പണിമുടക്കി വിൻഡോസ്! കമ്പ്യൂട്ടറുകൾ തനിയെ റീസ്റ്റാർട്ട് ആവുന്നു; ലോകം നിശ്ചലം, ഇന്ത്യയിലും ഗുരുതര പ്രശ്‌നം

ആഗോളവ്യാപകമായി ബാങ്കിംഗ്, ഐടി കമ്പനികളുടെ പ്രവര്‍ത്തനം താറുമാറായി, വ്യോമയാന സര്‍വ്വീസുകളും അവതാളത്തില്‍

Windows Systems Restarting and throwing Blue Screen Of Death

ന്യൂയോര്‍ക്ക്: മൈക്രോസോഫ്റ്റ് വിൻഡോസ് ഓപ്പറേറ്റിംഗ് സിസ്റ്റം ആഗോള വ്യാപകമായി സാങ്കേതിക പ്രശ്നം നേരിടുന്നു. കമ്പ്യൂട്ടറുകൾ തനിയെ റീസ്റ്റാർട്ട് ചെയ്യുകയും, സാങ്കേതിക പ്രശ്‌നമുണ്ടെന്ന് പറയുന്ന ബ്ലൂ സ്ക്രീൻ ഓഫ് ഡെത്ത് കാണിക്കുകയും ചെയ്യുന്നുവെന്ന് ലോകവ്യാപകമായി യൂസർമാർ പരാതിപ്പെടുകയാണ്. ലക്ഷക്കണക്കിന് വിന്‍ഡോസ് യൂസര്‍മാരെ ഈ പ്രശ്‌നം വലയ്‌ക്കുകയാണ് എന്നാണ് റിപ്പോര്‍ട്ട്. ഇന്ത്യയിലും വിന്‍ഡോസ് ഉപഭോക്താക്കള്‍ സങ്കീര്‍ണമായ പ്രശ്‌നം നേരിടുന്നതായി സാമൂഹ്യമാധ്യമങ്ങളിലെ പ്രതികരണങ്ങള്‍ വെളിവാക്കുന്നു.

മൈക്രോസോഫ്റ്റ് വിൻഡോസ് ഓപ്പറേറ്റിംഗ് സിസ്റ്റത്തിന്‍റെ സാങ്കേതിക പ്രശ്‌നം ബാങ്കുകളടക്കമുള്ള ധനകാര്യ സ്ഥാപനങ്ങളെയും വ്യോമയാന സർവ്വീസുകളെയും സാരമായി ബാധിച്ചിട്ടുണ്ട്. ആകാസ എയർ, ഇന്‍ഡിഗോ അടക്കം ഇന്ത്യൻ കമ്പനികളും പ്രതിസന്ധിയിലാണ്. വിമാന കമ്പനികളുടെ ഓണ്‍ലൈന്‍ ടിക്കറ്റ് ബുക്കിംഗ്, ചെക്ക്-ഇന്‍, ബോര്‍ഡിംഗ് പാസ് ആക്സസ് ഉള്‍പ്പടെയുള്ള സേവനങ്ങള്‍ അവതാളത്തിലായി. ബ്രിട്ടനിലെ സ്കൈ ന്യൂസ് ടിവി ചാനലിന് ഈ സാങ്കേതിക പ്രശ്നം മൂലം പ്രക്ഷേപണം നിർത്തിവയ്ക്കേണ്ടിവന്നു. വിൻഡോസിന് സുരക്ഷ സേവനങ്ങൾ നൽകുന്ന സൈബർ സെക്യൂരിറ്റി സ്ഥാപനമായ ക്രൗഡ്സ്ട്രൈക്കിന്‍റെ പ്രശ്നമാണ് വ്യാപക പ്രതിസന്ധിക്ക് കാരണം. ആഗോളമായി ബാധിക്കുന്ന പ്രശ്നം പരിഹരിക്കാൻ പരിശ്രമം തുടരുകയാണെന്നാണ് ക്രൗഡ്സ്ട്രൈക്ക് നല്‍കുന്ന വിശദീകരണം.

Read more: എഞ്ചിനീയറിംഗ് വിദ്യാര്‍ഥിയാണോ; മുഴുവന്‍ ഫീസും ലഭിക്കുന്ന എയര്‍ടെല്‍ സ്കോളര്‍ഷിപ്പിന് ഇപ്പോള്‍ അപേക്ഷിക്കാം

ഏഷ്യാനെറ്റ് ന്യൂസ് ലൈവ് യൂട്യൂബിൽ കാണാം

Latest Videos
Follow Us:
Download App:
  • android
  • ios