യൂ ട്യൂബ് മൊബൈല്‍ ആപ്പിന്റെ ഹോം പേജിലേക്ക് ഓട്ടോ പ്ലേ ഫീച്ചർ
യൂ ട്യൂബിന്റെ ഹോം പേജില്‍ എത്തുമ്പോള്‍ വീഡിയോകളുടെ പല ഭാഗങ്ങൾ കൂട്ടിച്ചേർത്ത പ്രിവ്യൂ ഓട്ടോമാറ്റിക്കായി പ്ലേ ചെയ്യുന്ന വിധത്തിലാണു പുതിയ ഫീച്ചറി ന്റെ പ്രവർത്തനം.
ദില്ലി: യൂ ട്യൂബ് മൊബൈല്‍ ആപ്പിന്റെ ഹോം പേജിലേക്ക് ഓട്ടോ പ്ലേ ഫീച്ചർ എത്തുന്നു. അടുത്തിടെ പുറത്തിറങ്ങാനിരിക്കുന്ന ആൻഡ്രോയിഡ് പ്ലാറ്റ്ഫോമിലുള്ള അപ്ഡേറ്റഡ് വേർഷനിലായിരിക്കും യുട്യൂബ് പുതിയ ഫീച്ചർ അവതരിപ്പിക്കുക. ഐ ഫോൺ ഉപയോക്താക്കൾക്കും ഈ ഫീച്ചർ അപ്ഡേറ്റഡ് വേർഷനിലൂടെ ലഭിക്കും.
യൂ ട്യൂബിന്റെ ഹോം പേജില്‍ എത്തുമ്പോള്‍ വീഡിയോകളുടെ പല ഭാഗങ്ങൾ കൂട്ടിച്ചേർത്ത പ്രിവ്യൂ ഓട്ടോമാറ്റിക്കായി പ്ലേ ചെയ്യുന്ന വിധത്തിലാണു പുതിയ ഫീച്ചറിന്റെ പ്രവർത്തനം.എന്നാൽ, ഈ പ്രീവ്യൂ വീഡിയോയുടെ ശബ്ദം മ്യൂട്ട് ചെയ്യാന്‍ സാധിക്കും. അതേസമയം, വീഡിയോ ദൃശ്യത്തെക്കുറിച്ചുള്ള ലഘുവിവരണം ഓട്ടോ പ്ലേ ചെയ്യുന്ന വീഡിയോയ്ക്കൊപ്പം ലഭ്യമാകും.
വീഡിയോകൾ പ്ലേ ചെയ്യാതെതന്നെ അവയുടെ സംഗ്രഹം എന്താണെന്ന് ഏകദേശ ധാരണയുണ്ടാക്കാൻ ഈ ഫീച്ചർ സഹായമാകും. ഓട്ടോ പ്ലേ ഫീച്ചർ താത്പര്യമില്ലാത്തവർക്ക് അതു പ്രവർത്തന രഹിതമാക്കാനും വൈഫൈ ലഭ്യമാകുമ്പോള്‍ മാത്രം ഓട്ടോ പ്ലേ ഫീച്ചർ പ്രവർത്തിപ്പിക്കാനും സെറ്റിംഗ്സിൽ സംവിധാനമുണ്ടെന്ന് യു ട്യൂബ് പറയുന്നു.