12th Man Trailer : ദൃശ്യം 2 നു ശേഷം മോഹന്‍ലാല്‍ - ജീത്തു ജോസഫ്; 12ത്ത് മാന്‍ ട്രെയ്‍ലര്‍

സ്വന്തം തിരക്കഥയിലല്ലാതെ ജീത്തു ജോസഫ് സംവിധാനം ചെയ്യുന്ന ആദ്യ മോഹന്‍ലാല്‍ ചിത്രമാണ് ഇത്

12th man official trailer mohanlal jeethu joseph unni mukundan

മലയാളത്തിലെ ത്രില്ലര്‍ ചിത്രങ്ങളില്‍ ഏറ്റവും വലിയ വിജയം നേടിയ ഫ്രാഞ്ചൈസിയാണ് ദൃശ്യം. ഡയറക്ട് ഒടിടി റിലീസ് ആയെത്തി വന്‍ ചര്‍ച്ചാവിഷയമായ ദൃശ്യം 2 നു ശേഷം ജീത്തു ജോസഫും (Jeethu Joseph) മോഹന്‍ലാലും (Mohanlal) ഒന്നിക്കുന്ന പുതിയ ചിത്രം ഇപ്പോഴിതാ പ്രേക്ഷകരിലേക്ക് എത്തുകയാണ്. 12ത്ത് മാന്‍ (12th Man) എന്നു പേരിട്ടിരിക്കുന്ന ചിത്രത്തില്‍ മോഹന്‍ലാല്‍ ആണ് ടൈറ്റില്‍ കഥാപാത്രമാവുന്നത്. ഡിസ്നി പ്ലസ് ഹോട്ട്സ്റ്റാറിന്‍റെ ഡയറക്ട് റിലീസ് ആയി എത്തുന്ന ചിത്രത്തിന്‍റെ ട്രെയ്‍ലര്‍ പുറത്തെത്തിയിരിക്കുകയാണ്. ചിത്രത്തിന്‍റെ റിലീസ് തീയതിയും അണിയറക്കാര്‍ പ്രഖ്യാപിച്ചിട്ടുണ്ട്. മെയ് 20ന് ചിത്രം പ്രേക്ഷകരിലേക്ക് എത്തും. 2.27 മിനിറ്റ് ദൈര്‍ഘ്യമുള്ള ട്രെയ്‍ലര്‍ ആണ് എത്തിയിരിക്കുന്നത്.

മിസ്റ്ററി ത്രില്ലര്‍ വിഭാഗത്തില്‍ പെടുന്ന സിനിമയുടെ ഷൂട്ടിംഗ് കഴിഞ്ഞ വര്‍ഷം ഒക്ടോബര്‍ ആദ്യ വാരമാണ് ആരംഭിച്ചത്. സ്വന്തം തിരക്കഥയിലല്ലാതെ ജീത്തു ജോസഫ് സംവിധാനം ചെയ്യുന്ന ആദ്യ മോഹന്‍ലാല്‍ ചിത്രവുമാണ് ട്വല്‍ത്ത് മാന്‍. നവാഗതനായ കെ ആര്‍ കൃഷ്‍ണകുമാര്‍ ആണ് ചിത്രത്തിന്‍റെ രചന നിര്‍വ്വഹിച്ചിരിക്കുന്നത്. ഉണ്ണി മുകുന്ദന്‍, അനുശ്രീ, അദിതി രവി, ലിയോണ ലിഷോയ്, വീണ നന്ദകുമാര്‍, ഷൈന്‍ ടോം ചാക്കോ, സൈജു കുറുപ്പ്, ശാന്തി പ്രിയ, പ്രിയങ്ക നായര്‍, ശിവദ തുടങ്ങിയവര്‍ പ്രധാന കഥാപാത്രങ്ങളെ അവതരിപ്പിക്കുന്നു. സതീഷ് കുറുപ്പ് ആണ് ഛായാഗ്രഹണം. ഇടുക്കിയിലെ കുളമാവ് ആയിരുന്നു ചിത്രത്തിന്‍റെ പ്രധാന ലൊക്കേഷന്‍. 

ഷാജി കൈലാസിന്‍റെ സംവിധാനത്തിലെത്തുന്ന എലോണ്‍, വൈശാഖ് ചിത്രം മോണ്‍സ്റ്റര്‍ എന്നിവയാണ് മോഹന്‍ലാലിന്‍റേതായി 12ത്ത് മാനിനു ശേഷം പുറത്തത്താനിരിക്കുന്ന മറ്റു രണ്ട് ചിത്രങ്ങള്‍. ഒടിടിക്കു വേണ്ടി ചെയ്യുന്ന സിനിമകളെന്നാണ് ഈ ചിത്രങ്ങളെക്കുറിച്ച് ആദ്യം റിപ്പോര്‍ട്ടുകള്‍ എത്തിയിരുന്നതെങ്കിലും ഒടിടിയോ തിയറ്ററോ എന്ന് അന്തിമ തീരുമാനം എടുത്തിട്ടില്ലെന്നാണ് മരക്കാര്‍ പ്രൊമോഷന്‍ സമയത്ത് മോഹന്‍ലാല്‍ പറഞ്ഞത്. അതേസമയം ആറാട്ട് ആയിരുന്നു മോഹന്‍ലാലിന്‍റെ അവസാനമെത്തിയ തിയറ്റര്‍ റിലീസ്. ഒരിടവേളയ്ക്കു ശേഷം മോഹന്‍ലാല്‍ നായകനായെത്തിയ കോമഡി ആക്ഷന്‍ എന്‍റര്‍ടെയ്നര്‍ ആയിരുന്നു ഈ ചിത്രം. തിയറ്റര്‍ റിലീസിനു പിന്നാലെ ആമസോണ്‍ പ്രൈം വീഡിയോയിലൂടെ ആയിരുന്നു ചിത്രത്തിന്‍റെ ഒടിടി റിലീസ്.

Latest Videos
Follow Us:
Download App:
  • android
  • ios