അപകടം നിറഞ്ഞ കളികൾക്ക് 'നോ' പറഞ്ഞ് യൂട്യൂബ്
കുട്ടികളെ മാനസികമായി തളർത്തുന്നതും,കുട്ടികളെ പറ്റിക്കുക, പേടിപ്പിക്കുക തുടങ്ങിയ വീഡിയോകൾക്കും യൂട്യൂബ് നിരോധനം ഏർപ്പെടുത്തിയിട്ടുണ്ട്. ഇതിനായി കുട്ടികളുടെ മാനസികാരോഗ്യ വിദഗ്ദരുടെ സഹായവും യൂട്യൂബ് തേടും.
വാഷിങ്ടൺ: ജീവന് ഭീഷണിയാകുന്നതും അപകടം നിറഞ്ഞതുമായ ചലഞ്ച് വീഡിയോകളും പ്രാങ്ക് വീഡിയോകൾ എന്നറിയപ്പെടുന്ന തമാശ വീഡിയോകളും നിരോധിക്കാനൊരുങ്ങി യൂട്യൂബ്. ചലഞ്ചുകളുടെ പേരിൽ പുറത്തിറങ്ങുന്ന വീഡിയോകൾ ആളുകൾ അനുകരിക്കുകയും അത് ജീവന് തന്നെ ഭീഷണിയാകുന്നു എന്ന കണ്ടെത്തലിന്റെ പശ്ചാത്തലത്തിലാണ് യൂട്യൂബിന്റെ നടപടി.
നിലവിൽ അപകടകരമായ ഉള്ളടക്കത്തോടെയുള്ള വീഡിയോകൾ യൂട്യൂബിൽ ലഭ്യമാണ്. ഇവയെല്ലാം നിരവധി പേർ കണ്ടുകഴിഞ്ഞു. ഇത്തരം ഉള്ളടക്കങ്ങളുള്ള വീഡിയോകൾ നീക്കം ചെയ്യാനുള്ള പരിശ്രമങ്ങൾ നടക്കുകയാണെന്നും യൂട്യൂബ് പറയുന്നു. അപകടങ്ങൾ അതിരുവിടുന്നില്ലെന്ന് ഉറപ്പുവരുത്തുന്നതിനുള്ള നയങ്ങൾ തങ്ങൾക്കുണ്ടെന്നും അത്തരം പ്രവൃത്തികളെ പ്രോത്സാഹിപ്പിക്കുന്ന വീഡിയോകളെ പിൻവലിക്കുന്നുവെന്നും യൂട്യൂബ് പറയുന്നു.
കുട്ടികളെ മാനസികമായി തളർത്തുന്നതും,കുട്ടികളെ പറ്റിക്കുക, പേടിപ്പിക്കുക തുടങ്ങിയ വീഡിയോകൾക്കും യൂട്യൂബ് നിരോധനം ഏർപ്പെടുത്തിയിട്ടുണ്ട്. ഇതിനായി കുട്ടികളുടെ മാനസികാരോഗ്യ വിദഗ്ദരുടെ സഹായവും യൂട്യൂബ് തേടും. അതേ സമയം അപകടകരമായ ഇത്തരം വീഡിയോകൾ നീക്കം ചെയ്യാനുള്ള യൂട്യൂബിന്റെ ശ്രമങ്ങൾ വിഫലമാണെന്നുള്ള വിമർശനങ്ങളും ഉയരുന്നുണ്ട്.
സമൂഹമാധ്യമങ്ങളിലൂടെ വൈറലാകുകയും സ്വീകാര്യത ലഭിക്കുകയും ചെയ്ത ഒട്ടേറെ ചലഞ്ച് വീഡിയോകളും പ്രാങ്ക് വീഡിയോകളും യൂട്യൂബിൽ
ഇപ്പോഴും ലഭ്യമാണ്. കികി ചലഞ്ച്, കണ്ണുകെട്ടി വാഹനമോടിക്കുക പോലുള്ള ചലഞ്ചുകൾ അതില്‍ ചിലത് മാത്രം. അപകടങ്ങൾ വിളിച്ചുവരുത്തുന്ന പ്രവൃത്തികൾ ചിത്രീകരിക്കുന്ന വീഡിയോകളാണ് യൂട്യൂബ് പിൻവലിക്കുക. വീഡിയോകളിൽ അപകടം ഉണ്ടാകുന്ന സംഭവങ്ങൾ ഉണ്ടാകണമെന്നില്ല. പകരം ഏതെങ്കിലും വിധത്തില്‍ അപകടം ഉണ്ടാകാനിടയുണ്ടെന്ന് തോന്നിയാല്‍ മാത്രം മതി വീഡിയോകള്‍ നീക്കം ചെയ്യപ്പെടാന്‍.