ഹാക്കർമാരെ സൂക്ഷിക്കുക, പണി വൈഫൈ വഴിയും വരും; മുന്നറിയിപ്പുമായി മൈക്രോസോഫ്റ്റ്
മാൽവെയറുകളിലേക്ക് നയിക്കുന്ന എന്തെങ്കിലും ലിങ്കുകൾ ക്ലിക്ക് ചെയ്യുക, ഫയലുകൾ തുറക്കുക പോലുള്ള കാര്യങ്ങൾ ഉപഭോക്താവ് ചെയ്യണം എന്നില്ല
വിൻഡോസ് കമ്പ്യൂട്ടറുകള്‍ പബ്ലിക് വൈഫൈയില്‍ കണക്ട് ചെയ്യുന്നതിലെ ഒരു പ്രശ്നം ചൂണ്ടിക്കാട്ടിയിരിക്കുകയാണ് മൈക്രോസോഫ്റ്റ്. സിവിഇ-2024-30078 എന്ന് പേരിട്ടിരിക്കുന്ന ഈ പ്രശ്‌നത്തിന്‍റെ തീവ്രതയ്ക്ക് പത്തിൽ 8.8 റേറ്റിങ് ആണ് കമ്പനി നൽകിയിരിക്കുന്നത്. ഒരു ഹാക്കറിന് സാങ്കേതിക പ്രശ്നം മുതലെടുത്ത്, പബ്ലിക് വൈഫൈയുമായി ബന്ധിപ്പിച്ച കമ്പ്യൂട്ടറിന്‍റെ നിയന്ത്രണം മറ്റൊരിടത്തിരുന്ന് കൈകാര്യം ചെയ്യാനാകും എന്നാണ് കണ്ടെത്തല്‍. ഹാക്കർ കമ്പ്യൂട്ടറിന്‍റെ സമീപത്ത് എവിടെയെങ്കിലും ഉണ്ടാകണമെന്ന് മാത്രം. വിൻഡോസ് ഓപ്പറേറ്റിങ് സിസ്റ്റത്തിൽ പ്രവർത്തിക്കുന്ന കമ്പ്യൂട്ടറുകളെയാണ് ഈ പ്രശ്നം ബാധിക്കുക.
സാധാരണ കാണപ്പെടുന്ന ഹാക്കിങ് രീതികളിൽ നിന്ന് വ്യത്യസ്തമായി ഉപഭോക്താവിന്‍റെ ഇടപെടലില്ലാതെ തന്നെ സാങ്കേതിക പിഴവ് മുതലെടുത്ത് കമ്പ്യൂട്ടറിന്‍റെ നിയന്ത്രണം കൈക്കലാക്കാനാകും. മാൽവെയറുകളിലേക്ക് നയിക്കുന്ന എന്തെങ്കിലും ലിങ്കുകൾ ക്ലിക്ക് ചെയ്യുക, ഫയലുകൾ തുറക്കുക പോലുള്ള കാര്യങ്ങൾ ഉപഭോക്താവ് ചെയ്യണം എന്നില്ല. കമ്പ്യൂട്ടറിന്‍റെ സെറ്റിങ്‌സിലേക്കും ഫയലുകളിലേക്കും പ്രവേശനം ലഭിക്കാൻ ഹാക്കറിന് പ്രത്യേകം അനുമതികൾ ലഭിക്കണം എന്നുമില്ല. ഹാക്ക് ചെയ്യാൻ ഉദ്ദേശിക്കുന്ന കമ്പ്യൂട്ടർ നിശ്ചിത അകലത്തിൽ ഉണ്ടായിരുന്നാൽ മാത്രം മതി.
ജൂണിൽ അവതരിപ്പിച്ച സുരക്ഷാ അപ്ഡേറ്റിൽ മൈക്രോസോഫ്റ്റ് ഈ പ്രശ്നത്തിനുള്ള പരിഹാരം ഉൾപ്പെടുത്തിയിട്ടുണ്ട്. നിങ്ങളുടേത് വിൻഡോസ് സുരക്ഷാ അപ്ഡേറ്റുകൾ ലഭിക്കുന്ന കമ്പ്യൂട്ടറാണെങ്കിൽ എത്രയും പെട്ടെന്ന് അപ്ഡേറ്റുകൾ ഇൻസ്റ്റാൾ ചെയ്യുക. ഏറ്റവും പുതിയ വിൻഡോസ് ഒഎസിലേക്ക് മാറുന്നതാണ് ഹാക്കർമാരിൽ നിന്ന് രക്ഷപ്പെടാനുള്ള എളുപ്പവഴി. അപ്‌ഡേറ്റുകൾ ലഭിക്കുന്നില്ലെങ്കിൽ എന്‍റ് പോയിന്റ് ഡിറ്റക്ഷൻ സംവിധാനങ്ങൾ ഉപയോഗിച്ച് പ്രശ്‌നങ്ങളും നിരീക്ഷിക്കാവുന്നതാണ്. സിവിഇ-2024-30078 പ്രശ്‌നം ഗുരുതരമാണെന്നും ഇത് ദുരുപയോഗം ചെയ്യാനുള്ള ടൂളുകൾ താമസിയാതെ തന്നെ പരസ്യമാക്കപ്പെടുമെന്നും റിപ്പോർട്ടുകൾ വന്നിരുന്നു. ഇത് പരിഹരിക്കാനായി എത്രയും വേഗം കമ്പ്യൂട്ടറുകൾ അപ്ഡേറ്റ് ചെയ്യുക.
Read more: ആകാശ എയറിന്‍റെ വിമാനത്തിലെ അറിയിപ്പുകള്‍ സംസ്‌കൃതത്തിലാണോ? വീഡിയോയുടെ വസ്‌തുത
ഏഷ്യാനെറ്റ് ന്യൂസ് ലൈവ് യൂട്യൂബിൽ കാണാം