മുസ്‌ലിം പ്രതിനിധി വേണ്ടെന്ന് യുവതി; ആവശ്യം എയർടെൽ അംഗീകരിച്ചപ്പോള്‍

  • പ്രത്യേക മതത്തില്‍പ്പെട്ട പ്രതിനിധിയെ തനിക്ക് സേവനം നല്‍കാന്‍ എയർടെല്ലിനോട് ആവശ്യപ്പെട്ട് യുവതി
Woman Asks Airtel For Hindu Representative Twitter Outraged

മുംബൈ: പ്രത്യേക മതത്തില്‍പ്പെട്ട പ്രതിനിധിയെ തനിക്ക് സേവനം നല്‍കാന്‍ എയർടെല്ലിനോട് ആവശ്യപ്പെട്ട് യുവതി. നിലവിലെ കസ്റ്റമർ കെയർ പ്രതിനിധി മുസ്‍‌ലിം ആണ്. ഇവരെ മാറ്റി മറ്റൊരു പ്രതിനിധിയെ വിട്ടു നൽകണമെന്നാണ് എയർടെൽ ഉപയോക്താവായ യുവതി ആവശ്യപ്പെട്ടത്. ഇത് കമ്പനി അംഗീകരിച്ചു എന്നതാണ് ഇതിലെ കൗതുകരമായ കാര്യം. ട്വിറ്ററില്‍ നടന്ന ഈ വിചിത്ര സംഭാഷണം വൈറലായതോടെ എയർടെൽ ഇന്ത്യയ്ക്കെതിരെ വൻ പ്രതിഷേധമാണ് സോഷ്യല്‍ മീഡിയയില്‍ അരങ്ങേറിയത്. 

സംഭവം ഇങ്ങനെ,  പൂജ സിങ് എന്ന ഉപയോക്താവാണ് തനിക്ക് ഹിന്ദു പ്രതിനിധിയുടെ സേവനം വേണമെന്ന് എയർടെൽ അധികൃതരെ ട്വീറ്റ് വഴി അറിയിച്ചത്. എയർടെൽ ഡിടിഎച്ച് ഉപയോക്താവായ പൂജ സിങ് ഈ വിഷയം ഓണ്‍ലൈൻ വഴി പരാതിപ്പെട്ടതോടെയാണ് പുറംലോകം അറിഞ്ഞത്. ഇതിനുള്ള മറുപടി എയർടെൽ നൽകിയിതും ട്വീറ്റിലൂടെയാണ്. നിലവിലെ കസ്റ്റമർ കെയർ പ്രതിനിധിയുടെ സേവനത്തെ വിമർശിച്ചാണ് ആദ്യം ട്വീറ്റ് ചെയ്തത്. 

 

പൂജയുടെ ഈ ട്വീറ്റിന് മറുപടി നൽകിയത് ശുഹൈബ് എന്ന എയർടെൽ പ്രതിനിധിയാണ്. ശുഹൈബിന്‍റെ ട്വീറ്റിനോടു പൂജ പ്രതികരിച്ചത് ഇങ്ങനെ ‘ശുഹൈബ്, നിങ്ങൾ മുസ്‌ലിം ആണ്. നിങ്ങളുടെ ധാർമികതയിൽ എനിക്ക് വിശ്വാസമില്ല. എന്‍റെ പരാതി പരിഹരിക്കാൻ ഹിന്ദു പ്രതിനിധിയെ ചുമതലപ്പെടുത്താൻ അപേക്ഷിക്കുന്നു.’ ഈ ട്വീറ്റിന് മറുപടിയായി എയർടെൽ അറിയിച്ചത് ഇങ്ങനെ, നിങ്ങളുടെ ആവശ്യപ്രകാരം ഗഗൻജോത് എന്ന പ്രതിനിധിയെ പരാതി പരിഹരിക്കാൻ നിർദ്ദേശിച്ചിരിക്കുന്നു.

രാജ്യത്തെ മുൻനിര ടെലികോം സേവനദാതാക്കളായ എയർടെല്ലിന്റെ ഭാഗത്തുനിന്നു ഇത്തരമൊരു നടപടി പ്രതീക്ഷിച്ചില്ലെന്നും കമ്പനി മാപ്പുപറയണമെന്നുമാണ് സോഷ്യല്‍ മീഡിയ പറയുന്നത്. ജമ്മു കശ്മീർ മുൻ മുഖ്യമന്ത്രി ഒമർ അബ്ദുള്ള രൂക്ഷമായ ഭാഷയിലാണ് എയർടെൽ നടപടിയെ വിമർശിച്ചത്. എന്നാൽ സംഭവം വിവാദമായതോടെ തിരുത്തലുമായി എയർടെൽ രംഗത്തെത്തി. 
 

Latest Videos
Follow Us:
Download App:
  • android
  • ios