.
കന്നഡ താരം രക്ഷിത് ഷെട്ടിയുടെ പുതിയ ചിത്രം '777 ചാര്‍ലി'യുടെ(777 Charlie) ട്രെയിലർ റിലീസ് ചെയ്തു. മലയാളം, കന്നട, തമിഴ്, തെലുങ്ക്, ഹിന്ദി എന്നീ അഞ്ച് ഭാഷകളിലായി റിലീസ് ചെയ്യുന്ന ചിത്രം ജൂണ്‍ 10 ന് തിയറ്ററുകളിലെത്തും. നിവിന്‍ പോളി, ടൊവിനോ തോമസ്, ആസിഫ് അലി, ആന്റണി വര്‍ഗ്ഗീസ്, പൃഥ്വിരാജ് എന്നിവരുടെ സോഷ്യൽ മീഡിയ പേജ് വഴിയാണ് മലയാളം ട്രെയിലർ പുറത്തുവിട്ടത്.
ധര്‍മ്മ എന്ന യുവാവുമായുള്ള ചാര്‍ലി എന്ന നായ്ക്കുട്ടിയുടെ സൗഹൃദവും ആത്മബന്ധവും കുസൃതികളും യാത്രയും ഇമോഷണല്‍ പശ്ചാത്തലമാക്കിയാണ് ട്രെയിലർ തയ്യാറാക്കിയിരിക്കുന്നത്. രക്ഷിത് ഷെട്ടി ചിത്രമാണെങ്കിലും ടൈറ്റില്‍ കഥാപാത്രമായി എത്തുന്നത് ഒരു നായയാണ്. രക്ഷിത് അവതരിപ്പിക്കുന്ന 'ധര്‍മ്മ'യും ഈ നായയും തമ്മില്‍ ഉടലെടുക്കുന്ന ഹൃദയബന്ധത്തിന്‍റെ കഥയാണ് 777 ചാര്‍ലി.
മലയാളി പ്രേക്ഷകര്‍ക്കിടയിലും ശ്രദ്ധ നേടിയ 'അവന്‍ ശ്രീമന്നാരായണ'യ്ക്കു ശേഷം രക്ഷിത് ഷെട്ടിയുടേതായി പുറത്തെത്തുന്ന ചിത്രമാണിത്. കിരണ്‍രാജ് കെ രചനയും സംവിധാനവും നിര്‍വ്വഹിച്ചിരിക്കുന്ന ചിത്രം കോമഡി അഡ്വഞ്ചര്‍ ഗണത്തില്‍ പെടുന്ന ചിത്രമാണ്. നോബിന്‍ പോള്‍ സംഗീത സംവിധാനം നിര്‍വ്വഹിച്ചിരിക്കുന്ന ചിത്രത്തില്‍ നായികയാവുന്നത് സംഗീത ശൃംഗേരിയാണ്. ചിത്രത്തിന്‍റെ മലയാളം ടീസര്‍ ഗാനം പാടിയിരിക്കുന്നത് വിനീത് ശ്രീനിവാസനാണ്. ചിത്രത്തിലെ മറ്റൊരു ഗാനവും വിനീത് പാടിയിട്ടുണ്ട്.