യൂട്യൂബ് ഗോ-ഡാറ്റ ചിലവ് കുറച്ച് യൂട്യൂബ് കാണാം
യൂട്യൂബ് ഗോ ആപ്പ് പ്ലേസ്റ്റോറില്‍ എത്തി. സെപ്തംബറില്‍ പ്രഖ്യാപിക്കപ്പെട്ട ആപ്പ് ഔദ്യോഗിക ബഹളങ്ങള്‍ ഒന്നും ഇല്ലാതെയാണ് പ്ലേസ്റ്റോറില്‍ എത്തിയിരിക്കുന്നത്. നെറ്റ്വര്‍ക്ക് പ്രശ്നങ്ങള്‍ ഇല്ലാതെ പ്രവര്‍ത്തിക്കും എന്നാണ് ഗൂഗിള്‍ ഈ ആപ്പിന്‍റെ പ്രത്യേകതയായി പറയുന്നത്. ഇന്ത്യന്‍ വിപണിയില്‍ വര്‍ഷങ്ങളായി നടത്തുന്ന പഠനത്തിന്‍റെ ഭാഗമായാണ് ഈ ആപ്പ് ഉണ്ടാക്കിയത് എന്നാണ് യൂട്യൂബ് ഇന്ത്യ തങ്ങളുടെ ബ്ലോഗില്‍ പറയുന്നത്.
നെറ്റ്വര്‍ക്ക് പ്രശ്നങ്ങള്‍ ഒരിക്കലും യൂട്യൂബിന്‍റെ പ്രവര്‍ത്തനത്തെ ബാധിക്കരുത് എന്നാണ് ആഗ്രഹിക്കുന്നത്, അതിനാലാണ് 2014 ല്‍ ഇന്ത്യയില്‍ യൂട്യൂബ് ഓപ്ഷന്‍ ഇറക്കിയത്. അതിനെക്കാള്‍ മികച്ച ഫീച്ചറുകളാണ് യൂട്യൂബ് ഗോയിലൂടെ അവതരിപ്പിക്കുന്നത് എന്നാണ് യൂട്യൂബ് ഇന്ത്യ പറയുന്നത്.
കാണാന്‍ പോകുന്ന വീഡിയോയുടെ പ്രിവ്യു കണ്ട് ഉള്ളടക്കമെന്താണെന്ന് മനസ്സിലാക്കാം. വീഡിയോ കാണണോ വേണ്ടയോ എന്ന് തീരുമാനിക്കാം. ഇതുവഴി ഡാറ്റ ലാഭിക്കാന്‍ ഉപയോക്താവിന് കഴിയും. തംമ്പ് നെയില്‍ നല്‍കി പ്രേക്ഷകനെ പറ്റിക്കാനുള്ള വിദ്യകള്‍ യൂട്യൂബ് ഗോയില്‍ നടക്കില്ലെന്ന് ചുരുക്കം.
ആപ്ലിക്കേഷന്‍ തുറക്കുമ്പോള്‍ ട്രെന്‍ഡിങ്ങായുള്ള വീഡിയോകള്‍ ഹോംസ്‌ക്രീനില്‍ വരും. കാണാനും ഡൗണ്‍ലോഡ് ചെയ്യാനും എത്രത്തോളം ഡേറ്റ ചെലവാകുമെന്നും ഇതിന്‍റെ ഒപ്പം സൂചന നല്‍കുന്നത് ഉപയോക്താവിന് ഗുണകരമാണ്. ഒപ്പം ഓഫ്‌ലൈനായി കാണുവാന്‍ സേവ് ചെയ്യുന്നതിന് മുമ്പ് ഇഷ്ടത്തിനനുസരിച്ചുള്ള ക്വാളിറ്റി തെരഞ്ഞെടുക്കാനും ഓപ്ഷനുണ്ട്. ഡേറ്റാ ചെലവില്ലാതെ ബ്ലൂടൂത്ത് വഴി സുഹൃത്തുക്കളുമായി കണക്ട് ചെയ്യാനും വീഡിയോ ഷെയര്‍ ചെയ്യാനും യുട്യൂബ് ഗോ അവസരം ഒരുക്കുന്നുണ്ട്