30 ദിവസം വെള്ളത്തില്‍ കിടന്നിട്ടും ഐഫോണിന് തകരാറില്ലെന്ന് വനിത; പ്രതികരിക്കാതെ കമ്പനി
ജന്മദിനാഘോഷങ്ങളുടെ ഇടയ്ക്കാണ് ഐ ഫോണ്‍ 11 പ്രോ തടാകത്തിലേക്ക് വീണ് പോയത്. മൂപ്പത് ദിവസത്തിന് ശേഷം മൂന്നാമത്തെ പരിശ്രമത്തിലാണ് ഫോണ്‍ വീണ്ടെടുക്കാനായതെന്നും വനിതയുടെ അവകാശവാദം
ഐ ഫോണ്‍ 11 പ്രോ 30 ദിവസം വെള്ളത്തില്‍ കിടന്നിട്ടും ഒരു കുഴപ്പവുമില്ലാതെ പ്രവര്‍ത്തിക്കുന്നതായി വനിത. ഏയ്ഞ്ചി കാരിയറേ എന്ന കാനഡ സ്വദേശിയുടേതാണ് അവകാശവാദം. ഏയ്ഞ്ചിയുടെ അന്‍പതാം ജന്മദിനാഘോഷത്തിന്‍റെ ഭാഗമായി സുഹൃത്തുക്കളോടൊപ്പം മഞ്ഞ് നിറഞ്ഞ തടാകത്തില്‍ മീന്‍ പിടിക്കാന്‍ പോയപ്പോഴാണ് ഐഫോണ്‍ തടാകത്തില്‍ വീണ് പോയത്.
വെള്ളത്തില്‍ നിന്ന് ഫോണ്‍ തിരികെയെടുക്കാനുള്ള മൂന്നാമത്തെ ശ്രമമാണ് ഫലം കണ്ടതെന്നാണ് ഏയ്ഞ്ചി പ്രാദേശിക മാധ്യമങ്ങളോട് വിശദമാക്കുന്നത്. ചൂണ്ടയില്‍ കാന്തം കൊളുത്തിയാണ് തടാകത്തില്‍ വീണ ഫോണ്‍ കണ്ടെത്തിയതെന്നും ഇവര്‍ പറയുന്നു. തിരികെ കിട്ടിയ ഫോണ്‍ പ്രവര്‍ത്തിക്കുമോയെന്ന് സംശയമുണ്ടായിരുന്നു. ഫോണിലെ ചിത്രങ്ങള്‍ പരിശോധിച്ച ശേഷം ഒരു തവണ ഐ ഫോണ്‍ 11 പ്രോ റീസ്റ്റാര്‍ട്ട് ചെയ്തു. ഇതിന് ശേഷം ഫോണിലെ ഒരു സംവിധാനം പോലും പ്രവര്‍ത്തിക്കാത്തതില്ലെന്നാണ് അവകാശവാദം.
പൂര്‍ണമായും വെള്ളത്തില്‍ മുങ്ങി 30 മിനിറ്റ് കിടന്നാല്‍ പോലും ഫോണിന് തകരാര്‍ ഉണ്ടാവില്ലെന്ന് ആപ്പിള്‍ വാദിക്കുമ്പോഴാണ് 30 ദിവസത്തെ അനുഭവവുമായി ഏയ്ഞ്ചി എത്തുന്നത്. എന്തായാലും ആപ്പിള്‍ കമ്പനി അധികൃതര്‍ ഏയ്ഞ്ചിയുടെ അവകാശവാദങ്ങളോട് പ്രതികരിച്ചിട്ടില്ല. എന്നാല്‍ വെള്ളത്തെ പ്രതിരോധിക്കുന്ന കാര്യത്തില്‍ ഐ ഫോണ്‍ 11 പ്രോ മികച്ച പ്രകടനമാണെന്നാണ് സമൂഹമാധ്യമങ്ങളില്‍ ആപ്പിള്‍ ഉപഭോക്താക്കളുടെ പ്രതികരണം.
ചിത്രത്തിന് കടപ്പാട് The Guardian